ലോ കോസ്റ്റ് ഡിവൈൻ ഇന്റർവെൻഷൻസ് ! *Conditions apply

കേരള കൌമുദിയുടെ വലിയ പഞ്ചാംഗം ! വെറുതെ ഒരു രസത്തിനാണു മറിച്ചു നോക്കി തുടങ്ങിയതെങ്കിലും ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഫാന്റസിയും, മാജികൽ റിയലിസവും, മിത്തും എല്ലാം ചേർന്ന ഒരുഗ്രൻ സാധനം ! ഉള്ളത് പറഞ്ഞാൽ ഒരു Crime Comedy Heist സിനിമ കണ്ട ഫീൽ ആയിരുന്നു.

പേര് വലിയ പഞ്ചാംഗം എന്നാണെങ്കിലും 50 ശതമാനത്തിൽ അധികം പേജുകൾ പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. പരസ്യം എന്ന് പറയുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങൊളമുള്ള, ജ്യോത്സ്യരത്നം, മഹാ മാന്ത്രികൻ, താന്ത്രിക പ്രമുഖൻ, ബ്രഹ്മശ്രീ എന്നൊക്കെ അവകാശപെടുന്ന ജ്യോതിഷചിങ്കങ്ങളുടെ സചിത്ര പരസ്യങ്ങൾ. ഒട്ടു മിക്കവയുടെയും മാറ്റർ സാമ്യമുള്ളതാണ്. ധനാകർഷണ യന്ത്രം, ശത്രുദോഷ പരിഹാരം, ജീവിതവിജയം തുടങ്ങി നമ്മൾ കാലാകാലങ്ങളായി കേട്ട് വരുന്ന പലതും ആണ് ഓഫറുകൾ. കൂട്ടത്തിലൊരു വിദ്വാൻ പരിഹരിച്ചു തരുമെന്ന് പറയപ്പെടുന്ന പ്രശ്നങ്ങളുടെ ലിസ്റ്റിൽ ‘പ്രേമഭംഗം’ എന്ന് കണ്ടു. പ്രേമഭംഗം ശരിയാക്കി തരും എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ശരിക്കങ്ങോട്ട് മനസിലായില്ല. പൊളിഞ്ഞ പ്രേമം ശരിയാക്കി തരുമെന്നാണോ, അതോ ഇത് വരെ പ്രേമിക്കാൻ പറ്റാത്തവർക്ക് പ്രേമം സെറ്റ് ആക്കി തരുമെന്നാണൊയെന്തോ ?

മേൽപറഞ്ഞവയിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ രണ്ടു പരസ്യങ്ങൾ ആയിരുന്നു ‘സ്വയം പ്രഖ്യാപിത കൽക്കിയുടെതും’, ‘ആലപ്പുഴയുടെ തെക്കൻ അതിർത്തിയിൽ വാഴുന്ന ഒരു ആൾ ദൈവതിന്റെതും’. കൊല്ലത്ത് ജനിച്ച് തിരോന്തോരത്ത് താമസമാക്കിയ, സ്വയം കൽക്കി ആണെന്ന് അവകാശപെടുന്ന നമ്പൂരിശ്ശന്റേതു ഫുൾ പേജ് പരസ്യമാണ്. അതിൽ പറയുന്നതനുസരിച്ചു ലോകത്തിൽ നടക്കുന്ന ഒട്ടു മിക്ക സംഭവങ്ങളെ കുറിച്ചും അദ്ദേഹത്തിന് നേരത്തെ തന്നെ അറിയിപ്പ് കിട്ടാറുണ്ടത്രെ. അറിയിപ്പ് കൊടുക്കുന്നത് സ്വയം മഹാദേവനും ! പക്ഷെ ചില വിലക്കുകൾ കാരണം അതൊന്നും പുറത്തു പറയാൻ സാധിക്കില്ല എന്നാണു അദ്ദേഹം പറയുന്നത്. പുറത്തു പറയരുതെന്ന ഉറപ്പിൻ മേൽ ശിവഭഗവാൻ ടിയാന് ഇത്തരം വിവരങ്ങൾ ചോർത്തി കൊടുക്കുന്നതെന്തിനാണെന്ന് അദ്ദേഹം പരസ്യത്തിൽ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ ഒരു കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്, പരിഹാര ക്രിയകൾക്കു സാമ്പത്തികം ഒരു വിഷയമാകാത്തവർ മാത്രം അങ്ങോട്ട്‌ ചെന്നാൽ മതിയെന്ന് !

