അനിത്യമായതിനെ സമതയോടെ…വിപസ്സന്ന

വിപസ്സനയെ കുറിച്ച് ആദ്യം കേൾക്കുന്നത്, പല തരം ലഹരികളെ കുറിച്ചുള്ള ചർച്ചകൾക്കിടയിലെപ്പോഴോ ആണ്. ധ്യാനത്തേക്കാൾ വലിയ ലഹരി ഇല്ല എന്നാരോ പറഞ്ഞപ്പോൾ, താൻ എന്ത് തേങ്ങയാടോ പറയുന്നതെന്ന് ചോദിച്ച് തർക്കിച്ചതോർക്കുന്നു. പക്ഷെ പിന്നീട്, ഒരല്പം വെളിവോടെ ചിന്തിച്ചപ്പോൾ ആള് പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി. നമ്മൾ കേട്ടിട്ടുള്ള, കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള ഏതു ലഹരി വസ്തു ആയാലും, അത് പ്രവർത്തിക്കുന്നത് നമ്മുടെ തലച്ചോറിലാണ്. സന്തോഷമോ, ഉന്മാദമോ എന്ത് തന്നെ ആയാലും അത് ഉണ്ടാകുന്ന, അനുഭവപ്പെടുന്ന, ആ പോയിന്റ്, നമ്മുടെ ഉള്ളിലാണ്. ആ പോയിന്റിനെ ഉത്തേജിപ്പിക്കുക എന്നതാണ് ട്രിക്ക്. നമ്മുടെ ഉള്ളിലെ ഈ പോയിന്റിനെ ഒരു ബാഹ്യവസ്തുവിന്റെയും സഹായമില്ലാതെ ഉത്തേജിപ്പിക്കാൻ സാധിക്കുമെങ്കിൽ അതിലും വലിയ ഒരു സാധനയുണ്ടോ ? ‘സുഖമെന്ന’ അവസ്ഥ, ഏറ്റവും കുറഞ്ഞത് ‘അസുഖമല്ലാത്ത അവസ്ഥ’, അതിനു വേണ്ടി ആണല്ലോ, ഈ ഓട്ടമെല്ലാം.

വീണ്ടും വിപസന്ന എന്ന് കേൾക്കുന്നത് ജോലി സ്ഥലത്താണ്. മുൻകോപവും, എടുത്തു ചാട്ടവും ഒക്കെ നിയന്ത്രണത്തിൽ വരുത്താൻ വിപസന്ന പരിശീലിച്ചു നോക്കുന്നത് നന്നായിരിക്കും എന്ന് ഉപദേശിച്ചത് കമ്പനി മുതലാളി ആണ്. ആയിരത്തോളം ആളുകൾ ജോലി ചെയ്തിരുന്ന ഒരു കമ്പനിക്ക് മാനേജിങ് ഡയറക്ടർ ആയിരുന്ന ആളാണ്, സ്വയം ബാങ്കളൂരിലെ സെന്ററിൽ ഒരു വിപസ്സന്ന കോഴ്സ് പൂർത്തിയാക്കിയ ഗഡിയുമാണ്. പുള്ളിക്കാരൻ അത്ര കാര്യമായി പറഞ്ഞപ്പോൾ വിപസന്ന പരീക്ഷിക്കണം എന്ന് തോന്നിയെങ്കിലും, ‘വളയടി’ (തള്ളടി, ഗോസിപ്പടി എന്നർത്ഥത്തിൽ) ഫേവറിറ്റ് ആക്ടിവിറ്റി ആയ എന്നെ സംബന്ധിച്ചിടത്തോളം പത്തു ദിവസം, ആരോടും മിണ്ടാതെ… ഇറ്റ് ഈസ് ഇൻക്യൂറബിൾ ! അത് കൊണ്ട് തന്നെ ഒരുപാട് സമയം ഉണ്ടായിരുന്നിട്ടും വിപസ്സന്ന പരിശീലനം, അത് നീണ്ടു പോയ്കൊണ്ടേയിരുന്നു. പക്ഷെ കഴിഞ്ഞതിന്റെ മുന്നത്തെ മേയിൽ ഒഴിവാക്കാൻ ആകാത്ത ചില നിർബന്ധങ്ങൾക്ക് വഴങ്ങി ചെങ്ങന്നൂരുള്ള വിപസന്ന കേന്ദ്രത്തിൽ എത്തി.

