ചെറുക്കന്‍സ് : ഒളിച്ചോട്ടോ

T.S 345 ഇൽ നിന്നിറങ്ങുമ്പോൾ ചെറുക്കൻ മനസ്സിലോർത്തു, ഉഗ്രൻ മദ്ധ്യാഹ്നം, അത്യുഗ്രൻ ഊണ്. പുഞ്ചയരി ചോറും, കൊഴുത്ത സാമ്പാറും, മാങ്ങാച്ചാറും, ചൂര കറീം, ചീര തോരനും, മോരും. ക്ളീൻ സ്വീപ് ! ഇല കളയണ്ടാന്നാണ് പുക്കാണ്ണൻ പറഞ്ഞത്. ഷാപ്പിലെ ഊണിനെ വെല്ലാൻ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഫുൾ കോഴ്സ് ഡിന്നർ വേറെ ജനിക്കണം. ഊണ് തൃപ്തി ആയാൽ, രണ്ടു പൊക. അത് കുട്ടിക്കാലം മുതൽക്കേ ഉള്ള ശീലാ. ചെറുക്കൻസ് അടുത്ത കണ്ട പെട്ടി കടയിലേക്ക് നടന്നു.

” ചേട്ടായി, ഒരു പാക്കറ്റ് കിങ്‌സ് ! ”

ചുണ്ടിലേക്കു വച്ച് തീ പിടിപ്പിച്ചില്ല, പോക്കറ്റിൽ കിടന്ന സെൽഫോൺ, ‘കോകിലമേ നീ കുറൾ കൊടുത്താൽ നാൻ…’ പാടിത്തുടങ്ങി. അവളുടെ വിളി ആണ്. പുകയെടുക്കാഞ്ഞത് ഭാഗ്യം. ശബ്ദം കേട്ട് പോലും തിരിച്ചറിഞ്ഞു കളയും. ഇമ്മാതിരി പ്രശ്നങ്ങൾ ഗഹിക്കുന്ന കാര്യത്തിൽ ഹോംസിന്റെ പിൻമുറക്കാരിയാണവൾ. മുൻകോപിയാണെങ്കിലും ശുദ്ധമനസ്സാ. ചില അലവലാതി പിള്ളേരുടെ വാശി ഉണ്ടെങ്കിലും നല്ല ക്യാഷാണ്. ഐഡിയൽ മല്ലു ഗേൾ ! അവളെ പിണക്കാൻ സാധിക്കില്ല. ശടേന്ന് ഫോൺ എടുത്തു.

” ടെൽ മീ ഡിയർ. ഭവതിയെ കുറിച്ച് ഇപ്പൊ ഓർത്തതെ ഉള്ളു ”

” ശരിക്കും ? ”

” സത്യമായും. കായൽക്കര, കാറ്റ്…അങ്ങോട്ട് വിളിക്കാൻ തുടങ്ങുവാരുന്നു. ”

” എനിക്ക് കാണണം. ഉടൻ ! ”

” അടിയൻ. എവിടെ വരണമെന്ന് കല്പിച്ചാലും ”

” കളിയാക്കണ്ട. സ്ഥലം നീ പറയ് ”

” സ്ഥിരം സ്ഥലം, മാവിൻ ചോട് ? ”

” ഒരു മണിക്കൂർ ? ”

” ഡൺ ”

ഫോൺ കട്ടായി. ചെറുക്കൻ നേരെ വണ്ടിയിൽ കയറി. കിങ്‌സിന്റെ പേക്ക് എടുത്തു വണ്ടിയുടെ ഡാഷിലെ ബോക്സിലിട്ടു. വണ്ടി നേരെ നഗര ചത്വരത്തിലേക്കു പായിച്ചു. കൃത്യം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അവളെത്തി.

സംഭവം സീരിയസാണ്. കണ്ണ് കലങ്ങിയിരിക്കുന്നു. കരഞ്ഞ മട്ടുണ്ട്. പെൺരത്‌നം കൂടുതൽ സുന്ദരിയായിരിക്കുന്നു. കയ്യിലൊരു എയർബാഗുണ്ടല്ലോ ? എനിക്ക് തരാൻ അവില് വിളയിച്ചതോ, അവലൂസ്‌ പൊടിയോ കൊണ്ടു വന്നതാകും, ചെറുക്കൻസ് മനസ്സിലോർത്തു

” എന്താ, എന്ത് പറ്റി ഡിയർ ? കരഞ്ഞോ നീ ? ”

” മടുത്തു ഈ ജീവിതം ”

” നെഞ്ച് കലങ്ങണ വർത്താനം പറയാതെ മുത്തേ. നീ കാര്യം പറ ”

” ഇനി ആ വീട്ടിലേക്കു ഞാൻ പോകില്ല. എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോ…”

(ഗോഡ് ! കളി കാര്യായോ ? എങ്ങോട്ടു കൊണ്ടോകാൻ ? എന്നെ തന്നെ വീട്ടിൽ കയറ്റാറില്ല. പിന്നെയാണ് പെണ്ണൊരുത്തിയെ വിളിച്ചോണ്ട് ചെന്നാൽ. അല്ല എന്താവും കാര്യം ?, ചെറുക്കൻസ് അംഗോഷ് ആയി)

” നീ ഒന്ന് സമാധാനിക്കു കുട്ടീ ”

” നീ എപ്പോഴും പറയാറില്ലേ, ഭൂമിയുടെ ഏതേലും ഒരു കോണിൽ പോയി ആരുടേം ശല്യമില്ലാതെ, നമുക്ക് സ്വസ്ഥമായി ജീവിക്കാന്ന് “, പെൺരത്‌നം ചെറുക്കനെ റിമൈൻഡ് ചെയ്തു.

(ഞാൻ അങ്ങിനെ പറഞ്ഞാരുന്നോ ? പറഞ്ഞെങ്കിൽ തന്നെ, ഇവൾ ഇതൊക്കെ കാര്യമായി എടുക്കേണ്ട കാര്യമുണ്ടോ. ഭൂമി ഉരുണ്ടതാണെന്നും, അതിനു കോണും, കോർണറുമൊന്നുമില്ലെന്നു ഇവൾക്കറിയില്ലേ ? കാല്പനികതയെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ഇഡിയറ്റ് !, ചെറുക്കൻസ് ഡിസ്റ്റബഡ് ആയി)

” അതിനെന്താ, ഡാർലിംഗ് , നമുക്ക് പോകാല്ലോ. പക്ഷെ സുഖായി ജീവിക്കാൻ പണം വേണ്ടേ ? അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ ആയിട്ട് നമുക്ക് പോകാം ”

” പറ്റില്ല. ഉടൻ പോണം. എന്തായാലും ആ നശിച്ച വീട്ടിലേക്കു ഞാൻ ഇല്ല. ”

” വീട്ടിൽ പോകാതെ പിന്നെങ്ങനാ ? ”

” എന്നെ കൊണ്ടൊണോ, ഇല്ലയോ. ഇപ്പൊ അറിയണം ”

” ഇപ്പൊ തന്നെ പോണോ ? ”

” ങാ വേണം ! ”

” പോകാം കുട്ടീ. നമക്ക് പോകാം. നീ ഒന്ന് അടങ്. ഞാൻ ഒന്നാലോചിക്കട്ടെ ”

എന്താലോചിക്കാൻ ? എങ്ങോട്ടു പോകാൻ ? പോയിട്ട് എന്താക്കാൻ ? ഇവളെ ഇവിടെ നിർത്തിയെച്ചു എങ്ങോട്ടെങ്കിലും ഓടിയാലോ ? നോ. അത് ആൺപിള്ളേർക്കു ചേർന്ന പണിയല്ല. പൊട്ടിക്കാളിയെ അനുനയിപ്പിക്കാൻ ശ്രെമിക്ക അല്ലാതെ മറ്റു മാർഗമില്ല, ചെറുക്കൻസ് കൂടുതൽ റൊമാന്റിക് ആകാൻ തീരുമാനിച്ചു

” ചുന്ദരി കുട്ടീ, ടുട്ടുടുമണീ…ഞാൻ പറയുന്നതൊന്നു കേൾക്ക് ”

” എനിക്ക് ഒന്നും കേൾക്കണ്ട. എന്നെ കൊണ്ട് പോകുന്നോ, ഇല്ലയോ ? പറ്റില്ലെങ്കിൽ പറഞ്ഞാ മതി. ഞാൻ എവിടേലും പോയി ചത്തോളാം ”

ഗോഡ്. ചാകാനോ ? ഐപിസി, സെക്ഷൻ 309 ! ചെറുക്കന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി

” ചാകാനോ ? എന്തിനു ? നീ വന്നു വണ്ടീൽ കേറിയേ. വാ. നമുക്ക് പോകാം ”

മുൻപ് ഒളിച്ചോടി പരിചയമില്ലാത്ത കൊണ്ട് എങ്ങോട്ടു പോകണമെന്ന് ഒരു രൂപവുമില്ല. ദൂരയാത്ര പോയിട്ടുള്ളതെല്ലാം വടക്കോട്ടു ആയതു കൊണ്ട്, ചെറുക്കൻസ് പരാതിക്കാരിയേം കേറ്റി വണ്ടി വടക്കോട്ടെടുത്തു.

പെട്ടെന്ന് ഇങ്ങനെ തോന്നാൻ എന്താവും കാര്യം ? കല്യാണാലോചന വല്ലതും ആയിരിക്കണം. അങ്ങിനെ ആണെങ്കിൽ തെറ്റ് പറയാൻ സാധിക്കില്ല. നീചകുലജാതനായ, നിരക്ഷരകുക്ഷിയായ എന്റെ പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞവൾ ! മഹിളാരത്‌നം ! അവളെ കൈ വിടരുത്, ചെറുക്കൻസ് മനസ്സിലോർത്തു

ഏകദേശം 20 കിലോമീറ്റർ ഓടി കാണണം. വണ്ടി ഒന്ന് കിതച്ചു. ചെറുങ്ങനെ മുരണ്ടു. വീണ്ടും ഒന്നൂടി കിതച്ചു. ഡിം ! ഇന്ധനം തീർന്നിരിക്കുന്നു. ഇനി എണ്ണ കിട്ടണേൽ 6,7 കിലോമീറ്റർ ദൂരം പോണം.

