തേങ്ങയെക്കാൾ കൂടുതൽ എഞ്ചിനിയറൻമാരുള്ള കാലം

” എന്നാ ഉണ്ടടാ ഉവ്വേ, വിശേഷം ? ”

” സുഖം. പരമാനന്ദം ! ”

” ഉവ്വ ! എല്ലാം ഞാൻ അറിയുന്നുണ്ട്. നീയീ വായിനോക്കി നടക്കുന്ന സമയത്ത് ഗൾഫിൽ പോയി കുറച്ചു കാശുണ്ടാക്കി വന്നൂടെ ? ”

” അതൊന്നും ശരിയാവില്ല അങ്കിൾ. ”

” അതെന്നാ ശരിയാവാത്തെ ? ”

” ഗൾഫിൽ പോയി എത്ര നാൾ ജോലി ചെയ്താലാണ് നാട്ടിൽ സുഖമായി ജീവിക്കാനുള്ള കാശ് സമ്പാദിക്കാൻ പറ്റുക ? ”

” ഒരു പത്തു കൊല്ലം ! ”

” അങ്കിൾ ഗൾഫിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് എത്ര കൊല്ലമായി ? ”

” ങാ എന്തിനാ ? നമ്മൾ സംസാരിക്കുന്നത് നിന്റെ കാര്യമാണ് ! ”

” ചൂടാവാതെ അങ്കിൾ. ഒന്നറിഞ്ഞിരിക്കാനാ. ”

” ഏതാണ്ട് 30 കൊല്ലത്തോളമായി കാണും. ”

” 30 കൊല്ലം ഗൾഫിൽ ജോലി ചെയ്തിട്ടും, നാട്ടിൽ വന്നു സുഖമായി ജീവിക്കാനുള്ള കാശ് അങ്കിൾ സമ്പാദിച്ചു കഴിഞ്ഞില്ലേ ? ”

” എന്ന് പറഞ്ഞാ എങ്ങനാ ? എനിക്കെന്റെ പിള്ളേരെ പഠിപ്പിക്കെണ്ടേ ? ”

” അപ്പൊ എന്നോട് പത്തു കൊല്ലത്തിന്റെ കണക്കു പറഞ്ഞത് എന്ത് ഉദ്ദേശത്തിലാ ? എനിക്കെന്നാ പിള്ളേര് ഉണ്ടാവത്തില്ലേ ?”

” ഡാ ഉവ്വേ, നിനക്ക് വേണങ്കിൽ പോ. പോയില്ലെലും ഇവിടെയാർക്കുമൊന്നുമില്ല. ”

” അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അങ്കിളിന്റെ പിള്ളേരുടെ കാര്യം. അവരു കേരളത്തിൽ അല്ലേ പഠിക്കുന്നത് ? ”

” അതെ. അതിനെന്താ ? ”

” അപ്പൊ, അവരെ പഠിപ്പിക്കാൻ ഇത്രയധികം പണമെന്തിനാ ?”

” എൻജിനിയറിങ്ങിനു സീറ്റ് കിട്ടണേൽ ലക്ഷങ്ങൾ എത്ര ചിലവാകുമെന്നു നിനക്കറിയാമോ ? ”

” അറിയില്ല. ”

” അറിയില്ലേൽ ഒരിടത്ത് മിണ്ടാതിരിന്നോണം. സീറ്റ് കിട്ടണേൽ തന്നെ 2,3 ലക്ഷം രൂപ ചിലവുണ്ട്. നാല് വർഷത്തെ ട്യുഷൻ ഫീ 3.5 ലക്ഷം രൂപയോളം വരും. പിന്നെ ഹോസ്റ്റൽ ഫീ, മെസ്സ് ഫീ, സ്പോർട്സ് ബൈക്ക്, മൊവൈൽ ഫോണ്‍ , SLR കാമറ …അങ്ങിനെ രൂപ കുറച്ചൊന്നും പോരാ ”

” അല്ല, പിള്ളേരെ എൻജിനിയറിങ് തന്നെ പഠിപ്പിക്കണമെന്ന് എന്തിനാ ഇത്ര വാശി ? ”

” അതെന്റെ ഒരു സ്വപ്നമാണ്. എനിക്ക് കഴിയാത്ത് എന്റെ പിള്ളേർക്ക് കഴിയണം. ”

” എൻജിനിയറിങ് അങ്കിളിന്റെ സ്വപ്നം ആണെങ്കിൽ, അങ്കിൾ അല്ലേ എൻജിനിയറിങ് പഠിക്കാൻ ചേരേണ്ടത്. ഏതു പ്രായക്കാർക്കും പഠിക്കാൻ രീതിയിൽ കറസ്പ്പോണ്ടൻസ് കോഴ്സുകൾ രാജ്യത്താകമാനം ഉണ്ടല്ലോ ? ആ വഴി നോക്കാതെ, അങ്കിളിന്റെ സ്വപ്നം പിള്ളേരുടെ മേൽ അടിചെൽപ്പിക്കുന്നത്‌ നല്ലതാണെന്ന് തോന്നുന്നുണ്ടോ ? ”

” എന്റെ പിള്ളേരുടെ കാര്യം ഞാൻ നോക്കിക്കോളാം. പിന്നെ എൻജിനിയറിങ് ജോലി സാധ്യതയെ കുറിച്ച് നിനക്ക് വല്ല തേങ്ങയും അറിയാമോ ? ”