രജിസ്‌ട്രേഷൻ ദിവസം
വൈകുന്നേരം നാല് മണിയോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അഞ്ചു മണിയായപ്പോൾ ഭക്ഷണത്തിനു വിളി വന്നു. വല്യ താല്പര്യം കാണിക്കാണ്ടെ നിക്കുമ്പോളുണ്ട് കേൾക്കുന്നു, അത്താഴമാണിത്. ഇത് കഴിഞ്ഞാൽ ഇന്നിനി ഭക്ഷണം ഇല്ല’. ജാഡ വെടിഞ്ഞു, തീൻമുറിയിലെത്തി. ഉപ്പുമാവും, പഴവും, ചായയും. നല്ല വിശപ്പ് ഉണ്ടായിരുന്ന കാരണമാവാം, മുട്ടൻ ടേസ്റ്റ് ! ഭക്ഷണം കഴിഞ്ഞ് മുറ്റത്തു ഉലാത്തുമ്പോൾ അടുത്ത വിളി വന്നു. വിപസ്സന്ന പരിശീലിക്കാൻ എത്തിയ ആളുകളെ എല്ലാം വിളിച്ചു വരുത്തി, ഒരു മീറ്റിങ്. എന്തൊക്കെ ചെയ്യാം, എന്നതിനേക്കാൾ എന്തൊക്കെ ചെയ്യരുത് എന്നതിനെ പറ്റിയാരുന്നു ചർച്ച. ചെയ്യാനുള്ളത് ധ്യാനം മാത്രമാണ് !

ഒന്നാം ദിവസം
തുടർച്ചയായുള്ള മണിയടി ശബ്ദം കേട്ട് ഞെട്ടി എണീറ്റു. സമയം നാല്. മണിയടി നിന്ന് കഴിഞ്ഞപ്പോൾ വീണ്ടും കിടന്നു. അപ്പൊ ദാണ്ടെ മുറിക്കു അകത്തു വന്നു മണിയടിക്കുന്നു. എണീക്കാണ്ടെ രക്ഷയില്ല. കുളിച്ചൊരുങ്ങി നാല് മുപ്പതിന് ധ്യാന ഹാളിൽ എത്തി. നാലര മുതൽ ആറര വരെ ധ്യാനം. അത് കഴിഞ്ഞപ്പോൾ പ്രാതൽ. ഇരയെടുത്തു കഴിഞ്ഞ് എട്ടു വരെ വിശ്രമം. ഈ വിശ്രമം എന്ന് പറയുമ്പോൾ ശരിക്കുള്ള വിശ്രമം. ടീ.വി, കംപ്യുട്ടർ, ഫോൺ, പത്രം ഇതൊന്നും ഇല്ല. മറ്റുള്ളവരോട് സംസാരിക്കാനും പറ്റില്ല. കണ്ണുകൾ കൊണ്ട് പോലും ആശയവിനിമയം പാടില്ലത്രേ. ആലോചന തന്നെ ആലോചന. എട്ടു മുതൽ പതിനൊന്നര വരെ വീണ്ടും ധ്യാനം. പിന്നെ ഉച്ചയൂണ്. ഊണ് കഴിഞ്ഞ് ഒരു മണി വരെ വിശ്രമം. ഒന്ന് മുതൽ വീണ്ടും ധ്യാനം. കട്ട ധ്യാനം ! അഞ്ചിന് അത്താഴം, ആറു വരെ വിശ്രമം. ആറു മുതൽ ഏഴ് വരെ വീണ്ടും ധ്യാനം. ഏഴു മുതൽ എട്ടര വരെ ‘ഗുരുജി ഗോയങ്കയുടെ’ പ്രാഭാഷണം. എട്ടര മുതൽ ഒൻപതു വരെ വീണ്ടും ധ്യാനം. ഒൻപതു മുതൽ ഒൻപതര വരെ സംശയങ്ങൾ ചോദിക്കാനുള്ള സമയം. ഉറക്കം തോന്നിത്തുടങ്ങിയവർക്കു ഒൻപതിന് തന്നെ അന്തപുരത്തിലേക്കു പോകാം. പക്ഷെ, ഞാൻ പോയോ ? ഇല്ല. ധ്യാന ഹാളിൽ കുത്തിയിരുന്ന് കോ-മെഡിറ്റേറ്റേഴ്സ്ൻറെ സംശയങ്ങളും ഗുരുജിയുടെ ഉത്തരങ്ങളും മൊത്തം കേട്ട ശേഷമേ നോം അന്തപുരത്തിലേക്കു എഴുന്നുള്ളിയുള്ളു.