” എന്താ പറ്റിയെ ? ”

” എണ്ണ തീർന്നു ”

” തീർന്നാ ? അയ്യോ ! ഇനി എന്ത് ചെയ്യും ? ”

” നീ ഒന്ന് അടങ്ങു പെണ്ണെ. ഞാനൊന്നാലോചിക്കട്ടെ ”

വണ്ടി ഇവിടെ ഇട്ടേച്ചു കുട്ടിയേം കൂട്ടീ, എണ്ണ മേടിക്കാൻ പോകണോ ? അതോ കുട്ടിയെ ഇവിടെ നിർത്തീട്ടു ഒറ്റയ്ക്ക് പോയി എണ്ണ മേടിച്ചിട്ടു വരണോ ? ഇയ്യിടെയായി സദാചാര കമ്മിറ്റിക്കാരുടെ സ്‌ക്വാഡ് 24,7 ഡ്യുട്ടി ആണ്. ഇനി എണ്ണ വാങ്ങി വന്നാലും ഈ വണ്ടീൽ ഒരുപാടും ദൂരം പോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഗുഡലജാരയുടെ ബോർഡർ കടക്കണേനു മുൻപ് തന്നെ കോപ്സ് കൈ കാണിച്ചു തുടങ്ങും. ഒരു ടാക്സി വിളിക്കാം. പക്ഷെ അറിയാവുന്ന ആൾ വേണം. പക്ഷെ ആരെയാ വിളിക്കുന്നെ ? ചെറുക്കൻസ് തല പുകച്ചു. ഫ്ലിക്കോ ! ഒറ്റബുദ്ധിയാണേലും സ്നേഹമുള്ളവനാ, ഇത്തരം കേസൊക്കെ ഡീൽ ചെയ്തു പരിചയവും ഉണ്ട്, ചെറുക്കൻസ് ഫ്ലിക്കോയെ വിളിക്കാൻ തീരുമാനിച്ചു.

” ഹലോ…ഫ്ലിക്കോയാണോ ? ”

” അതേടാ മൈത്താണ്ടി. നീ ഏതു കോത്താഴത്താ ? ”

” അളിയാ, ഞാൻ ഒരല്പം ദൂരെയാ. നീ ഫ്രീ ആണോ ? ”

” ഫ്രീ ആണോന്നു ചോദിച്ചാൽ, ഒരു ചെറിയ സ്‌കീമുണ്ട്, എന്താ കാര്യം ? ”

” ഒരു പ്രശ്നോണ്ട് ”

” നീ അളിയാ, മച്ചമ്പീന്നൊക്കെ വിളിച്ചപ്പോഴേ തോന്നി ”

” അളിയാ, അങ്ങിനെ പറയരുത്. നിന്നെ ഞാൻ എന്റെ ആത്മാർഥ സുഹൃത്തായി ആണ് കാണുന്നത്. ”

” ഉവ്വ ഉവ്വേ. നീ കാര്യം പറയഡേ ”

” ഇവിടുന്നു ഒന്ന് മാറി നിക്കണം ”

” മാറി നിക്കാനോ ? മനസിലായില്ല ”

” ഒന്ന് ഒളിച്ചോടണം ”

” ഒളിച്ചോടാനോ ? വല്ല തല്ലുകേസാണോ ? ”

” അല്ല. പ്രേമം ! ”

” മ്…ഷഡാങ്, ഷഡാങ് ”

” അളിയാ, പ്ലീസ്…നീ വിചാരിക്കുന്ന പോലെയല്ല. ഡീറ്റെയിൽസ് നീ ഇവിടെ വന്നിട്ട് പറയാം. സംഭവം സീരിയസ് ആണ്. അത്യാവശ്യമായിട്ടു ഒരു ടാക്സി വണ്ടി വേണം. നീ തന്നെ വരുകേം വേണം ”

” വണ്ടി ഉണ്ട്. എത്ര ദിവസം വേണ്ടി വരും ”

” ഒരു മൂന്ന് ദിവസം ? ”

” എവിടെ വരണ്ടതെന്നു പറയ് ”

” ഞാൻ ‘ലാ പാസ്’ സ്കൂൾ ജങ്ഷനിൽ ഉണ്ട്. നീ അങ്ങോട്ട് വന്നാൽ മതി ”

” ‘ലാ പാസോ’ ? നീ അവിടെങ്ങനെത്തി ? ”

” അളിയാ, ഒരു ആവേശത്തിന് അവളേം കൂട്ടി എന്റെ വണ്ടീലാ ഇറങ്ങീത് ”

” നിന്റെ വണ്ടിയാ ? ഏതു, നിന്റെ ഓട്ടോയോ ?

” യെസ് മാൻ. പക്ഷെ ‘ലാ പാസിൽ’ വച്ച് വണ്ടി നിന്നു. അങ്ങനാ നിന്നെ വിളിച്ചത് ”

” ഓട്ടോയിൽ ഒളിച്ചോട്ടം, അതും പെട്രോൾ ഇല്ലാണ്ടെ ! ദുരന്തമേ… ”

” അളിയാ, ഇറങ്ങിത്തിരിച്ച് പോയി. നീ ഉടനെ പുറപ്പെട്. അളിയാ, അതേയ്, ഒരു സഹായം കൂടി വേണം. കുറച്ചു ക്യാഷ് കൂടി അറേഞ്ച് ചെയ്യണം ”

” ക്യാഷോ ? ഒന്ന് പോടേയ്. വണ്ടി ആയിട്ട് വരാം. ക്യാഷിന്റെ കാര്യമൊന്നും നടക്കൂല്ലാ. കൂടെ ഒള്ളവടെ കഴുത്തിലും കയ്യേലും എന്തേലുമൊക്കെ കാണത്തില്ലേ ? ”

” അളിയാ, അതൊന്നും ശരിയാവില്ല. ഈ ഒരു അവസ്ഥയിൽ എനിക്ക്, നീ അല്ലാണ്ടെ സഹായത്തിനൊരാളില്ല. എങ്ങനേലും നീ…”

” എന്നു പറഞ്ഞാ, ഞാൻ എവിടുന്നു ഒണ്ടാക്കാനാ ? ”

” വല്ല പണയമോ മറ്റോ… ”

” അത് തന്നെ അല്ലെടെ ഞാൻ അങ്ങോട്ട് പറഞ്ഞത്. അവടെ കൈയീന്ന് മേടിക്കടെ. കിട്ടുമ്പോ കൊടുക്കാന്നു പറയഡേയ് ”

” അവള് ആകെ കരഞ്ഞു കൂവി നിക്കുവാ. ഈ അവസ്ഥേൽ മാലേം, വളേം ഒക്കെ ചോദിച്ചാ സീനാകും. അളിയാ, എങ്ങനേലും നീ… ”

” ങാ, ഞാൻ നോക്കാം, ഉറപ്പൊന്നുമില്ല ”

” അളിയാ മതി. അത് മതി. നീ നോക്കാമെന്നു പറഞ്ഞാ നടന്ന പോലെയാ ”

” മതിയടെ മതി, തള്ളി മറിക്കാതെ…”, ഫ്ലിക്കോ ഫോൺ കട്ട് ചെയ്‌തു

ദൈവമേ അവനേറ്റിട്ടുണ്ട്. പക്ഷെ, അവനെ ഇടപെടുത്തുന്ന കേസൊക്കെ അവൻ തന്നെ കൊളമാക്കി കൈയ്യിൽ കൊടുക്കും. അതാ ചരിത്രം. പക്ഷെ വേറെ വഴിയില്ല. പെൺകൊച്ചു സെക്ഷൻ 309 മുറുക്കെ പിടിച്ചിരിക്കുന്ന സ്ഥിതിക്ക് എന്തേലും ചെയ്തേ പറ്റൂ. പാവം കുട്ടി വിശക്കുന്നുണ്ടാവും, ചെറുക്കൻസ് നെടുവീർപ്പിട്ടു.

” പൊന്നൂസേ, നിനക്ക് വിശക്കാനുണ്ടോ ? ”

” ഇല്ല. നമുക്ക് വേഗം പോകാം ”

” പോകാടാ കുട്ടാ. നമ്മടെ ഒരു പയ്യൻ ടാക്സി ആയിട്ട് വരാന്നു ഏറ്റിട്ടുണ്ട്‌. നീ വിശന്നിരിക്കണ്ട. നമുക്ക് എന്തേലും കഴിക്കാം ”

” എന്നാ എനിക്കൊരു ഫലൂഡ വേണം ”

” ഫലൂഡയാ ? അതെന്നാ ? ”

” അതൊരു ഡെസ്സേർട്ട് ആണ് ”

” ഡെസേർട്ട് ! മരുഭൂമി ? ”

” എന്റെ ചെറുക്കാ, നീയിതൊക്കെ ഇനി എന്നാ പടിക്ക്യ ? ആ ഐസ്ക്രീം കടേൽ ചോദിച്ചാൽ മതി. അവർക്കറിയാം ”

” പൊന്നു മോളെ ഇതൊരു ചെറിയ ജംഗൻഷൻ ആണ്. നീ പറയുന്ന ഇംഗ്ലീഷ് സാധനമൊന്നും ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അവിടെ നീ പറഞ്ഞ ഫലൂഡ് ഇല്ലെങ്കി വേറെ എന്നാ മേടിക്കണ്ടേ ? ”

” ഫലൂഡ ഇല്ലെങ്കിൽ ഒരു കസാട്ട മതി ”

” കസാട്ടയാ ? നീ എന്നാക്കയാടി ഈ പറയുന്നേ ? ”

” എന്റെ ചെറുക്കാ, കൊച്ചു പിള്ളേർക്ക് വരെ അറിയാം കസാട്ട എന്താണെന്ന് ! ഇറ്റ് ഈസ് എ ടൈപ്പ് ഓഫ് നിയോപാലിറ്റൻ ഐസ്ക്രീം ”

” ങാ. ചോദിച്ചു നോക്കാം “, എന്ന് പറഞ്ഞു കൊണ്ട് ചെറുക്കൻ അടുത്ത കണ്ട കൂൾ ബാറിലേക്ക് നടന്നു.

സ്വന്തം പൊതുവിജ്ഞാനബോധത്തെ കുറിച്ച് അവജ്ഞ തോന്നി ചെറുക്കൻസിനു. കടയിൽ ചെന്ന് മഹിളാരത്‌നം പറഞ്ഞ നിയോപാലിറ്റൻ സാധനങ്ങൾ അന്വേഷിച്ചു, കൂൾ ബാറുകാരൻ വാ പൊളിച്ചു. സിപ് അപ്പിനും, ചോക്കോ ബാറിനും ശേഷം മാർക്കറ്റിൽ പുതിയ സാധനങ്ങൾ എത്തിയ വിവരം ചെറുക്കനെ പോലെ തന്നെ അയാളും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. നിരാശനായ ചെറുക്കൻസ് തിരിച്ചു നടന്നു.

” കൂട്ടൂസേ, നീ പറഞ്ഞ രണ്ടു സാധനവും അവിടെ ഇല്ല. ഞാൻ പോയി ബന്നും, പാൽച്ചായയും മേടിച്ചോണ്ടു വരാം. ”

” അയ്യ ! ബണ്ണും, പാൽച്ചായയും തനിയെ കഴിച്ചോണ്ടാ മതി. ഫലൂഡയും, കസാട്ടയും ഇവിടെ ഇല്ലെങ്കിൽ വേണ്ട. നമുക്ക് സിറ്റിയിൽ ചെന്നിട്ടു കഴിക്കാം. ”

പെൺരത്‌നത്തിന്റെ ആ ചെറിയൊരു ആശ നടത്തി കൊടുക്കാനാവാത്തതിൽ നിരാശ തോന്നി, ചെറുക്കൻസിനു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോ ഫ്ലിക്കോ ഒരു ഇന്നോവയുമായി എത്തി, കൂടെ ഫ്രീക്കനും. ഫ്ലിക്കോയെ കണ്ടതോടെ ചെറുക്കൻ ഹാപ്പി ആയി.

” താങ്ക്സ് അളിയാ. ഇതേതാ ഈ ചെക്കൻ ? ”

” നമ്മടെ ഒരു ബന്ധുവാ. ഡ്രൈവിംഗ് പഠിച്ചോണ്ടിരിക്കുവാ. എനിക്ക് ഒരു കൂട്ടിനു വിളിച്ചോണ്ട് വന്നതാ ”

” ആവശ്യത്തിന് പ്രശ്നം ഇപ്പൊ തന്നെ ഉണ്ട്. വെറുതെ ആളെ കൂട്ടണോ ? ”

” ഒരു പ്രശ്നവും ഉണ്ടാവില്ല. വേണ്ടപ്പെട്ട ചെക്കനാ. ഒരല്പം ഫ്രീക്കു ആണെന്നല്ലാതെ വേറെ ഒരു കൊഴപ്പോം ഇല്ലടെ. ഞാൻ നോക്കിക്കോളാം ”

” നീ എന്താ നിന്ന് ആടണെ ? നീ വെള്ളടിച്ചിട്ടുണ്ടോ ? ”

” കൊറച്ച്. വണ്ടീൽ സാധനൊണ്ട്. നീയും രണ്ടെണ്ണം കേറ്റഡേയ്. ആ പേടി അങ്ങ് മാറും ”

” വഴീന്നു എങ്ങാണ്ട്, ഒരു പയ്യനേം വിളിച്ചു കേറ്റി, വെള്ളോം അടിച്ച് … നീ ഇത് കൊളാക്കാനുള്ള പരിപാടി ആണോ ? ”

” അതെന്തു മറ്റേ വാർത്താനാടാ @$#$ മോനെ. നീ വിളിച്ചപ്പോ വണ്ടി അറേഞ്ച് ചെയ്‌ത്‌, ക്യാഷും ഒപ്പിച്ച് വന്നപ്പോ… അല്ല, ഞാൻ പോയാ പ്രശ്നം തീരുവല്ലോ. നീ ഒറ്റയ്ക്ക് ഒണ്ടാക്കിക്കോ…ഞാൻ പോണു ”

” ങേ. പൈസ കിട്ടിയോ. അളിയാ, നീ മുത്താടാ ”

” വല്യ സുഖിപ്പീരൊന്നും വേണ്ട, ഞാൻ നിന്റെ വീട്ടിൽ പോയാരുന്നു ”

” വീട്ടിലോ ? എന്തിനു ? ”

” അതൊക്കെ പിന്നെ പറയാം. കാശ് കൃത്യമായി കൊടുത്തു തീർത്തോണം. അല്ലെങ്കിൽ നിനക്ക് തന്നെ പണിയാകും. പാബ്ലൊച്ചായന്റെ അടുത്തൂന്നു കറക്ട് ചെയ്ത പൈസയാ ”

” എസ്കോബാറിന്റെ കയ്യീന്നോ ? ”

” അതെ അങ്ങോരുടെ അടുത്തൂന്നു തന്നെ. ഇപ്പൊ തന്നെ വേണം എന്നൊക്കെ പറഞ്ഞാ പിന്നെ ഞാൻ എവിടുന്നു ഒണ്ടാക്കാനാഡേയ് ? ”

” പക്ഷെ അത് വേണ്ടാരുന്നു ”

” ഏതു നാറീടെ കാശായലും, കാര്യം നടന്നാൽ പോരെ ”

” അത് മതി. പക്ഷെ, ആ നാറീടെ മോളാ വണ്ടീല് ”

” ബ്രാവോ, ചെറുക്കൻസ് ! ബ്രാവോ ! ”

” അങ്ങോരുടെ കയ്യീന്ന് പലിശയ്ക്ക് കാശെടുത്തു അങ്ങോരുടെ മോളെ തന്നെ അടിച്ചോണ്ടു മുങ്ങുക. കേൾക്കുന്നോരു എന്നെ കുറിച്ച് എന്ത് പറയും ? ”

” നീ വെറും ‘ചെക്കനല്ല’, ‘ചെത്ത് ചെക്കനാണെന്നു’ പറയും. സെന്റിമെൻസ് നിർത്തീട്ടു നീ ആ സാധനത്തിന്റെ വിളിച്ചോണ്ട് വന്നു വണ്ടീൽ കേറഡേയ്. വെളുക്കും മുന്നേ ‘വേരാക്രൂസ്’ പിടിക്കണം ”

” വേരാക്രൂസ് ? ”

” ഡിങ്കോൾഫിക്കു വേരാക്രൂസ് ആണ് ബെസ്റ്റ്. മുട്ടൻ ക്ലൈമറ്റാ ! “, ഫ്രീക്കൻസ് തന്റെ അറിവ് പങ്കു വച്ചു

” ഡിങ്കോൾഫിയോ ? ബ്ലഡി ഫൂൾ ! ഫ്ലിക്കോ, ഈ ചെക്കനെ എനിക്ക് തീരെ പിടിക്കുന്നില്ല, നീ ഇവനെ പറഞ്ഞു വിട്ടേ ! ”

” ചിൽ ബ്രോ ! ഞാൻ ഇവനെ പറഞ്ഞു നിർത്തിക്കോളാ. നീ അവളെ വിളിച്ചിട്ടു വാടെ “, ഫ്ലിക്കോ രംഗം ശാന്തമാക്കാൻ ശ്രെമിച്ചു

ചെറുക്കൻസ് പെൺരത്‌നത്തിനടുത്തെത്തി, വളരെ അഭിമാനത്തോടെ തങ്ങൾക്കു പോകാനുള്ള വണ്ടിയും വണ്ടി കൊണ്ട് വന്ന കൂട്ടുകാരനെയും കാട്ടി കൊടുത്തു.

” എന്റെ ഒരു ഫ്രണ്ട് വണ്ടിയുമായി വന്നിട്ടുണ്ട്. നമുക്ക് നേരം വെളുക്കുമ്പോഴേക്കും വേരാക്രൂസ് എത്തണം ”

” ആ കള്ളുകുടിയന്മാരാണോ ആണോ നിന്റെ ഫ്രണ്ട്സ് ? ”

ആ ഡയലോഗിൽ ചെറുക്കന് അൽപ്പം ക്ഷീണം തട്ടിയെങ്കിലും കൂൾ വീണ്ടെടുത്ത് ചെറുക്കൻ പറഞ്ഞു, ” അവരെന്തേലും ആയിക്കോട്ടെ. നീ വന്നു വണ്ടീൽ കേറിക്കെ ”

” ആ ജന്തുക്കളുടെ കൂടെ ഞാൻ എങ്ങോട്ടും ഇല്ല. നീ തനിയെ പോയാ മതി ”

” എന്റെ പൊന്നു മോളെ, ഇത്രേം ഒപ്പിച്ച പാട് എനിക്കറിയാം. സന്ധ്യ ആവുന്നു. എത്രേം പെട്ടെന്ന് നമുക്ക് ഗുഡലാജാര സിറ്റി ലിമിറ്റ്സ് വിടണം ”

” നീ എന്നാ പറഞ്ഞാലും ആ വണ്ടീല് ഞാൻ വരത്തില്ല. എന്നെ വീട്ടീ കൊണ്ട് വിട്ടേക്ക് ”

അത് നല്ല പൊനത്തിലെ വർത്തനമായി പോയല്ലോ ! വീട്ടീ കൊണ്ട് വിട്ടേയ്ക്കാനോ ? അതിനാണോ ഈ പാടൊക്കെ പെട്ടത് ? ചെറുക്കൻസിനു കണ്ട്രോള് പോയി തുടങ്ങി

” നീ ആരാന്നാടീ നിന്റെ വിചാരം ? ഞാനെന്താ നിന്റെ കളിപ്പിള്ളയോ ? വെറുതെ ഇരുന്ന എന്നെ കൊണ്ടിത്രേം ചെയ്യിപ്പിച്ചിട്ടു…മിണ്ടാതെ വന്നു വണ്ടീ കേറിക്കോണം. അല്ലേൽ, എന്റെ തനി കൊണം നീ കാണും. ബ്ലഡി ഫൂൾ”, ചെറുക്കൻസ് അലറി.