” ജോലി സാധ്യതയെ കുറിച്ച് നമുക്ക് വഴിയെ ചർച്ച ചെയ്യാം. എൻജിനിയറിങ് എൻട്രൻസ്‌ എക്സാം പാസായാൽ ഈ ട്യുഷൻ ഫീയും, കാപ്പിറ്റേഷൻ ഫീയും ഒക്കെ മുടക്കേണ്ട കാര്യമുണ്ടോ ? ”

” ഓ അങ്ങിനെ. എന്റെ പിള്ളേർക്ക് ഒരിത്തിരി ബുദ്ധി കുറവാടാ, ഉവ്വേ. അവർക്ക് ഞാൻ കാശ് കൊടുത്തു സീറ്റ് മേടിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. നീ നിന്റെ പാട് നോക്കി പോടാ ചെക്കാ ! ”

” അല്ല അങ്കിൾ, ഞാൻ പറയട്ടെ. ”

” നീ ഒരു പുല്ലും പറയണ്ട. നീ ഗൾഫിൽ പോകുവോ, വായി നോക്കി നടക്കയോ എന്താന്നു വച്ച ചെയ്യ്‌. നിന്നോട് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. ”


ഈ സംഭാഷണം ഇവിടെ രേഖപെടുത്താൻ കാരണം എന്റെ അങ്കിളിന്റെ മനോഭാവത്തിന്റെ ഓൾ കേരള സ്വഭാവമാണ്. അദ്ധേഹത്തിന്റെ മാത്രമല്ല 90% മലയാളികളുടെയും (99% പ്രവാസികളുടെയും) മനോഭാവം ഏതാണ്ടിത് പോലെ തന്നെയാണ്. മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ്‌ എക്സാമുകൾ പഠിച്ചു പാസാകാൻ സാധിക്കാത്ത തന്റെ കുട്ടിക്ക്, കാശ് ചിലവാക്കി സീറ്റ് മേടിച്ചു കൊടുക്കുന്നതിലൂടെ ആ കുട്ടിയുടെ ഭാവിക്കായി ഒരു മഹാകാര്യം ചെയ്തതായി ആണ് പല മാതാപിതാക്കളും കണക്കാക്കുന്നത്. എന്നാൽ ഇതൊരു മഹാകാര്യം ആണോ ? അല്ലാ എന്നാണു എനിക്ക് തോന്നുന്നത്. എൻജിനിയറിങ് വിഷയങ്ങൾ പഠിക്കാനും, പ്രാവർത്തികമാക്കാനും കുട്ടികൾക്കുള്ള കഴിവും, അഭിരുചിയും അളക്കാനാണ് എൻട്രൻസ്‌ പരീക്ഷകൾ നടത്തപെടുന്നത്. പക്ഷെ ഒരു ‘മണ്ടൻ നേരം പോക്ക്’ എന്ന രീതിയിൽ ആണ് പല മാതാപിതാക്കളും ഈ പരീക്ഷകളെ നോക്കി കാണുന്നത്. അത് കൊണ്ട് തന്നെയാണ് പലരും കാശ് കൊടുത്ത് ആ പരീക്ഷകളെ ബൈപാസ്‌ ചെയ്യുന്നതും. പക്ഷെ, അത്തരം അതിബുദ്ധി കൊണ്ട് ലാഭമുണ്ടാക്കുക സ്വാശ്രയ മാനേജുമെന്റുകൾ മാത്രമാണ്. കാശ് കൊടുത്തു സീറ്റ് മേടിക്കാം. പക്ഷെ അത് കൊണ്ട് മാത്രമായോ ?

50 ഓളം അസൈൻമെന്റുകൾ, 100 ഓളം ഇന്റെണൽ എക്സാമുകൾ, 45 ഓളം യൂണിവേഴ്സിറ്റി എക്സാമുകൾ, 15 ഓളം ലാബ് എക്സാമുകൾ, 1 സെമിനാർ, 1 പ്രൊജക്റ്റ്‌ ! ഇത്രെയും കടമ്പകൾ കടക്കണം ഒരു എൻജിനിയറിങ് ഡിഗ്രി സ്വന്തമാക്കാൻ. എൻട്രൻസ്‌ പരീക്ഷ പഠിച്ചു പാസായ സമർത്ഥരായ കുട്ടികൾക്ക് ഇത് വലിയ ഒരു പ്രശ്നമായി തോന്നില്ല. പൂ പറിക്കുന്ന ലാഘവത്തിൽ അവരീ കാര്യങ്ങൾ ചെയ്തു തീർക്കും. പക്ഷെ കാശ് കൊടുത്ത് സീറ്റ് മേടിച്ചവരുടെ അവസ്ഥ അങ്ങനെയാവണമെന്നില്ല. ആദ്യ മാസങ്ങളിൽ സമർത്ഥരായ കുട്ടികളുടെ കൂടെ പിടിച്ചു നില്ക്കാൻ ക്യാപ്പിറ്റെഷൻ പിള്ളേരും ശ്രെമിക്കും. കൂടെയുള്ള കുട്ടികൾ വളരെ എളുപ്പത്തിