നോട്ട് ഫോർ സേൽ ഔട്ട്‌സൈഡ് മാഹി

പണ്ടായാലും ഇപ്പോഴായാലും പകലായാലും, രാത്രിയായാലും മദ്യം കാണുമ്പോൾ എനിക്ക് സുഹൃത്തുക്കളെ ഓർമ വരും, തിരിച്ചും ! സ്വശകടത്തിനും അത് അറിയുന്നത് കൊണ്ടാവാം മാഹി സർക്കിളിൽ കയറി, ആദ്യം കണ്ട മദ്യക്കടയുടെ മുൻപിൽ, അവൻ താനേ നിന്നു.

എതിരഭിപ്രായമൊന്നും പറയാതെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി, കടയിൽ കയറി. മുന്തിയ ഇനം വിദേശ മദ്യകുപ്പികൾ നല്ല വൃത്തിക്ക് അടുക്കി വച്ചിട്ടുള്ള, നന്നായി അലങ്കരിച്ച രസ്യൻ കട ! ഒരുമാതിരിപ്പെട്ട ഐറ്റംസ് എല്ലാം നമ്മുടെ നാട്ടിൽ കിട്ടുന്നത് തന്നെ. വിലയിൽ 60-70 % വ്യത്യാസവുമുണ്ട്. പക്ഷെ വില കുറച്ചു കിട്ടുന്നത് കൊണ്ട് മാത്രം ഏതേലും സാധനം മേടിച്ചു സേവിക്കണ്ട കാര്യമില്ല. ഒരു വെറൈറ്റി സാധനത്തിനു വേണ്ടി പരതി കൊണ്ടിരുന്നതിനിടയിൽ, അവനെ കണ്ടു. ബ്രീസർ ! ബീയർ പോലെ തന്നെ ഒരു ഐറ്റം. നമ്മുടെ നാട്ടിൽ കിട്ടാത്തത്. പണ്ട് വൻ നഗരങ്ങളിലെ പെണ്‍ക്കുട്ടികൾ കുടി തുടങ്ങുന്നതിനു മുന്നോടിയായി സേവിച്ചു ശീലിച്ചിരുന്നത്. ഇപ്പോൾ ആ പതിവില്ല, നേരിട്ട് കട്ട റമ്മിൽ കുടി തുടങ്ങാനും മാത്രമുള്ള തന്റേടം മെട്രോക്കുട്ടികൾ നേടി കഴിഞ്ഞിരിക്കുന്നു. Inheritance ! പറഞ്ഞു വന്നത് ബ്രീസറിനെ കുറിച്ച്. മറ്റു മദ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൽക്കഹോൾ കണ്ടന്റ് നന്നേ കുറവ്. 4.8 % ! സാധാരണ മദ്യത്തിൽ 40 % മുതൽ 46 % വരെയാണ് വീര്യത്തിന്റെ അളവ്. ലൈം, ക്രാൻബെറി, ഓറഞ്ച്, ആപ്പിൾ, പൈൻആപ്പിൾ, ചക്ക മാങ്ങ തേങ്ങ, പാവൽ പടവലം തുടങ്ങി പല വിധ ഫ്ലെവറുകൾ. കൊള്ളാം, ഓൾഡ്‌ മോങ്കിന്റെ അത്ര ആഢ്യൻ അല്ലെങ്കിലും യോഗ്യൻ തന്നെ ! കൊണ്ടോന്നെങ്കിൽ അതിവനെ തന്നെയെന്ന് മനസ്സിൽ ഉറപ്പിച്ചു. കടയിൽ എടുത്തു കൊടുക്കാൻ നില്ക്കുന്ന ചേട്ടനോട് കുപ്പി കൊണ്ട് പോകുന്നതിന്റെ നിയമവശത്തെ കുറിച്ച് പല ആവർത്തി തിരക്കി. ചെക്കിങ്ങ് സാധാരണ ഉണ്ടാവാറില്ല, ഉണ്ടെങ്കിൽ തന്നെ രണ്ടോ മൂന്നോ കെയ്സ് സാധനം കൊണ്ട് പോകുന്നതിനു ഒരു നിയമ തടസോം ഇല്ല. ധൈര്യമായി കൊണ്ടോക്കോളാൻ പറഞ്ഞു, തൊലിയാർ മണിയൻ !