പറഞ്ഞത് അല്പം ഉച്ചത്തിൽ ആയി പോയെന്നു മനസിലായപ്പോ നാട്ടുകാര് ശ്രെദ്ധിച്ചു തുടങ്ങി. അതിനിടയ്ക്ക് സ്ത്രീരത്‌നം പൂങ്കണ്ണീര് ഒളിപ്പിച്ചു തുടങ്ങി !

ഗോഡ് ! പെട്ടെന്ന് സ്ഥലം കാലിയാക്കിയില്ലേൽ ആള് കൂടും, സീൻ വഷളാകും, ചെലപ്പോ തല്ലും കിട്ടും, ചെറുക്കൻസിനു വെളിവ് വീണു

” പൊന്നു മോളെ. ഞാൻ പെട്ടെന്നുള്ള ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ.നാട്ടുകാര് ഒക്കെ നോക്കുന്നുണ്ട്. നീ വന്നു വണ്ടീൽ കേറ് ”

” ഞാൻ ഫൂളാണല്ലേ ? നിന്റെ കൂടെ ഇറങ്ങി വന്ന ഞാൻ ഫൂളാണല്ലേ ? ”

” എന്റെ പൊന്നെ. നാക്കുപിഴ പറ്റി പോയി. മാപ്പാക്ക്, നീ വന്നു വണ്ടീൽ കയറു കുട്ടീ ”

അതിനിടയിൽ ബഹളം കേട്ട് ഫ്ലിക്കോയും ഫ്രീക്കൻസും അങ്ങോട്ടേയ്ക്ക് എത്തി

” എന്താണ് ബ്രോ, എന്താ നിന്ന് കറങ്ങുന്നേ ? ”

” അല്ല, അവൾക്കൊരു ഒരു താത്പര്യകുറവ്. വീട്ടിൽ കൊണ്ട് വിട്ടേയ്ക്കാൻ ”

‘ വീട്ടിൽ കൊണ്ട് വിടാനോ ? അതിനാണോ ഈ പാടൊക്കെ പെട്ടത് ? കയ്യും കാലും കെട്ടി വണ്ടിക്കാത്തോട്ടു ഇട്ടോണ്ട് പോണം. അതാ വേണ്ടത് ‘

‘ അയ്യോ !!! ‘ പെൺരത്‌നത്തിന്റെ നേരിയ കരച്ചിൽ കൂവലായി മാറി. ഫ്ലിക്കോയുടെ വായീന്നു വന്ന വർത്താനം കേട്ട് ചെറുക്കൻസും ഞെട്ടി. വേണമെന്നു കരുതി പറഞ്ഞതല്ല ഫ്ലിക്കോ, പക്ഷെ സംഗതി കൈ വിട്ടു പോയി. ചെറുക്കൻസ് പെൺരത്‌നത്തെ വീണ്ടും അനുനയിപ്പിക്കാൻ ശ്രെമം നടത്തി. പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. നല്ലവരായ ലാ പാസ്സിലെ ജനങ്ങൾ ഇതെന്താ കളി എന്നറിയാൻ അടുത്ത് കൂടി. കൂട്ടത്തിൽ തണ്ടും, തടിയും, താടിയും ഉള്ളൊരുത്തൻ ചെറുക്കനെ സ്കെച്ച് ചെയ്തു.

” ഡേയ് ചെറുക്കൻസ്, ഒന്ന് നിന്നേ ”

” മ്മ്. എന്ത് വേണം ? ”

” എവിടെ പോണു ? ഇതാരാ കൂടെ ? ”

” നമ്മളാരാ ? ”

” നമ്മൾ അല്ല, നീയും, ഈ കുട്ടിയും, ബാക്കി അലവലാതികളും ‘ഏതാ’, ‘എവിടുന്നാ’ എന്നാണു ചോദ്യം ”

” ദേ, എടാ പോടാ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ ? ”

” വിളിച്ചാൽ നീ എന്നാ ചെയ്യുമെടാ ? ‘

” ഹേ മിസ്റ്റർ, ഒരു ആണിനും പെണ്ണിനും ഒരുമിച്ചു നടക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യമില്ലേ ? സദാചാര പോലീസിന്റെ ശല്യം കാരണം ആണിനും പെണ്ണിനും പ്രേമിക്കാൻ വയ്യാ എന്നായിട്ടുണ്ടല്ലോ ”

” കുറച്ചു അലവലാതികൾ ചേർന്ന് ഒരു പെണ്ണിനെ കരയിപ്പിക്കുന്ന കണ്ടിട്ട്, അത് കയ്യും കെട്ടി നോക്കി നിന്നാൽ പിന്നെ ഞങ്ങളൊക്കെ വെറും മത്തായിമക്കൾ ആയി പോകില്ലേ ? ”

” ഇത് ഞങ്ങളുടെ സ്വകാര്യം ആണ് മിസ്റ്റർ ”

” അത് ആ കുട്ടി പറയട്ടെ. കുട്ടീ, എന്താ പ്രശ്നം? ഇവൻ കുട്ടീടെ ആരാ ? ”

” അങ്ങോട്ട് പറഞ്ഞു കൊടുക്ക് പൊന്നൂസേ. ഞാൻ ആരാന്നു ”

വിഷയം കൂടുതൽ സങ്കീർണമാക്കാൻ ഉറപ്പിച്ചിട്ടെന്നോണം പെൺരത്‌നം വീണ്ടും ഏങ്ങലടിച്ചു.

” പൊന്നൂസേ, നമ്മള് തമ്മിൽ സ്നേഹമാണെന്നു, അങ്ങോട്ട് പറഞ്ഞു കൊടുക്ക് ”

പക്ഷെ ചെറുക്കനോട് എന്തോ മുൻവൈരാഗ്യം ഉള്ളത് പോലെ പെൺരത്‌നം ഏങ്ങലടിയുടെ ഫ്രീക്വൻസി കൂട്ടി. ചെറുക്കൻസ് നിന്നുരുകി. ഫ്ലിക്കോയ്ക്ക് കാര്യം മനസിലായി വന്നപ്പോ നാട്ടുകാരിൽ രണ്ടു പേര് കയ്യിൽ പിടിത്തമിട്ടു. പ്രായത്തിൽ ചെറുതെങ്കിലും ദീർഘവീക്ഷകൻ ആയ ഫ്രീക്കൻസ്, അവിടെ നടക്കുന്ന യാതൊന്നിലും തനിക്കു പങ്കില്ല എന്ന് ഭാവിച്ചു സ്കൂൾ വിട്ടു വന്ന പയ്യനെ പോലെ വടക്കോട്ടു നടന്നു പോയി.

” ഇവനൊക്കെ മറ്റേ സ്കീമാന്നെ “, ഫ്ലിക്കോയുടെ കയ്യിൽ പിടിത്തമിട്ടിരുന്ന ഒരാൾ പോലീസിനെ വിളിക്കാൻ പറഞ്ഞു. വേറൊരുത്തൻ പെണ്ണിന്റെ വീട്ടുകാരെ അറിയിക്കാനും. ഇതിനിടയിൽ സദാചാര കൂട്ടത്തിലെ ഒരു സ്ത്രീ, പെൺരത്‌നത്തെ മാറ്റി നിർത്തി ചോദ്യം ചെയ്തു തുടങ്ങി. കാര്യങ്ങൾ കൈ വിട്ടു പൊയ്ക്കൊണ്ടിരുന്നു എന്ന് മനസിലായ ചെറുക്കൻസ് ജാഡ വെടിഞ്ഞു, ഭൂമിയിലേക്കിറങ്ങി വന്നു.

” ചേട്ടാ, പ്ലീസ്… ഐ ക്യാൻ എക്സ്പ്ലെയിൻ. ഞങ്ങൾ സ്നേഹത്തിലാണ്. കല്യാണം കഴിക്കാൻ വേണ്ടി പോകുന്ന വഴിയാണ്. ”

” നീ കൂടുതൽ വർത്താനം പറയണ്ട. പെൺപിള്ളേരെ തട്ടിക്കൊണ്ടു പോകുന്ന സംഘം അല്ലേടാ നീയൊക്കെ ? ”

” തട്ടികൊണ്ട് പോകാനോ ? പൊന്നു ചേട്ടാ…”

” അല്ലേ പിന്നെ ആ കൊച്ചു എന്തിനാടാ കരയുന്നെ ? ഏതായാലും നീ അവിടെ നിക്ക്.ആ കുട്ടീടെ വീട്ടില്‍ നിന്ന് ആരേലും വരട്ടെ. എന്നിട്ട് നമുക്ക് തീരുമാനിക്കാം. ”

” ചേട്ടാ, പ്ലീസ്… ”

” നീയെന്തിനാ ഇങ്ങനെ പേടിക്കുന്നെ ? പോലീസിനെ വിളിച്ചത് നിങ്ങടെ കല്യാണം നടത്തി തരാനാ ”

” ചേട്ടാ, പോലീസ് വേണ്ട. ഞങ്ങള് തിരിച്ചു വീട്ടിൽ പൊയ്ക്കോളാം ”

” ഏയ്, വേണ്ട, വേണ്ട. കല്യാണം കഴിക്കാൻ ഇറങ്ങിയ സ്ഥിതിക്ക് ഇനി അത് കഴിഞ്ഞേച്ചു പോയാ മതി ”

” ചേട്ടാ, കല്യാണം വേണ്ട ചേട്ടാ. എന്നെ ഇപ്പൊ വീട്ടിൽ അന്വേഷിക്കുന്നുണ്ടാവും ”

” ഛീ…മിണ്ടാതിരിയട. ഇനി നീ ചെലച്ചാ, ചെകിട് പൊളിയും, ഓർത്തോ ”

മുന്നറിയിപ്പിന്റെ ഗ്രാവിറ്റി മനസിലായ ചെറുക്കൻസ് വായ മുറുക്കെ അടച്ചു. ചെറുക്കൻസിനു ഉദ്വേഗത്തിന്റെയും, നാട്ടുകാർക്ക് തമാശയുടെയും മുക്കാൽ മണിക്കൂറ് കടന്നു പോയി. അപ്പോഴേക്കും ഒരു വെള്ള പജേറോ അങ്ങോട്ടേക്ക് പാഞ്ഞു വന്നു. നിക്കണേക്കാൾ മുന്നേ വണ്ടീന്ന് ഒരു ശുഭ്രവസ്ത്രധാരി ചാടിയിറങ്ങി, ഫ്ലിക്കോയ്ക്കിട്ടൊന്നു പൊട്ടിച്ചു.