ആൾദൈവത്തിന്റെ പരസ്യത്തിൽ കണ്ട വെബ്‌സൈറ്റ് സന്ദർശിച്ചപ്പോഴാണ് അവരുടെ ശരിക്കുള്ള റെഞ്ച് മനസിലായത്. നമ്മുടെ പല മന്ത്രിമാരും പലപ്പോഴായി അവരുടെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം മേടിച്ചിട്ടുള്ളവരാണു. ടി ദൈവത്തിന്റെ അനുഗ്രഹം മൂലം അവരുടെ ഗ്രാമം തെക്കേഇന്ത്യയിലെ തന്നെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന വിവരവും വെബ്‌സൈറ്റിൽ നിന്നറിയാൻ കഴിഞ്ഞു. ആ വെബ്‌സൈറ്റിന്റെ തന്നെ ‘സംഭാവന’ (Donations) എന്ന സെക്ഷൻ വിസിറ്റ് ചെയ്തപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്. 300 കോടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 2006 തിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ വാളിഡിറ്റി 2009 മാർച്ച്‌… മൂന്ന് വർഷം കൊണ്ട് 300 കോടി രൂപ ! ഒരു മലയാളിയായ ഞാൻ ഇക്കഴിഞ്ഞ ദിവസം വരെ കേൾക്കാത്ത, ഒരു മലയാളി ആൾദൈവത്തിന്റെ സംഭാവന പിരിക്കലിന്റെ, അവരു തന്നെ പുറത്തു വിട്ട കണക്കാണിതെന്നിരിക്കെ, കേരളത്തിലെ പ്രശസ്തരായ മറ്റ് ആൾദൈവങ്ങളുടെ ആസ്തി എന്തായിരിക്കും ?

മേല്പറഞ്ഞ പുസ്തകത്തിൽ പരസ്യം കൊടുത്തിട്ടുള്ള മുപ്പതോ, നാല്പതോ ‘ഡിവൈൻ ഇടനിലക്കാരുടെ’ മാത്രം കണക്കെടുത്താൽ ഒരു വർഷം ഏറ്റവും കുറഞ്ഞത്‌ 50 കോടിയുടെ ബിസിനസ് നടക്കുണ്ടാവും. കളർകോടൻ വാഴുന്നതിന് 2 കിലോമീറ്റർ ചുറ്റളവിൽ മാത്രം ഏതാണ്ട് പത്തോ, പതിനഞ്ചോ ഡിവൈൻ ഇടനിലക്കാരുണ്ട്. കേരളം മുഴുവനുമുള്ള ഇത്തരക്കാരുടെ എണ്ണമെടുത്താലോ ? ഇവരെല്ലാം കൂടി ഒരു വർഷം എത്ര രൂപയുടെ ബിസിനസ് ചെയ്യുന്നുണ്ടാവും ? തല പെരുപ്പിക്കുന്ന കണക്കാണതു. ഇത്തരം ‘ദൈവീക ഇടനിലക്കാരുടെ’ എണ്ണം, ദിനം പ്രതി ജ്യോമെട്രിക് പ്രപ്പോർഷനിലാണ് പെരുകുന്നത് എന്നത് ഒരു ചെറിയ കാര്യമല്ല. എന്ത് കൊണ്ടാണിങ്ങനെ എന്നാലോചിക്കുമ്പോൾ തോന്നിയ കാരണങ്ങളാണ് ചുവടെ…