രണ്ടാം ദിവസം
രാവിലെ/രാത്രി, മൂന്നു മണിക്ക് തന്നെ ഉറക്കം പോയി. നാല് മണിയുടെ ബെൽ കാത്തു കിടപ്പാണ്. ഒരുപാട് ചിന്തകൾ മനസിലൂടെ കടന്നു പോകുന്നു. പ്രധാനമായും മണ്ടത്തരം ആയല്ലോ കാണിച്ചത് എന്ന തോന്നൽ. ഇനിയുള്ള ഒൻപതു ദിവസങ്ങൾ എങ്ങിനെ തള്ളി നീക്കും, അല്ലെങ്കിൽ തന്നെ എന്തിനു ? അങ്ങിനെ ഒരുപാട് ചിന്തകൾ. നാലിന്റെ ബെല്ല് മുതൽ വൈകുന്നേരം ആറിന്റെ ധ്യാനം വരെ എല്ലാം, തലേന്ന് സംഭവിച്ചിന്റെ ഡിറ്റോ. വൈകുന്നേരത്തെ പ്രഭാഷണത്തിൽ ഗുരുജി ഗോയെങ്കെ പറയുന്നു. നിങ്ങളുടെ മനസിനു മേൽ അതിസങ്കീർണമായ ഒരു ശസ്‌ത്രക്രിയ ആണ് നടന്നു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിൽ എത്തുമ്പോൾ ചിലപ്പോൾ അസഹനീയമായി അനുഭവപ്പെടാം. പക്ഷെ പേടിക്കണ്ട കാര്യമില്ല, പത്താം ദിവസം ഈ മുറിവ് ഉണക്കുന്ന ഒരു സൂതിങ് ബാം, ‘മൈത്രീ ധ്യാനം’ ഗുരുജി നമുക്ക് പകർന്നു തരും. രണ്ടും, ആറും ദിവസങ്ങൾ ആണ് ഏറ്റവും കഠിനമായതു. ഏറ്റവും കൂടുതൽ ആളുകൾ വിപസ്സന മുടക്കുന്നതും ഈ ദിവസങ്ങളിൽ ആണ്. ആദ്യത്തെ കടമ്പ കഴിഞ്ഞിരിക്കുന്നു. ഓം അമി ദേവ ഹ്രിഹ്…