അങ്ങിനെയെങ്കിൽ എല്ലാ ഫ്ലെവറും ഓരോ കുപ്പി പോരട്ടെയെന്നു ഉത്തരവിട്ടു. എല്ലാ ഫ്ലെവറും ഓരോ കുപ്പി എന്ന് പറയുമ്പോൾ, ബ്രീസർ ഇത് വരെ കണ്ടിട്ടില്ലാത്തവർ ഞെട്ടണ്ട. 330 ml അളവിൽ എട്ടോ, ഒൻപതോ കുപ്പികൾ. അപ്പോൾ കടക്കാരൻ തൊലിയാർ മണിയന്റെ ഓഫർ. ഒരു കെയ്സ് (12 എണ്ണം) മൊത്തത്തിൽ മേടിച്ചാൽ കാര്യായ ഡിസ്കൌണ്ട് തരാന്ന്. സ്നേഹപൂർവ്വം ആ ഓഫർ നിരസിച്ച ശേഷം നാനാവിധ സ്വാദിലുള്ള, ബഹുവർണ്ണകുപ്പികൾ തൂക്കിയെടുത്ത് കടയിൽ നിന്നിറങ്ങി. കുപ്പികൾ ഡ്രോപ്പ് ബൊക്സിലും, സീറ്റിലുമായി നിക്ഷേപിച്ച ശേഷം യാത്ര തുടർന്നു. മാഹി ബോർഡർ പിന്നിട്ട് അഞ്ചു കിലോമീറ്റർ കഴിഞ്ഞില്ല, ചെക്കിംഗ് ! യേമാൻ കയ്യ് കാണിച്ച് വണ്ടി നിർത്തി, അടുത്തേയ്ക്ക് വന്നു.

” എവിടെ നിന്നു വരുന്നു ? ”
” വടക്ക് നിന്നു ”
” എങ്ങോട്ട് പോകുന്നു ? ”
” തെക്കൊട്ടെയ്ക്ക് ”
” മാഹിയിൽ ഇറങ്ങിയില്ലേ ? ”
” ഇറങ്ങിയിരുന്നു ”
” സ്ഥലം എങ്ങനെ ? ”
” കൊള്ളാം ”
” പോരാൻ നേരം കുപ്പിയൊന്നും വാങ്ങിയില്ലേ ? ”
” വാങ്ങി ”
” എന്നിട്ടെവിടെ ? ”
” വണ്ടിയിലുണ്ട് ”
” എവിടെ ? കാണട്ടെ ”
” ദാ ഇവിടെ. കണ്ടോളുക ”
” ഇത് കുറച്ചുണ്ടല്ലോ ”
” പല ഫ്ലവറുകൾ, ബഹുവർണ്ണത്തിൽ. കൌതുകം തോന്നി ”
” കൌതുകം മനുഷ്യസഹജം. പക്ഷെ, കുപ്പിയിലെ ലേബൽ ശ്രെദ്ധിച്ചില്ലേ ? ”
” ഇല്ല, ശ്രെദ്ധിച്ചില്ല ”
” എന്നാൽ ഇപ്പോൾ ശ്രെദ്ധിക്കുക. ‘നോട്ട് ഫോർ സേൽ ഔട്ട്‌സൈഡ് മാഹി’ ”
” എന്ന് വച്ചാൽ ? ”
” എന്ന് വച്ചാൽ മാഹിയിലെ മദ്യം മാഹിക്ക്‌ വെളിയിൽ വച്ച് കഴിക്കുന്നത്‌ നിയമ ലംഘനം ആണെന്ന് ! ”
” അതിനു അങ്ങിനെ ഒരു അർത്ഥമുണ്ടോ ? ”
” അതിനു അങ്ങിനെ ഒരു അർത്ഥമേയുള്ളു. മനസിലായോ ? ”
” മനസിലായി വരുന്നു ”
” എന്നാ കുപ്പിയെട് ”
” ദാ എടുത്തു ” (ഉണ്ടായിരുന്ന ബ്രീസർ കുപ്പികൾ പ്ലാസ്റ്റിക്‌ കവറിൽ നിറച്ച് യേമാന് കൊടുത്തു)
” ബാക്കിയുള്ളത് എവിടെ ? ”
” ഇനിയില്ല ”
” ഇത് പോരല്ലോ ! ”