” സോറി ഇച്ചായ “, ഫ്ലിക്കോ മുഖം പൊത്തിക്കൊണ്ട് പറഞ്ഞു.

” @*($ മോനെ. എന്റെ കയ്യീന്ന് കാശു കടമെടുത്തു എന്റെ മോളെ തന്നെ അടിച്ചോണ്ടു പോണം നിനക്ക് ? ”

” അയ്യോ അച്ചായാ, ഞാനല്ല ദാണ്ടെ ഇവ…”, അത്രെയും പറഞ്ഞപ്പോ തന്നെ ചെറുക്കൻസ് ഫ്ലിക്കോയുടെ വായ പൊത്തി. അച്ചായൻ വീണ്ടും ഒരെണ്ണം കൂടി ഫ്ലിക്കോയ്ക്കിട്ടു താങ്ങി. അതിനിടയിൽ നാട്ടുകാര് ‘സീനിയോറെ പാബ്ലൊയെ’ പിടിച്ചു മാറ്റി.

പാബ്ലൊച്ചായൻ മകൾക്കു നേരെ തിരിഞ്ഞു, ” കോളേജിൽ പോകാൻ വണ്ടി വാങ്ങി തരാത്തതിനാണോ മോള് ഞങ്ങളോടീ ചതി കാണിച്ചത്. ഇവനെ പോലൊരു ഇസ്‌പേഡ്‌ ഏഴാം കൂലിടെ കൂടെ …”

” ഞാൻ ഡാഡിയോടു പറഞ്ഞതല്ലേ ഏതേലും അലവലാതീടെ കൂടെ ഇറങ്ങി പോകുമെന്ന് ”

ഡാഡിക്കു ഏഴാം കൂലി , മകൾക്കു അലവലാതി ! നിന്നിടം പിളർന്നു പാതാളത്തിലേക്കു പോയിരുന്നെങ്കിൽ എന്ന് തോന്നി ചെറുക്കൻസിനു. ചെറുക്കൻസ് പൂർണമായും കളി വിട്ടു, കൈ താഴെ ഇട്ടു.

അപ്പോഴേക്കും നല്ലവരായ നാട്ടുകാർ വിളിച്ചു വരുത്തിയ പോലീസ് എത്തി. അവിടെ കൂടി നിന്ന പലരും തങ്ങളുടേതായ കഥകൾ എസ്ഐയോടും , കോൺസ്റ്റബ്ൾമാരോടും , ഡ്രൈവറോടും നിരത്തി. കഥകൾ പലതും അപഗ്രഥിച്ചു ഇൻസി ആ നിഗമനത്തിൽ എത്തി ചേർന്നു. സംഗതി കിഡ്നാപ് തന്നെ.

” താങ്കളാണോ മിസ്റ്റർ കിഡ്നാപ്പർ ? ഇൻസി ചെറുക്കൻസിനോട് സ്നേഹപൂർവം ആരാഞ്ഞു ”

” കിഡ്നാപ്പോ ? സാർ, ഞങ്ങൾ കല്യാണം കഴിക്കാൻ… ”

” ഞങ്ങളെന്നു പറഞ്ഞാ, നിങ്ങൾ മൂന്നു പേരും കൂടെയോ ? ”

” അല്ല സാർ, ഞാനും അവളും ”

” പെൺപിള്ളേരെ നടുറോട്ടിലിട്ടു ഓടിച്ചിട്ട് ആണോ മോനെ, കല്യാണം കഴിക്കുന്നത് ? ”

” സാർ അതൊരു തെറ്റിദ്ധാരണയുടെ പുറത്ത് ”

” തെറ്റിദ്ധാരണ ഒക്കെ നമുക്ക് മാറ്റാം. ഏതായാലും ഒന്ന് സ്റ്റേഷൻ വരെ വന്നു പോകാം ”

” ആയിക്കോട്ടെ സർ “, തർക്കിച്ചിട്ടു തല്ല് രണ്ടെണ്ണം കൂടുതൽ മേടിക്കാമെന്നല്ലാതെ ഒരു കാര്യവും ഇല്ല എന്ന് ചെറുക്കനു മനസിലായി. ഇത് കണ്ടു നിന്ന ഫ്ലിക്കോ ടാറ്റ പറഞ്ഞു പോകാനൊരുങ്ങി

” നീയെങ്ങോട്ടാ പോണേ. നീയും പോരെ ”

” ഞാനോ ? എന്തിനു ? തട്ടി കൊണ്ട് പോകാൻ ശ്രെമിച്ചതു ഇവനല്ലേ ? ”

” തട്ടിക്കൊണ്ടു പോകാനോ ? ദ്രോഹി ! ചെറുക്കൻ മോങ്ങി ”

” അല്ല, തട്ടിക്കൊണ്ടു പോകാനല്ല, ഒളിച്ചോടാൻ ! “, ഫ്ലിക്കോ തിരുത്തി

” ഏതായാലും നീയും പോരെ. നൗമുക്ക് സ്റ്റേഷൻ ഒക്കെ ഒന്ന് കണ്ടു പോകാം “, ഇൻസി ഫ്ലിക്കോയെ സ്റ്റേഷനിലോട്ടു ക്ഷണിച്ചു

” നടക്കേല സാറേ ”

” വേണ്ട നടക്കേണ്ട. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ കൊണ്ട് പോകാനല്ലേ ജീപ്പ് .നമുക്ക് ജീപ്പിൽ പോകാന്നേ ”

” സാറ് അങ്ങിനെ വിരട്ടുവൊന്നും വേണ്ട. ഞാൻ ആരേം തട്ടിക്കൊണ്ടു പോകാൻ നോക്കീട്ടില്ല. ഞാൻ സ്റ്റേഷനിലോട്ടു ഒട്ടു വരുകേമില്ല ”

” ഓക്കേ. വേണ്ട. ആ കിടക്കണ ഇന്നോവ ആരാ ഓടിച്ചോണ്ടു വന്നേ ? ”

” അത് ഞാനാ ”

” വെരി ഗുഡ്. സോമാ, ആ മെഷീൻ ഇങ്ങു എടുത്തേ ”

സോമൻ കോൺസ്റ്റബൾ ജീപ്പിൽ നിന്ന് ഊത്ത് മെഷീൻ എടുത്തു കൊണ്ട് വന്നു

” മോനീ മെഷീനിലേക്കു ഒന്ന് ഊതിക്കെ “, ഇൻസി ഫ്ലിക്കോയോട് പറഞ്ഞു

” സാർ പ്ലീസ്…”

” ഏയ് , പേടിക്കണ്ട വെറുതെ ഊതന്നെ . ഇത് വർക്കിങ് ആണോന്നു നമുക്ക് നോക്കാല്ലോ ”

” പ്ലീസ് സാർ… ”

” ഛീ …ഊതടാ @#$@#… ”

” പീ…! ”

” കൊള്ളാല്ലോ നീ. കുറച്ചൊന്നും അല്ലല്ലോ കേറ്റിയേക്കണേ ”

” ഇനി കുട്ടൻ കേറിക്കോ ”

” സാർ… ”

” രണ്ടെണ്ണവും മിണ്ടാണ്ടെ വണ്ടീലൊട്ടു കേറിക്കോ, ഇനി വിളച്ചിൽ എടുത്താൽ ചവിട്ടി ഊര ഞാൻ ഒടിക്കും ”

ചെറുക്കൻസും, ഫ്ലിക്കോയും നാട്ടുകാരുടെ സഹായ സഹകരണങ്ങൾക്കു നന്ദി പറഞ്ഞു കൊണ്ട് വണ്ടീൽ കേറി

” അച്ചായൻ കൊച്ചിനേം കൊണ്ട് വീട്ടിലേക്കു പൊക്കോ. എന്തേലും ആവശ്യമുണ്ടേൽ ഞാൻ അറിയിക്കാം “, എസ്.ഐ പാബ്ലൊച്ചായനെ പാക്ക് ചെയ്തു

ചെറുക്കൻസിനെയും ഫ്ലിക്കോയെയും കൊണ്ടു പട്ടണമാകെ റോന്തു ചുറ്റിയ ശേഷം ജീപ്പ് സ്റ്റേഷനിലെത്തി. വരുന്നോനും, പോകുന്നോനും തെറി പറയാൻ പാകത്തിന് കുറച്ചധികം നേരം വെളിയിൽ നിർത്തിയ ശേഷം, ഇൻസി ചെറുക്കനെ മുറിയിലേക്ക് വിളിപ്പിച്ചു.