മൂന്നാം ദിവസം
മൂന്ന് മണിയോട് അടുത്ത് ഉറക്കം ഉണർന്നു. വീണ്ടും ചിന്തകൾ. വ്യാകുലതകൾ. എന്തിനീ സ്വയംപീഡ ? അതി ഭയങ്കരമായ മണ്ടത്തരം ആണല്ലോ കാണിച്ചത് എന്ന തോന്നൽ. ഇറങ്ങി ഓടാൻ മനസ്സ് ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ഇന്ന് ഇവിടുന്നു ഒളിച്ചോടിയാൽ അത് ഇനിയുള്ള ജീവിതത്തെ തന്നെ ബാധിക്കാൻ സാധ്യത ഉണ്ടെന്ന പേടി. പക്ഷെ, ഉച്ചയ്ക്കലത്തെ ധ്യാനത്തിനിടയിൽ ഒരു അത്ഭുതം സംഭവിക്കുന്നു. അവാച്യമായ ഒരു അനുഭൂതി. തനിയെ പുഞ്ചിരിച്ചു പോയി. സുഖം എന്ന് പറയാമോ എന്നറിയില്ല. പക്ഷെ അതിസുന്ദരമായ ഒരവസ്ഥ. എത്ര നേരം എന്നറിയില്ല. ചിലപ്പോൾ നിമിഷങ്ങൾ മാത്രമായിരുന്നിരിക്കാം, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്നാൽ വീണ്ടും കിട്ടാൻ കൊതിക്കുന്ന ഒരവസ്ഥ. ചിലപ്പോൾ നേരാംവണ്ണം ശ്വാസോച്ചാസം ചെയ്യാത്തത് കൊണ്ട് പറ്റിയ അബദ്ധവുമാകാം. എന്തായാലും ധ്യാനം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വൈകുന്നേരത്തെ പ്രഭാഷണത്തിൽ ഗുരുജി ഗോയെങ്കെ പറയുന്നു. ഇത് വരെ കഴിഞ്ഞത് ഒരു പരിശീലനം ആണ്. വിപസ്സന ഉൾക്കൊള്ളാൻ വിധം മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന ഒരു പരിശീലനം. നാലാം ദിവസമായ നാളെ മുതൽ ആണ് വിപസ്സന പരിശീലിച്ചു തുടങ്ങുന്നത്. അപ്പൊ ശരിക്കുള്ള ധ്യാനം വരാൻ പോകുന്നതേ ഉള്ളോ ? ഇത് ‘പൊളിക്കും !

നാലാം ദിവസം
കഴിഞ്ഞ ദിവസങ്ങൾ പോലെയല്ല. വിപസ്സന സൂത്രത്തെ കുറിച്ച് ആലോചിച്ചു പ്രതീക്ഷയോടെയാണ് ഉറക്കം എണീക്കുന്നതു. പത്തു മണിയോടെ വിപസ്സന സൂത്രം ഗുരുജി ഗോയെങ്കെ വിശദീകരിക്കുന്നു. ‘സമത’ അതാണ് കീവേഡ്. സുഖത്തെയും ദുഃഖത്തെയും ഒരു പോലെ നേരിടാൻ ഉള്ള പരിശീലനം. ജാഗ്രത മൊത്തം നാസികയ്ക്കു താഴെയുള്ള ത്രികോണ ഭാഗത്തിൽ കേന്ദ്രീകരിച്ചു കൊണ്ട് പരിശീലനം തുടങ്ങുന്നു. ഓം തരേ തുത്തരേ തുരേ സോഹ…

അഞ്ചാം ദിവസം
ശരീരത്തിലെ ചെറിയൊരു ഭാഗത്തു ശ്രെദ്ധ കേന്ദ്രീകരിച്ചായിരുന്നു തലേന്നത്തെ പരിശീലനമെങ്കിൽ ഇന്നത് ശരീരം മുഴുവനും വ്യാപിപ്പിക്കാനാണ് ഗുരുജിയുടെ നിർദേശം. അതിനോടൊപ്പം ‘അധിഷ്ഠാനം’ പരിശീലിക്കണം. ഇവിടെ അധിഷ്ഠാനം എന്നുദ്ദേശിക്കുന്നതു ഇച്‌ഛാശക്തിയെ ആണ്. ധ്യാനം തുടങ്ങുമ്പോൾ സ്വീകരിക്കുന്ന പൊസിഷൻ എത്ര നേരം തുടരാൻ സാധിക്കുമോ, അത്രെയും നല്ലതു. ഒരു മണിക്കൂർ ആണ് ടാർഗറ്റ്. ഓരോ അഞ്ചു മിനിട്ടിലും ഇരിപ്പിന്റെ പൊസിഷൻ മാറ്റുന്ന എന്നെ സംബന്ധിച്ച് അതികഠിനമായ ടാസ്ക്. ബട്ട്, അറിയാല്ലോ, ആം എ ഫൈറ്റർ 🙂