അതും പറഞ്ഞു യേമാൻ വണ്ടിയിൽ പരതാൻ തുടങ്ങി. തപ്പലെന്നു പറഞ്ഞാൽ മുടിഞ്ഞ തപ്പൽ. ഡ്രോപ്പ് ബൊക്സും, സീറ്റ് കവറും, ഡിക്കിയും തുടങ്ങി ഒഴിഞ്ഞു കിടന്ന ഹൽദിറാം കവർ വരെ തുരന്നുള്ള പരിശോധന. തപ്പി മടുത്ത യേമാൻ ബ്രീസർ കുപ്പികൾ നിറച്ച കവറുമായി ജീപ്പിനരികിലേക്ക് നീങ്ങി. ഞാൻ യേമാനേ പുറകിൽ നിന്നു വിളിച്ചു.

” ഗുരോ ”
” ഉം, എന്താ ? ”
” ആ കുപ്പികൾ ”
” അത് സ്വാഹ ! ”
” കാരണം ? ”
” അറ്റംപറ്റ് റ്റു നിയമലംഘനം ”
” കുപ്പികൾ യേമാൻ കൊണ്ടോണ സ്ഥിതിക്ക് നിയമലംഘനം നടത്താൻ ശ്രെമിച്ചതിന്റെ രസീതി വല്ലതും കിട്ടിയാൽ കൊള്ളാരുന്നു ”
” നിന്നേം കുപ്പീടെ കൂടെ കൊണ്ടോണേ കാണണാ ? ”
” അയ്യോ, വേണ്ട ”
” അപ്പൊ നേരം കളയാണ്ടെ വിട്ടോ ”
” അങ്ങനെയെങ്കിൽ മേലിൽ നിയമലംഘനം നടത്താതിരിക്കാൻ തക്ക വിധത്തിൽ എന്നെ ഒന്ന് വിരട്ടി വിട്ടൂടെ ? ”
” അതിന്റെ ആവശ്യമില്ല. നിനക്ക് ഉള്ളിൽ പേടി തട്ടി കഴിഞ്ഞിരിക്കുന്നു. മേലിൽ അതിനു തുനിയുമ്പോൾ നിന്റെ കയ്യ് വിറയ്ക്കും, കാൽ കഴയ്ക്കും, കണ്ണ് തുറിക്കും”

ഇതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്ന യേമാൻ ബ്രീസർ കുപ്പികൾ നിറച്ച കവർ ജീപ്പിന്റെ പിൻസീറ്റിൽ കൊണ്ട് വച്ച ശേഷം വീണ്ടും രാഷ്ട്രസേവനത്തിൽ വ്യാപ്രതനായി. ഇതേ സമയം യേമാന്റെ സഹപ്രവർത്തകർ മിനിട്ടിനു മിനിമം മൂന്നെന്ന കണക്കിനു വണ്ടികൾ പരിശോധിച്ച് കുപ്പികൾ കൈക്കലാക്കുന്ന തിരക്കിലായിരുന്നു.