” ഡേയ് ചെറുക്കൻസ്… ”

” സാർ…”

” എന്താണ് ? തെറ്റിദ്ധാരണ ഒക്കെ മാറ്റണ്ടേ ? തുടങ്ങിയാലോ ? ”

” എന്റെ പൊന്നു സാറേ, ആ കുട്ടി വിളിച്ചിട്ടാ ഞാൻ ഇറങ്ങി തിരിച്ചത് ”

” ആ കുട്ടി നിന്നെ വിളിച്ചോ ? എന്തിനു ? വിളച്ചിലെടുക്കല്ലേ മോനെ ”

” ഞാൻ ഉള്ളതാ പറഞ്ഞേ. ഞങ്ങൾ തമ്മിൽ കുറച്ചു നാളായി സ്നേഹത്തിലാ. ഇന്നിപ്പോ കുട്ടി, ഞാൻ കെട്ടിയില്ലേൽ ചത്ത് കളയും എന്നൊക്കെ പറഞ്ഞ കേട്ടാ, ഞാൻ വണ്ടിയും, ഇല്ലാത്ത കാശും ഒക്കെ ഒപ്പിച്ചു ഈ പണിക്കു ഇറങ്ങീത്. സാറ് ദാ എന്റെ ഫോൺ ഒന്ന് നോക്കിയാട്ടെ”, ചെറുക്കൻസ് ഇൻസിയെ തന്റെ കാൾ ഹിസ്റ്ററി കാണിച്ചു.

ചെറുക്കൻസിന്റെ ഫോണിൽ കുട്ടൂസ് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ വാങ്ങി, ഇൻസി അതിലേക്കു ഡയൽ ചെയ്തു.

” ഹല്ല്യോ…”, അങ്ങേ തലയ്ക്കൽ പെൺരത്‌നത്തിന്റെ സ്വീറ്റ് വോയ്‌സ് മുഴങ്ങി.

ഇൻസി ഫോൺ കട്ട് ചെയ്ത് ചെറുക്കനോടായി ചോദിച്ചു, ” ഇത് എത്ര നാളായീ തുടങ്ങീട്ട് ? ”

” ഓൺ വീക്ക്. ഒരാഴ്ച ”

” ഒരാഴ്ച എന്നൊക്കെ പറയുമ്പോ. എന്നിട്ടെന്തേ മക്കള് ഒളിച്ചോടാൻ ഇത്ര താമസിച്ചേ ? ”

” എന്റെ സാറേ ഇപ്പഴും അതിനുള്ള പാങ് ഉണ്ടായിട്ടല്ല. ഒടുങ്ങി കളയും എന്നൊക്കെ പറഞ്ഞു കേട്ടപ്പോ സഹിച്ചില്ല ”

ബിൻഗോ ! ക്‌ളീൻ ഹിറ്റ് ! അതിൽ ഇൻസി വീണു. അദ്ദേഹത്തിന് തോന്നി, ചെറുക്കൻ വലിയവൻ തന്നെ

” എന്നിട്ടു നാട്ടുകാര് ചോദിച്ചിട്ടു മഹിളാരത്‌നം ഒന്നും പറഞ്ഞില്ലല്ലോ ? ”

” അതാ ഞാനും ആലോചിക്കുന്നേ. പേടിച്ചു പോയി കാണും. അത്രേം ആളെ കണ്ടപ്പോ ടെൻഷൻ ആയതാ. സാറ് ഒന്നൂടെ വിളിച്ചേ. അവള് കാര്യം പറയും ”

” ഒന്ന് പോടെ. ചുമ്മാതല്ല അവള് നിന്നെ തേ…അല്ലേ വേണ്ട. പ്രേമിക്കണ്ട എന്ന് പറയില്ല. ആളും തരോം ഒക്കെ നോക്കി പ്രേമിച്ചാൽ നിനക്ക് കൊള്ളാം ”

” മേലിൽ ശ്രെദ്ധിച്ചോളാം സാർ ”

” ഓ, ഫീൽഡ് വിടാൻ ഉദ്ദേശമില്ല ! ഏതായാലും വെളിയിൽ വെയ്റ്റ് ചെയ്യ്. ഞാൻ വിളിപ്പിക്കാം ”

വിരട്ടും, ചോദ്യം ചെയ്യലും കഴിഞ്ഞ് റിലീസ് സമയം ആയപ്പോഴേക്കും പാബ്ലൊച്ചായൻ സ്റ്റേഷനിൽ എത്തി

” സാറേ കേസ് ചാർജ് ചെയ്താ മാത്രം പോരാ. അവൻമ്മാർക്ക് നല്ല പൊട്ടീര് കൊടുക്കേം വേണം “, പാബ്ലൊച്ചായൻ എസ്.ഐ യോട് ആവശ്യം ഉണർത്തിച്ചു

” പക്ഷെ അച്ചായാ, കേസ് ആക്കാനുള്ള വകുപ്പില്ല “, എസ്.ഐ പറഞ്ഞു

” അതെങ്ങനാ ? തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചതു സാറ് കണ്ടതല്ലേ ”

” തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചതല്ല എന്ന് നമ്മൾക്ക് രണ്ടാൾക്കും അറിയാല്ലോ ? ”

” അതെന്നാ വാർത്താനാ സാറേ ? സാറെന്നാ അവന്മാരുടെ ആളെ പോലെ സംസാരിക്കുന്നതു ? ”

” ഞാൻ നിങ്ങളുടെ രണ്ടു കൂട്ടരുടേം ആളാണ്. കാര്യം പറയാം, കേസ് നിക്കില്ല. ആ പയ്യന്റെ ഫോണിലെ കാൾ ഹിസ്റ്ററി ഞാൻ കണ്ടു. താങ്കളുടെ മോൾടെ കാൾ വന്നിട്ടുണ്ട്. അതും പല പ്രാവശ്യം. ”

” അതങ്ങു ഡിലീറ്റ് ചെയ്താ പോരെ ? ”

” ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തത് കൊണ്ട് ആയില്ലല്ലോ. കേസ് എടുത്താൽ പിള്ളേര് വേറെ രീതിയിൽ പോകും. അച്ചായന്റെ മോളെ പ്രേമിച്ചു എന്നത് കൊണ്ട് അവനെ വെറും ഉണ്ണാക്കനായിട്ടു കാണണ്ട. കേസും കൂട്ടവുമായി പോയാൽ അവസാനം അച്ചായനും കൊച്ചിനും തന്നെ ബുദ്ധിമുട്ട് ആകും. ”

” അത് വേണ്ട, അത് വേണ്ട. എന്നാ പിന്നെ നല്ല ഇടി കൊടുക്കണം. മേലാൽ ഇമ്മാതിരി പണി അവൻ കാണിക്കരുത്. ”

” ഇടി ! അത് ഞാൻ കൊടുക്കുന്നുണ്ട്. അച്ചായൻ ധൈര്യമായി പൊയ്ക്കോളൂ. ”

” ശരി സാർ “, പാബ്ലൊച്ചായൻ എസ്.ഐ യോട് പറഞ്ഞിട്ട് സ്ഥലം കാലിയാക്കി.

പാബ്ലൊച്ചായൻ പോയതും ഇൻസി ചെറുക്കൻസിനെയും, ഫ്ലിക്കോയെയും മുറിയിലേക്ക് വിളിപ്പിച്ചു

” ചെറുക്കൻസ്…നീ വിട്ടോ “, ഇൻസി ചെറുക്കനോട് പറഞ്ഞു. ” ഫ്ലിക്കോ… ഫൈൻ അടച്ചിട്ടു നീയും വിട്ടോ. ഇതല്ല ഇതിന്റെ രീതി. പക്ഷെ ഇന്നിങ്ങനെ പോട്ടെ ”

” താങ്ക്യു സാർ”, ചെറുക്കൻസും, ഫ്ലിക്കോയും ഇൻസിക്ക് നന്ദി പറഞ്ഞിറങ്ങി.

സ്റ്റേഷൻ കോമ്പൗണ്ട് വിട്ടു വെളിയിൽ എത്തിയ ചെറുക്കൻസ് ഫ്ലിക്കോയോട് ചോദിച്ചു,” ഇപ്പൊ വീട്ടിലോട്ടു പോണോ ? ”

” ഇപ്പൊ വേണ്ട. അവിടെ എല്ലാരും അറിഞ്ഞിട്ടുണ്ടാവും, രണ്ടു ദിവസം കഴിയട്ടെ. ”

” എനിക്ക് വണ്ടി എടുക്കണം ”

” അത് സെറ്റ് ചെയ്യാം. പിള്ളേരെ വിടാം, വല്ലാത്ത ടെൻഷൻ. തത്ക്കാലം നമുക്ക് ഓരോന്ന് അടിക്കാം “, ഫ്ലിക്കോ അടിക്കളം ഒരുക്കി.

ചെറുക്കന് അത്ഭുദം തോന്നിയില്ല. ഇനിയിപ്പോ ഒന്നും സംഭവിച്ചില്ലേലും ഫ്ലിക്കോ പറയും, ‘ഓരോന്ന് അടിക്കാന്ന്’. ചെറുക്കൻസും ഫ്ലിക്കോയും അടുത്ത ഓട്ടോയിൽ കേറി ‘അമേരിഗോസ് മെക്സിക്കൻ’ ബാറിലോട്ടു വിട്ടു. ചെന്ന് കേറിയ പാടെ പതിവ് തെറ്റിച്ചു കൊണ്ട് ചെറുക്കൻസ് ഓർഡർ കൊടുത്തു, ഫോർ ‘മെസ്‌ക്കൽ ഷോട്സ്’. സങ്കടം വരുമ്പോൾ ചെറുക്കൻ അങ്ങിനെയാണ്. മെസ്‌ക്കൽ ! ഒന്ന് കൂളായാൽ പിന്നെ മാർഗരീറ്റ. വന്ന നാലെണ്ണത്തിൽ രണ്ടെണ്ണം ചെറുക്കൻസ് വേഗം തൊണ്ട തൊടാതെ വിഴുങ്ങി. ബാക്കിയുള്ളതിൽ പിടിത്തമിടാൻ ഭാവിക്കുന്നതു കണ്ട ഫ്ലിക്കോ ചെറുക്കനെ അനുകരിച്ചു

” എന്നാലും അവള്. പാവം കുട്ടി “, ചെറുക്കൻ നെടുവീർപ്പിട്ടു.