ആറാം ദിവസം
ഈ അധിഷ്ഠാനം ഉണ്ടല്ലോ അധിഷ്ഠാനം, അത്ര എളുപ്പല്ല !
മൂന്നാം ദിവസം കിട്ടിയ ആ അവാച്യമായ അനുഭവം, അല്ലെങ്കിൽ അതിലും സുന്ദരമായ ഒന്നിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്, അഥവാ ശ്രെമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇത് മുൻകൂട്ടി അറിഞ്ഞു വച്ചതെന്ന പോലെ ഗുരുജി പറയുന്നു, ശരീരത്തിലെ ഓരോ ബിന്ദുവിനെയും നിരീക്ഷിക്കുക, നിരീക്ഷിക്ക മാത്രം ചെയ്യുക. സമത, സമത, സമത… വൈകുന്നേരത്തെ പ്രഭാഷണത്തിൽ ഗുരുജി ഗോയെങ്കെ ഓർമിപ്പിക്കുന്നു, ‘ഇത് ആറാം ദിനമാണ്, അതായത് നിങ്ങൾ രണ്ടാമത്തെ കടമ്പയും കടന്നിരിക്കുന്നു’. ഞാള് അത്ര ചെര്യ പുള്ളിയല്ലാന്നു. യേത് 😉

ഏഴാം ദിവസം
വിപസ്സന്ന, വിപസന്ന മാത്രം ! വൈകുന്നേരത്തെ പ്രഭാഷണത്തിൽ ഗുരുജി ഗോയെങ്കെ പറയുന്നു. ഗൗരവമായി പരിശീലിക്കാൻ രണ്ടു ദിവസങ്ങൾ കൂടിയുണ്ട്. കാരണം പത്താം ദിനം രാവിലെ ‘മൈത്രി ധ്യാനം’ അഥവാ ‘മെത്ത ഭാവന’ പരിശീലിച്ച ശേഷം എല്ലാർവർക്കും സംസാരിച്ചു തുടങ്ങാം. സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ ധ്യാനമൊക്കെ കണക്കായിരിക്കുമെന്നു ഗുരുജിക്ക്‌ അറിയാം. ഗുരുജി ഗോയങ്കെ പറയുന്നു, വിപസ്സനയ്ക്കും മുകളിൽ ആണ് മൈത്രി ധ്യാനമെന്നു. വിപസ്സന്ന പരിശീലനം മജാ പിടിച്ചു വരുമ്പോൾ, ദാണ്ടെ മുന്തിയ ഐറ്റം വേറേം ഉണ്ടെന്നു. യാ ഖുദാ…

എട്ടാം ദിവസം
അധിഷ്ഠാനത്തിന്റെ ദൈർഖ്യം കൂടി വരുന്നു. നാല്പതു, അമ്പതു മിനിറ്റുകൾ വരെ ഒരേ പൊസിഷനിൽ തുടരാൻ സാധിക്കുന്നു. വൈകുന്നേരത്തെ പ്രഭാഷണം ബോറായി തുടങ്ങിയിരിക്കുന്നു. സംഭാവനയുടെ മഹത്വത്തെ കുറിച്ചാണ് ഭാഷണം മുഴുവനും. ഓം വജ്രപാണി ഹും…

ഒൻപതാം ദിവസം
അധിഷ്ഠാനത്തിന്റെ ദൈർഖ്യം മാത്രമല്ല, സ്വന്തം ശരീരത്തിൽ ഏതൊരു പോയിന്റിലും ഉള്ള ഏതൊരു സെൻസേഷനും തിരിച്ചറിയാൻ പറ്റുന്ന അളവിലേക്കു ഏകാഗ്രതയും വർധിച്ചിരിക്കുന്നു. ‘ചില സെൻസേഷനുകൾ ആസ്വാദ്യകരമായി അനുഭവപ്പെടാം, പക്ഷെ അനുഭൂതികളിൽ മയങ്ങി പോകരുതെന്ന്’ ഗുരുജി പറഞ്ഞത് ഓർമയുണ്ടെങ്കിലും പലപ്പോഴും അറിഞ്ഞു കൊണ്ട് തന്നെ സുന്ദരമായ അനുഭൂതികൾ ആഗ്രഹിക്കുന്നു. ഇമ്പ്രോവൈസേഷൻ ചെയ്തു കാര്യങ്ങൾ കൊളമാക്കുന്നതു ശീലമായതു കൊണ്ട് തന്നെ വിപസ്സന്നയുടെ എല്ലാ സാധ്യതകളെയും പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതപെടുത്തുന്ന കാര്യം, ഗുരുജിയുടെ പ്രഭാഷണത്തിന് ആദ്യ ദിവസങ്ങളിലെ ഊർജ്ജമില്ല. ചിലപ്പോൾ എന്റെ തോന്നലാകാം.