അതിഭയങ്കരമായ ഒരു നിയമലംഘനത്തിൽ നിന്നും എന്നെ രക്ഷിച്ച യേമാന് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് ഞാൻ യാത്ര തുടർന്നു. കിലോമീറ്ററുകൾ ഓടിത്തള്ളി, കളർകോടെത്തി. സമയം സന്ധ്യ കഴിഞ്ഞിരിക്കിന്നു. പതിവായി കിളിമാസ് കളിക്കുന്ന നേരം. വണ്ടി നേരെ കായലിനരികെയുള്ള കളിത്തട്ടിലേക്ക് പായിച്ചു. പ്രതീക്ഷ തെറ്റിയില്ല. എന്നെ കാത്തു കണ്ണിലെണ്ണയൊഴിച്ചു പഴവീടനതാ ലവിടെ. എന്നെ കണ്ടതും പഴവീടന്റെ കണ്ണ് നിറഞ്ഞു, ശബ്ദമിടറി. ഓടി വന്ന് ആശ്ലേഷിച്ചു, ആലിംഗനം ചെയ്തു, ഒച്ച താഴ്ത്തി ചെവിയിൽ മന്ത്രിച്ചു, ” തൊണ്ട നനയ്ക്കാനെന്തെങ്കിലും വാങ്ങിയോ ? “. അപ്പോഴാണ്‌ വണ്ടിയുടെ ഡിക്കിയിൽ കിടക്കുന്ന ഹോം മെയ്ഡ് ചൊക്ലറ്റിന്റെ ഒഴിഞ്ഞ കവർ ഓർമയിൽ വന്നത്. കവറെടുത്തു കളയാനായി ഡിക്കി തുറന്നു. അത്ഭുദം ! അന്തരീക്ഷത്തിൽ ചെന്താമര വിരിഞ്ഞത് പോലെ…വെണ്ടുരുത്തിയിൽ കുന്തിരിക്കം പുകച്ചത് പോലെ… ഡിക്കിയുടെ മൂലയ്ക്കൊരു മഞ്ഞ വെളിച്ചം. ബ്ലെന്ദെർസ് പ്രൈഡ് 750 ml സിൻഗുലർ ഭാവത്തിൽ ! എത്ര ആലോചിച്ചിട്ടും ആ സാധനം എങ്ങനെ അവിടെയെത്തിയെന്നത് എനിക്ക് പിടി കിട്ടിയില്ല. പക്ഷെ കുപ്പിയുടെ വെട്ടം കണ്ടതും പഴവീടൻ ഒറ്റ ചാട്ടത്തിനത് കൈക്കലാക്കി. വീണ്ടും എന്നെ ആലിംഗനം ചെയ്തു. ഞാൻ പൊന്നപ്പനല്ല തങ്കപ്പനാണെന്നു ഒച്ചത്തിൽ വിളിച്ചു കൂവി. പഴവീടനങ്ങനെ ആനന്ദനൃത്തമാടുന്നതിനിടയിലാണു ഞാൻ കുപ്പി മേലുള്ള ലേബൽ ശ്രെദ്ധിച്ചത്. ‘നോട്ട് ഫോർ സേൽ ഔട്ട്‌സൈഡ് മാഹി !’ യേമാൻ പറഞ്ഞതനുസരിച്ച് മാഹിക്ക്‌ വെളിയിൽ വച്ച് കഴിച്ചൂടാത്ത സാധനം. താമസിച്ചാൽ പഴവീടനതിനെ കുപ്പിയോടെ തന്നെ വിഴുങ്ങിയെന്നു വരാം. രാജ്യദ്രോഹം ! ഘോരമായ നിയമലംഘനം ! പഴവീടന്റെ കയ്യിൽ നിന്നും കുപ്പി തട്ടി പറിച്ച് കടവിലേക്ക് ഓടീ ഞാൻ. ‘വാറ്റുകാരന്റെ അഭിമാനത്തെ’ കഴുത്തിന്‌ പിടിച്ച് വായുവിൽ മൂന്നു വട്ടം ചുഴറ്റി, പള്ളാത്തുരുത്തി ആറിന്റെ പള്ളയിലേക്ക് വീക്കി. ‘ബ്ലും’ ശബ്ദത്തോടെ ആറിൽ നിപതിച്ച കുപ്പി, കായലിന്റെ ആഴങ്ങളിലേക്ക് പതിയെ ഊളിയിട്ടു. കാര്യം മനസിലാവാതെ പകച്ച പഴവീടൻ തെറിയഭിഷേകം തുടങ്ങി, വീക്കാൻ കല്ല്‌ തിരഞ്ഞു, തല്ലാൻ പത്തല് വെട്ടി. അവനറിയുന്നോ, അറിയാതെ ചെയ്തു പോയേക്കാമായിരുന്ന ഒരു മഹാപാതകത്തിൽ നിന്നുമാണ് ഞാനവനെ രക്ഷിച്ചതെന്ന്…