പ്രത്യേകിച്ചൊരു ബിരുദമോ, പ്രാഥമിക വിദ്യാഭ്യാസമോ ഒന്നും ആവശ്യമില്ലാത്ത ജോലിയാണ് ഒരു ഡിവൈൻ ഇടനിലക്കാരന്റെത്. പെട്ടെന്നൊരു നാൾ അയാള് പറയുകയാണ്‌, ‘എനിക്ക് ദൈവത്തെ കാണാമെന്നു’, ഞാൻ ദൈവത്തോട് സംസാരിച്ചെന്നു’, ചിലപ്പോൾ ‘അയാൾ സ്വയം ദൈവമാണെന്ന്’. ചിലപ്പോൾ കൈ നോക്കും, ചിലപ്പോൾ കവിടി നിരത്തും, മാർഗം പലർക്കും പലതായിരിക്കും. മാർഗം എന്ത് തന്നെയായാലും ഇന്ത്യയിലെ ഒരു സാഹചര്യം വച്ച് അയാളുടെ ചുറ്റും ഏറ്റവും കുറഞ്ഞത്‌ പത്ത് ആളെങ്കിലും കൂടിയിരിക്കും. പിന്നെ വായിൽ കിടക്കുന്ന നാക്കിന്റെ ഫ്ലെക്സിബിലിറ്റി അനുസരിച്ച് പ്രവചനങ്ങൾ തുടങ്ങുകയായി. ഒരൽപം മിടുക്കുണ്ടെങ്കിൽ പത്തു വെടി പൊട്ടിക്കുമ്പോൾ രണ്ടെങ്കിലും ലക്‌ഷ്യം കാണും. ചീറ്റിയ എട്ടെണ്ണം ആളുകൾ സൗകര്യപൂർവ്വം മറക്കും. ലക്‌ഷ്യം കണ്ട രണ്ടെണ്ണം വാഴ്ത്തി പാടാൻ ആളുകൾ ഉണ്ടാവും. ഇനി പത്തിൽ പത്തും ചീറ്റിയാലോ ? ഒരു ചുക്കും സംഭവിക്കില്ല. നാളിതു വരെ പ്രവചനം തെറ്റിയെന്നത് കൊണ്ടോ, ജാതക പൊരുത്തം നോക്കി നടത്തിയ വിവാഹബന്ധം തകർന്നു എന്ന കാരണത്താലോ, ജ്യോത്സ്യന്റെ കയ്യിൽ നിന്നും ഫീസ്‌ തിരിച്ചു മേടിക്കാനോ, ആൾദൈവത്തെ കയ്യേറ്റം ചെയ്യാനോ ആരേലും ശ്രെമിച്ചതായി കേട്ടിട്ടുണ്ടോ ? അങ്ങിനെയുണ്ടാവില്ല. കാരണം കൂടോത്രം ചെയ്താലും, രാശി ഫലം തെറ്റിയാലും ഇക്കൂട്ടരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണ ഘടനയിൽ വകുപ്പില്ല ! റിസ്ക്‌ ഫാക്റ്റർ സീറോ ആണെന്നത് തന്നെയാണ് ഒരുപാട് ആളുകൾ ഇത്തരം ജോലിയിലോട്ടു വരാനുള്ള, ഇത്തരക്കാരുടെ എണ്ണം ക്രെമാതീതമായി പെരുകാനുള്ള ഒന്നാമത്തെ കാരണം.