പത്താം ദിവസം
പതിവിലും ഉത്‍സാഹത്തോടെ ആണ് ഉറക്കം ഉണർന്നത്. സ്വയം നിയന്ത്രിച്ച്, അടങ്ങിയൊതുങ്ങി പത്തു ദിവസം ഒരിടത്തു ഇരിക്കാൻ കഴിഞ്ഞു എന്നതിനാൽ ഒരു ‘സെൻസ് ഓഫ് അച്ചീവമെന്റ്’ ഫീൽ ചെയ്യുന്നുണ്ട്. സന്തോഷത്തിനു വേറെയും കാരണമുണ്ട്. ഗുരുജി പറഞ്ഞ ആ ‘സൂതിങ് ബാം’, ‘മൈത്രി ധ്യാനം’ ഇന്നാണ് പരിശീലിക്കുന്നത്. നാല് മുതൽ ഒൻപതു വരെ പതിവുകൾക്കു മാറ്റമുണ്ടായിരുന്നില്ല. ഒൻപതിന് മൈത്രി ധ്യാനം അഭ്യസിച്ചു തുടങ്ങി. കുറച്ചു ദിവസങ്ങളായി മാരക ഹൈപ്പ് കൊടുത്തു വൻ ബിൽഡ് അപ്പ് ഉണ്ടാക്കിയിട്ട്, ആ ലെവലിലേക്കു എത്തിയില്ല എന്നത് കൊണ്ടാവാം മൈത്രി ധ്യാനം എനിക്കത്ര ബോധിച്ചില്ല. അതെന്തു തന്നെയായാലും മെത്തഭാവന പരിശീലിച്ച ശേഷം പത്തു ദിവസത്തെ മൗനവ്രതം ഭഞ്ജിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി, ആർത്തിയോടെ. അടുത്ത് കണ്ടവരോടെല്ലാം അങ്ങോട്ട് കേറി മിണ്ടി. സ്വദേശികളും, വിദേശികളും ആയ കോ-മെഡിറ്റേറ്റേഴ്സും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെ ആയിരുന്നു. അതിനു ശേഷം ഇന്റ്ററസ്റ്റിംഗ് ആയി ഒരു സെഷൻ കൂടിയേ ഉണ്ടായിരുന്നുള്ളു. ഒരത്യുഗ്രൻ ഊണ്, പായസവും കൂട്ടി. പിന്നങ്ങോട്ട് വിഡിയോ പ്രദർശനം, സംഭാവന പിരിക്കൽ, ബുക്ക് വില്പന തുടങ്ങിയുള്ള ബോറൻ പരിപാടികളുടെ മടുപ്പു ബാധിച്ചപ്പോൾ ഗുരുവിനോട് അനുവാദം വാങ്ങി കളർകോടിനു തിരിച്ചു. ഓം മണി പദ്മേ ഹും…