അല്പം ജനറൽ നോളഡ്ജ്  :
9 SqKm ചുറ്റളവുള്ള മാഹിയിൽ 42000 ത്തിൽ താഴെ ആളുകൾ മാത്രമാണ് താമസിക്കുന്നത്. ഏതാണ്ട് 64 ഇൽ അധികം മദ്യ ഷോപ്പുകൾ ഉണ്ടവിടെ. അതായത് 600 ആൾക്ക് ഒരു മദ്യഷോപ്പെന്ന കണക്കിൽ. കേരളത്തിൽ 85000 ആൾക്ക് ഒരു മദ്യഷോപ്പെന്നതാണ് കണക്കെന്നോർക്കണം. മാഹിയിലെ മദ്യത്തിനു വില കേരളത്തിൽ കിട്ടുന്നതിന്റെ മൂന്നിലൊന്നു മാത്രവും. അങ്ങിനെയുള്ളപ്പോൾ മാഹി വഴിക്ക് യാത്ര ചെയ്യുന്ന ഒരു സാധാരണ മലയാളി ഒന്നോ രണ്ടോ കുപ്പി വാങ്ങി വണ്ടീലിട്ടാൽ അവനെ തെറ്റ് പറയാനൊക്കുമോ ? ഇനി അത് നിയമ പ്രകാരം കുറ്റമാണെങ്കിൽ കടയിൽ വിലക്കാൻ നില്ക്കുന്ന ഇരപ്പാളികൾ മദ്യം വാങ്ങാനെത്തുന്നവരെ അക്കാര്യം പറഞ്ഞു മനസിലാക്കെണ്ടേ ? പോട്ടെ, അവരുടെ വയറ്റിപിഴപ്പാണെന്ന് പറയാം. സർക്കാർ ശമ്പളം വാങ്ങിക്കുന്ന യേമാന്മാരുടെ കാര്യമതാണോ ? സാധാരണക്കാരന്റെ അറിവില്ലായ്മയെ മുതലെടുത്ത്‌ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു വിരട്ടിയ ശേഷം, കാശ് കൊടുത്തു വാങ്ങിച്ച സാധനം തട്ടിയെടുക്കുന്നതിനെ ഇരപ്പാളിത്തരം എന്നല്ലാതെ മറ്റെന്തു പറഞ്ഞാണ് വിശേപ്പിക്കേണ്ടത്.

ചില ആളുകൾ അങ്ങിനെയാണ്. നല്ല ഉദ്യോഗം, നല്ല ശമ്പളം എല്ലാമുണ്ടാവും പക്ഷെ ഏതേലും പാവപ്പെട്ടവന്റെ ചോറുംപാത്രം തട്ടിപ്പറിച്ച് അതിൽ നിന്ന് രണ്ടു വറ്റ് വാരി തിന്നാലെ ഉറക്കം വരൂ…

Advertisements