” പാവോ ? ആര് ? പൊക്കോണം. ഈ പാടെല്ലാം പെടുത്തീട്ടു “, ഫ്ലിക്കോയുടെ കൂറിളകി

” അതല്ല അളിയാ. അവള് പേടിച്ചു പോയി കാണും. ഒന്ന് വിളിക്കണം ”

” അത്രേം ആൾക്കാരുടെ മുന്നേ വച്ച് നിന്നെ അലവലാതി എന്ന് പറഞ്ഞിട്ട് പോലും നിനക്ക് മതിയായില്ലേഡേ ? ”

” ഞാനാദ്യം അംഗോഷായി പോയി. പിന്നെ ആലോചിച്ചപ്പോ, അവള് പിന്നെ എന്ത് പറയണാരുന്നു ? അപ്പനെ പേടിച്ചു പറഞ്ഞതാ അവള്. പാവം ”

” നീ പടിക്കൂല്ല. ഇതിലും വലിയ പണി കിട്ടിയാലും നീ പടിക്കൂല്ല. നിന്റെ കാര്യവും പോക്കാ ”

” ഡാ, എനിക്കവളേം അവക്കെന്നേം ഇഷടാണ്. ഇനിയിപ്പോ ആര് എതിർത്താലും ഞങ്ങൾ ഒന്നാവുക തന്നെ ചെയ്യും ”

” എന്തായാലും ഇന്നിനി ഒന്നാവാൻ നിക്കണ്ട. രണ്ടു ദിവസം കഴിയട്ടെ ”

” എന്നാലും ഒന്ന് വിളിക്കണ്ടേ ? ”

” ഒന്ന് പോടെ. അവടെ അപ്പന്റെ ഇടി കണ്ടാരുന്നല്ലോ. ഹൌ ! നിനക്ക് കിട്ടണ്ട തല്ലാണ് ഞാൻ വാങ്ങി കൂട്ടിയത്. അതിനി കിട്ടിയേ പറ്റുള്ളൂ എന്നാണെങ്കിൽ ഞാൻ തരാം. ”

” സോറി ബ്രോ. ഇത്രേം പ്രശ്നം ആകുമെന്ന് കരുതീല്ല. ഇനി എന്താ ചെയ്യുന്നെ ? അവളെ കാണാണ്ടെ, സംസാരിക്കാണ്ടെ ഒരു സമാധാനോം ഇല്ല ”

” പരിഹാരം ഉണ്ടാക്കാം. എന്തായാലും വേരാക്രൂസിന് പോകാൻ ഇറങ്ങിയതല്ലേ. അത് നടക്കട്ടെ ”

” അവിടെ ചെന്നിട്ടു ? ”

” അതവിടെ ചെന്നിട്ടു തീരുമാനിക്കാം. ”

ഫ്ലിക്കോ നാല് മെസ്‌ക്കൽ ഷോട്സ് കൂടി പറഞ്ഞു. ചെറുക്കൻസ് പ്രണയനൈരാശ്യത്തോടു കൂടി വന്നതിൽ പകുതി അകത്താക്കുന്നതിനടയിൽ ഫ്ലിക്കോ ചില ഫോൺ കോളുകൾ നടത്തി. ബാർ അടയ്ക്കാൻ നേരമായപ്പോഴേക്കും വണ്ടി എത്തി. മണിക്കൂറുകൾക്കു മുൻപ് നാട് വിട്ടു പോയ ഫ്രീക്കൻസും, കൂടെ അവന്റെ രണ്ട് ചങ്ക് ബ്രോസും. വന്നതിൽ ഒരു ബ്രോ ചെറുക്കന്റെ വണ്ടീടെ താക്കോൽ മേടിച്ചു ലാപാസ്സിന് പോയി. പാതിബോധത്തിൽ വിരാജിക്കുന്ന ചെറുക്കൻസിനെയും കൂട്ടി വണ്ടി നേരെ വേരാക്രൂസിനു. പോകുന്ന വഴിക്കു അത്യാവശ്യത്തിനു മെസ്‌ക്കൽ, ടെക്കീല കുപ്പികൾ വാങ്ങി വണ്ടീലിടാൻ മറന്നില്ല ഫ്ലിക്കോ.

വേരാക്രൂസിൽ എത്തി, മുറിയെടുത്തു. കള്ളുകുടിയുടെ, കഥ പറച്ചിലിന്റെ, കരച്ചിലിന്റെ, വെല്ലുവിളികളുടെ, വാൾപയറ്റുകളുടെ രണ്ടു രാപകലുകൾ…അങ്ങിനെ മൂന്നാം ദിവസം, രാവിലെ ഫ്ലിക്കോ ഫ്രീക്കൻസിനെ കള്ള്കടയിലേക്ക് വിടാനൊരുങ്ങി. ഫ്രീക്കൻസ് കാശ് ചോദിച്ചപ്പോൾ വെളിവ് വീണു. പാബ്ലൊച്ചായന്റെ കയ്യിൽ നിന്ന് പലിശയ്‌ക്കെടുത്ത കാശ് ഏകദേശം തീർന്നു കഴിഞ്ഞു ! മാത്രമല്ല വേരാക്രൂസിൽ കള്ള് കടം കൊടുക്കില്ലത്രേ. ഇനി അടിക്കണേൽ തിരിച്ചു പോണം. അപ്പോഴും വെളിവ് വന്നിട്ടില്ലാത്ത ചെറുക്കനെ പൊക്കി വണ്ടീലിട്ടു ഫ്ലിക്കോയും, ചങ്ക് ബ്രോസും ഗുഡലജാരയ്ക്കു തിരിച്ചു. നേരം പാതിരാവായപ്പോൾ വണ്ടി ചെറുക്കൻസിന്റെ വീട്ടിലെത്തി. മുറ്റത്തു ആളൊഴിഞ്ഞ സമയം നോക്കി ചെറുക്കൻസിനെ അവന്റെ ഓട്ടോയിൽ കയറ്റി ഇരുത്തി ഫ്ലിക്കോ ആൻഡ് സംഘം കളം കാലിയാക്കി.

അടുത്ത ദിവസം രാവിലെ വെയിൽ മുഖത്തു അടിച്ചു തുടങ്ങിയപ്പോൾ കനത്ത ഹാങ്ഓവറോടു കൂടി ചെറുക്കൻസ് ഉറക്കം വിട്ടെഴുന്നേറ്റു. നേരെ വീട്ടിലേക്കു കേറി. വലിയ മാറ്റൊമൊന്നും പറയാനില്ല. വീട്ടുകാരുടെ മുഖത്ത് സ്ഥായിയായ പുച്ഛ ഭാവം. അത് അനുഗ്രഹമായി കരുതി ചെറുക്കൻസ്. രണ്ടു ദിവസ്സം മുന്നേ ആരുന്നേൽ ചൂലെടുത്ത് അടിച്ചേനെ. ചെയ്തു പോയ തെറ്റിനെ ഓർത്തു പശ്ചാത്തപിക്കുന്ന ഒരു പാവം പയ്യൻസിന്റെ മുഖത്തോടെ ചെറുക്കൻസ് അടുക്കളയിൽ ചെന്ന് ചായ എടുത്തു. ചൂടില്ല. അനിയത്തിയോടോ അമ്മയോടോ ചായ ചൂടാക്കാൻ പറയണോ എന്നാലോചിച്ചു. ചിലപ്പോ ചൂടാക്കി മുഖത്തോട്ട്‌ ഒഴിച്ചാലോ, എന്നോർത്ത് തണുത്ത ചായേം എടുത്തു മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും ആസുര ഭാവമുള്ള മൂന്നാലു കട്ടക്കുട്ടന്മാർ മുറ്റത്തേക്ക് കയറി വന്നു.

” ചെറുക്കൻസ് ? ”

” ഞാനാ ”

” പാബ്ലൊച്ചായന്റെ അടുത്തൂന്നാ. കാശ് കടം മേടിച്ചാരുന്നല്ലോ. അത് മേടിക്കാൻ വന്നതാ ”

” ഞാനല്ല ഫ്ലിക്കോയാ വാങ്ങീത്. അവൻ തരും ”

” ഡാ ചെറുക്കാ. നിന്റെ പേര് പറഞ്ഞാ നിന്റെ കൂട്ടുകാരൻ പൈസ വാങ്ങീത്. നിന്റെ ആർ.സി ബുക്കാണ് പണയം ”

” എന്റെ വണ്ടീടെ ആർ.സി ബുക്കോ ? ”

” JHX – 88 – 888 , നിന്റെ വണ്ടി അല്ലേ ? ”

” വണ്ടി എന്റെ തന്നെ, പക്ഷെ…’, പൈസയ്ക്ക് വേണ്ടി ഫ്ലിക്കോ വീട്ടിൽ വന്നതും, കൃത്യമായി അടച്ചില്ലേൽ പണി വാങ്ങിക്കും എന്ന് പറഞ്ഞതും ചെറുക്കൻസ് ഓർത്തു

” അപ്പൊ വർത്താനം വേണ്ട. കാശുണ്ടേൽ ഇപ്പൊ തരാം. അല്ലേൽ വണ്ടി ഞങ്ങള് കൊണ്ട് പോകും ”

” വണ്ടി കൊണ്ട് പോകാനൊന്നും പറ്റില്ല ”

” എന്നാ നീ ഒന്ന് തടയ്. നീ നിന്റെ കൂട്ടുകാരനേം വിളിക്ക്. ഞങ്ങള് വെയ്റ്റ് ചെയ്യാം ”

അപ്പൊ വണ്ടീ, കാശ്… ഇതൊന്നുമല്ല പ്രശ്നം. ഞങ്ങളെ ഒന്ന് തല്ലണം. അതാണ് പ്രധാന ഉദ്ദേശം. ഇന്ന് എന്തായാലും അടിപിടിക്കുള്ള മൂഡില്ല, ചെറുക്കൻസ് ബാക്ക് ഔട്ട് ചെയ്‌തു

” ചേട്ടായി വണ്ടി കൊണ്ടു പൊയ്ക്കോ. കാശ് ഒക്കുമ്പോ ഞാൻ വന്നു വണ്ടി എടുത്തോളാം “, ഇതും പറഞ്ഞു ചെറുക്കൻസ് താക്കോൽ ആൾടെ കയ്യിൽ കൊടുത്തു. തല്ലാൻ സാധിക്കാത്ത കൊണ്ടാവണം അണ്ണന്മാരുടെ മുഖത്ത് ഒരു സന്തോഷം കണ്ടില്ല. കൂട്ടത്തിലൊരു അണ്ണൻ വണ്ടീൽ കയറി വണ്ടി സ്റ്റാർട് ആക്കിയപ്പോഴാണ് ചെറുക്കൻസ് ഒരു പ്രധാന കാര്യം ഓർത്തത്.