രണ്ടാമത്തെ കാരണം മറ്റൊന്നുമല്ല ആൾക്കാരുടെ വിവരമില്ലായ്മ ആണ് (തെറ്റിധരിക്കേണ്ട, വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ്)’ !. ഭൂരിപക്ഷം മലയാളികളെയും ഒരുപാട് തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പരമ്പരാഗത രോഗമെന്ന പോൽ ബാധിച്ചിരിക്കുന്നു. ചില ചട്ടമ്പികൾ തല്ലു പിടിക്കാൻ പോകുന്നതിനു മുൻപ് ധൈര്യത്തിന് വേണ്ടി രണ്ടെണ്ണം വീശുന്നത് പോലെയാണ് പലരും ആൾദൈവങ്ങളെയോ, ദൈവത്തിന്റെ ഇടനിലക്കരെയോ തേടി പോകുന്നത്. എന്ത് ചെയ്യുന്നതിന് മുൻപും സമയം ഒന്ന് നോക്കിച്ചില്ലായെങ്കിൽ ‘ഒരു സുഖക്കുറവ്’. ഇവരിൽ പലർക്കും ‘സമയം കുറിച്ച് മേടിച്ച്’ തുടങ്ങിയ പല സംരംഭങ്ങളും പൊട്ടി പാളീസായ അനുഭവങ്ങളുണ്ടേങ്കിലും ഒരു നൂറു രൂപ കാശ് കൊണ്ട് ആരുടെയെങ്കിലും പെട്ടിയിലിട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. പരീക്ഷ എഴുതുന്ന പേന പൂജിക്കുക, പുതിയ വണ്ടി വാങ്ങിയാൽ വണ്ടിയും, താക്കോലും പൂജിക്കുക, വാസ്തു നോക്കി ടോയിലെറ്റ്‌ പൊളിച്ചു പണിയുക തുടങ്ങിയവ എല്ലാം ഈ അസുഖത്തിന്റെ തന്നെ വകഭേദങ്ങളാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലിൽ ആണ് വൈകുന്നേരം നാല് മണിക്ക് ഐശ്വര്യം കൊണ്ട് വരുന്ന ചങ്കിന്റെ പരസ്യം ടെലികാസ്റ്റ് ചെയ്യപെടുന്നത്. ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന പത്രത്തിന്റെ ടോപ്‌ ലെഫ്റ്റ് കോർനെർ ശ്രെദ്ധിച്ചാൽ കുട്ടിചാത്താൻ സേവയുടെ പരസ്യം കാണാം. അത് കൊണ്ട് തന്നെ നേര് ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തിക്കുന്നു എന്നവകാശപെടുന്ന മുഖ്യധാര മാധ്യമങ്ങളുടെ ഭാഗത്ത്‌ നിന്ന് ഇക്കൂട്ടർക്കെതിരെ ഒരു നീക്കവും പ്രതീക്ഷിക്കേണ്ടതില്ല. സാങ്കേതികമായി ആൾ ദൈവങ്ങൾക്കും, ഇടനിലക്കാർക്കും മതവുമായി ബന്ധമൊന്നുമില്ലെങ്കിലും പ്രത്യക്ഷത്തിൽ ഇവരെല്ലാം തന്നെ മതവുമായി ബന്ധപെട്ടു നില്ക്കുന്നു എന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉള്ളതിനാൽ ഗവണ്‍മെന്റിന്റെ ഭാഗത്ത്‌ നിന്നും ഇത്തരം ചൂഷണങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും വിചാരിക്കാൻ വയ്യ. അതായത് നമുക്ക് നമ്മൾ തന്നെ രക്ഷ !

‘ഈശ്വരനിശ്ചയം തിരുത്താനും, തങ്ങൾക്കനുകൂലമാക്കാനും ആൾ ദൈവങ്ങളെയും, ഇടനിലക്കാരെയും തേടി പോകുന്നവരോട്…കാശ് ചിലവാക്കി എളുപ്പം വളയ്ക്കാൻ കഴിയുന്ന ഒരാളായി ആണ് നിങ്ങളിൽ പലരും ദൈവത്തെ മനസിലാക്കിയിരിക്കുന്നത് എന്നറിയാം. പൂജകളും, വഴിപാടുകളും കഴിക്കുന്നത്തിന്റെയും, മുടക്കുന്നതിന്റെയും മുറയ്ക്ക് പ്രത്യുപകാരവും, പ്രതികാരവും ചെയ്തു പോരുന്ന ഒരാളാണ് ദൈവം എന്ന് നിങ്ങൾ ആരേലും കരുതുന്നുവെങ്കിൽ അയാളുടെ ബുദ്ധി തിരിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കുക. സൂര്യനും, ചന്ദ്രനും, ഭൂമിയും ( 700 കോടി മനുഷ്യരും മറ്റനേകം ജീവജാലങ്ങളും വസിക്കുന്ന), കോടാനുകോടി നക്ഷത്രങ്ങളും ഉൾപ്പെടുന്ന മിൽക്കിവേ എന്ന ഗ്യലക്സിയും, 1,70,000 കോടി വരുന്ന മറ്റു ഗ്യലക്സികളും സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ദൈവം എന്ന ശക്തിയെ അറിയാം, അല്ലെങ്കിൽ അത് സ്വയം താനാണ് എന്നരേലും നിങ്ങളോട് പറയുന്നുവെങ്കിൽ, ഒന്നുകിൽ അയാൾ Schizophrenia എന്ന മാനസിക രോഗത്തിനടിമയാണ്, അല്ലെങ്കിൽ അയാളൊരു തട്ടിപ്പുകാരനായിരിക്കും എന്നുറപ്പ് ! പക്ഷെ അത്തരം തട്ടിപ്പുകൾക്ക് നിന്ന് കൊടുക്കണോ വേണ്ടയോ എന്നതു നമ്മുടെ ഓരോരുത്തരുടെയും ചോയ്സ് ആണ് !

*Predictions are subject to interstellar risks caused by the illogical satellite launching of 3rd world countries

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.