എന്തു പ്രശ്നവും പരിഹരിക്കുന്ന മായാവിയുടെ മന്ത്രവടിയാണ് വിപസ്സന്ന എന്ന് കരുതിയാണ് ഞാൻ ചെങ്ങന്നൂർക്കു വണ്ടി കേറിയത്. പത്തു ദിവസം വേണ്ടി വന്നു, അങ്ങിനെ ഒരു വടി വേറെ എവിടേയും തപ്പേണ്ടതില്ലായെന്നും, ആ വടി നമ്മളുടെ ശീലങ്ങൾ തന്നെ ആണെന്നും മനസിലാക്കാൻ. പത്തു ദിവസത്തെ ധ്യാനം കൊണ്ട് സ്വാഭാവത്തിലും, ജീവിതത്തിലും എന്ത് മാറ്റമാണുണ്ടായതെന്നു ചോദിച്ചാൽ, വല്യക്കാട്ടെ മാറ്റമൊന്നും ഉണ്ടായില്ല എന്നതാണ് സത്യം. പക്ഷെ, ചില കാഴ്ചപാടുകൾ മാറി. ‘ഞാൻ’ അഥവാ, നമ്മളില്ലേലും ഈ ലോകത്തു കാര്യങ്ങളൊക്കെ ഓടിക്കൊണ്ടിരിക്കും എന്നത് നേരത്തെ അറിയാമെങ്കിലും, ഇപ്പോൾ അനുഭവിച്ചറിഞ്ഞു. മറ്റൊന്ന്, നമ്മുടെ ഭക്ഷണ രീതി, പ്രെത്യേകിച്ചു തെക്കേ ഇൻഡ്യാക്കാരുടേതു, അത്ര നല്ലതല്ല എന്ന് മനസിലായി. ഉച്ചയൂണ് കഴിഞ്ഞുള്ള ധ്യാനഹാളിൽ പലപ്പോഴും തൃപ്‍തിയുടെ അടയാളമായ ഏമ്പക്കം, ഉറക്കെയുള്ള കൂർക്കം വലികൾ തുടങ്ങിയ അരോചകമായ ശബ്ദങ്ങൾ കേട്ട് കൊണ്ടേയിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഞാനും ഈ ശബ്ദ കോലാഹലങ്ങളിൽ പങ്കെടുത്തിരുന്നു. ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കുന്നതിന്റെ ഫലമായാണ് ഈ അസ്വസ്ഥത എന്ന് മനസിലായപ്പോൾ, ഭക്ഷണം നിയന്ത്രിച്ചു. വിശപ്പ് അകറ്റാൻ അല്ലെങ്കിൽ രുചിക്കു വേണ്ടി എന്നതിന്റെ അപ്പുറത്തേക്ക്, കുറേയധികം ചോറ്, പല കറികളുമായി അകത്താക്കുക എന്നതാണ് നമ്മളിൽ പലരുടെയും ഭക്ഷണ രീതി. കുറേശ്ശെയായി, ആ രീതിക്കു മാറ്റം വരുത്താൻ ശ്രെമിക്കുന്നു, ശ്രെമിച്ചു കൊണ്ടേയിരിക്കുന്നു. പിന്നൊന്ന്, ഫോണും, ലാപ്ടോപ്പും മറ്റു കിടുതാപ്പുകളും മാറ്റി വച്ച് ഇടയ്ക്കൊക്കെ പറമ്പിലോട്ടൊന്നു ഇറങ്ങി ചുറ്റി നടന്നാൽ, സുന്ദരമായ പല കാഴ്ചകളും കാണാനും ആസ്വദിക്കാനും ഉണ്ടെന്ന തിരിച്ചറിവ്‌. മാരത്തൺ ധ്യാനത്തിനിടയിലെ വേളകൾ, പല ജാതി ഷഡ്പദങ്ങളെയും അവയുൾപ്പെടുന്ന പ്രെകൃതിയെയും നിരീക്ഷിക്കാനാണ് ചിലവഴിച്ചിരുന്നത്. രാത്രിമഴ കഴിഞ്ഞുള്ള സൂര്യോദയം ഒരു ചിന്ന ചിലന്തിവലയിലൂടെ കണ്ടു നോക്കണം ബ്രോ, എന്ത് ഫീലാണെന്നോ 🙂

ഇപ്പറഞ്ഞതെല്ലാം ധ്യാനകേന്ദ്രത്തിലെ എൻറെ മാത്രം അനുഭവവും, ചിന്തകളുമാണ്. അവിടെ പാലിക്കേണ്ടിയിരുന്ന ചില അടിസ്ഥാന മര്യാദകൾ, ശീലങ്ങൾ പാലിക്കാത്തതു കൊണ്ട് തന്നെ വിപസ്സന്നയുടെ ശരിയായ രീതിയുള്ള ഫലം എനിക്ക് കിട്ടിയിരിക്കാൻ സാധ്യതയില്ല. ഗുരുജി ഗോയെങ്കെ പറഞ്ഞു തരുന്ന രീതിയിൽ, അച്ചടക്കത്തിൽ, ചിട്ടയോടെ വിപസ്സന്ന പരിശീലിക്കുന്നവർക്കു നിരാശപ്പെടേണ്ടി വരില്ല, തീർച്ച !

Advertisements