” ചേട്ടായീ, ഒരു സെക്കൻഡ് “, ചെറുക്കൻസ് വണ്ടീടെ ഡാഷ് ബോക്സ് തുറന്നു. കഴിഞ്ഞ ദിവസം പെൺരത്‌നത്തെ മുഷിപ്പിക്കണ്ടാന്നു കരുതി നിക്ഷേപിച്ച കിങ്‌സിന്റെ പാക്ക് അവിടെ വിശ്രമിക്കുന്നു. താനന്വേഷിച്ചത് കിട്ടി കഴിഞ്ഞപ്പോൾ സന്തോഷത്തോടെ ചെറുക്കൻസ് അണ്ണന്മാരെ ടാറ്റ പറഞ്ഞു യാത്രയാക്കി.

നാലഞ്ചു ദിവസത്തെ പഴക്കം തട്ടിയെങ്കിലും കിങ്‌സ്, കിങ്‌സ് അല്ലാതെ വരൂല്ലല്ലോ. ആത്‌മാവിന് ഒരു പുക കൊടുത്തു കളയാം എന്ന് കരുതി ചെറുക്കൻസ് ചായ ഗ്ലാസ് അരപ്രൈസിൽ വച്ചിട്ട് റോട്ടിലേക്കിറങ്ങി. ചുണ്ടിലേക്കു വച്ച് തീ പിടിപ്പിച്ചില്ല, അരോചകമായ ഒരു ഹോണടി കേട്ടു. ‘ഏതവനാടാ അത്’ എന്ന ആത്മഗതത്തോടെ ചെറുക്കൻസ് ചുറ്റും നോക്കി. വളവു തിരിഞ്ഞു വരുന്ന ഏതോ അലവലാതി ആണ്. കേട്ടാൽ തൊലിയുരിയുന്ന നല്ല രണ്ടു ചീത്ത പറയാൻ ചെറുക്കൻസ് ഒരുങ്ങി നിക്കുമ്പോളുണ്ട്, പെൺരത്‌നം, അതും സ്കൂട്ടറുമേ ! ഉദരത്തിൽ പൂമ്പാറ്റകൾ പാറി നടക്കണ പോലെ തോന്നി ചെറുക്കന്. പെൺരത്‌നം കാണാതെ ചെറുക്കൻസ് കിങ്‌സ് പാക്കറ്റ് ഒളിപ്പിച്ചു. പെൺരത്‌നത്തിന്റെ വാഹനം അടുത്ത് വരുന്തോറും ചെറുക്കൻസിന്റെ ഹൃദയമിടിപ്പിന്റെ എണ്ണം ക്രമാതീതമായി കൂടി.

കൂട്ടൂസേ…ചെറുക്കൻസ് അടുത്തെത്തിയ പെൺരത്നത്തെ വിളിച്ചു.

എവിടെ ? കേട്ടതായി പോലും ഭാവിച്ചില്ല കുട്ടൂസ് ! തിരിഞ്ഞു നോക്കിയതുമില്ല ! കുട്ടൂസ് അങ്ങിനെ തന്നെ വണ്ടി ഓട്ടിക്കൊണ്ട് കടന്നു പോയി.

ചുറ്റും ഇരുട്ടായ പോലെ തോന്നിക്കൊണ്ട് ചെറുക്കൻസ് കണ്ണ് മിഴിച്ചു. ദീർഘശ്വാസം എടുത്തു. ഒന്ന് കരഞ്ഞാൽ കൊള്ളാമെന്നു ചെറുക്കന് തോന്നി. വീഴുമെന്നു തോന്നിയപ്പോൾ അടുത്തു കണ്ട കലിംഗലോട്ടു ഇരുന്നു. വീണ്ടും, വീണ്ടും ദീർഘശ്വാസം എടുത്തു. ഒരു പുകയെടുത്താൽ ആശ്വാസം കിട്ടുമെന്ന് കരുതി ഒരു കിങ്‌സ് കഷ്ണം എടുത്തു കത്തിച്ചു. പുക ചെന്നപ്പോൾ ചങ്കിലെ വേദനയ്ക്ക് കുറവൊന്നും ഉണ്ടായില്ലെങ്കിലും ഒരു സുഖം തോന്നി ചെറുക്കന്. ചെറുക്കന്റെ മനസിലൂടെ അനേകായിരം ചിന്തകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. വീണ്ടും വീണ്ടും കിങ്‌സിന്റെ കഷ്ണങ്ങൾ പുകഞ്ഞു. പുകയുടെ അകമ്പടിയോടു കൂടിയ മസ്തിഷ്ക പ്രക്ഷാളനത്തിനൊടുവിൽ ചെറുക്കന് ദിവ്യ വെളിച്ചം കിട്ടിയ ഫീൽ ഉണ്ടായി.

ചെറുക്കൻ ഫോക്കസ്ഡ് ആയി ചിന്തിച്ചു തുടങ്ങി,” അല്ല, ഞാനിതിപ്പൊ ഇങ്ങിനെ ഇരുന്ന് വലിച്ചു തള്ളീട്ടു എന്നാ കാര്യം ? കുട്ടി കുട്ടീടെ പാട്ടിനു പോയി.പോയില്ലാരുന്നെങ്കിലോ ? ഒരു നിസ്സാര കാര്യത്തിന് വീട്ടീന്ന് വഴക്കിട്ട് ഇസ്‌പേഡ്‌ ഏഴാംകൂലിയും, അലവലാതിയും ആയ എന്റെ കൂടെ വന്ന ആള്, അതേ വിത്ത് ഗുണം എന്റെ അടുത്തും നാളെ കാണിക്കില്ലേ ? കാറ് വേണം, കാഞ്ചിപുരം പട്ട് വേണം, ഫലൂഡ വേണം എന്നൊക്കെ പറഞ്ഞു നമ്മളെ കബൂറാക്കില്ലേ ? ഇതൊക്കെ നമ്മളെ കൊണ്ട് കൂട്ടിയാ കൂടണ കാര്യാണോ ? ചോദിച്ചത് കിട്ടാതെ വരുമ്പോ എങ്ങോട്ടേലും ഇറങ്ങി പോയാലോ ? മൂഞ്ചിയാ ? അപ്പൊ സമാധാനിക്കുക. എല്ലാം ഭംഗിയായി തന്നെ ആണ് അവസാനിച്ചിരിക്കുന്നത്. ”

അങ്ങിനെ സംഭവിച്ചത് മുഴുവൻ പെൺരത്‌നത്തിന്റെ തെറ്റ് കൊണ്ടാണെന്നും, കുട്ടൂസ് ഒരു പുളിക്കുന്ന മുന്തിരിയായണെന്നും സ്വയം വിശ്വസിപ്പിച്ചു കൊണ്ട് ചെറുക്കൻസ് ഫോൺ എടുത്തു ഫ്ലിക്കോയെ വിളിച്ചു.

” ഹലോ…ഫ്ലിക്കോ ? ”

” മ്മ്…പറയ് ”

” അളിയാ, നീ ഫ്രീ ആണോ ? ”

” തല്ലു മേടിച്ചു തരാനുള്ള പുതിയ സ്കീം വല്ലതും ആണെങ്കിൽ, അളിയാ ഫ്രീ അല്ല… ”

” ഓരോന്ന് അടിച്ചാലോ. നീ ഫ്രീ ആണേൽ നമ്മുടെ സ്ഥിരം സ്ഥലം, അങ്ങോട്ട് പോരെ ”

” അടിയാ ? അളിയാ…ഞാൻ ഫ്രീ ആണ്. ദാ വരുന്നു ”

ചെറുക്കൻസ് ഫോൺ കട്ട് ചെയ്തു. കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഇതാദ്യമായി വല്ലാത്ത ആശ്വാസവും, സമാധാനവും തോന്നി ചെറുക്കന്. പക്ഷെ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. ചെറുക്കൻസ് കട്ടക്കുട്ടന്മാരെ യാത്രയാക്കി, കുട്ടൂസിന്റെ പ്ലാസ്റ്ററിങ് വർക്ക് സെറ്റിൽ ചെയ്യുന്നതിനിടയിൽ ഗവർമെന്റിന്റെ മദ്യനയം മാറിക്കഴിഞ്ഞിരുന്നു. സംസ്ഥാനപാതയോരത്തെ മറ്റേതു ബാറിനുമെന്ന പോലെ ‘അമേരിഗോസ് മെക്സിക്കനും’ ഗുഡലാജാരയിലെ മറ്റെല്ലാ മദ്യഷോപ്പുകൾക്കും പൂട്ട് വീണു കഴിഞ്ഞിരുന്നു. ഇതൊന്നുമറിയാതെ അസംഘ്യം മാർഗരീറ്റ ഷോട്ടുകളെ കൊതി തീരെ ഗ്ലഞ്ചിക്കുന്നതോർത്തു സുസ്മേരവദനനായി, ചെറുക്കൻസ് ‘അമേരിഗോസ് മെക്സിക്കൻ’ ലക്ഷ്യമാക്കി നടന്നു…

Advertisements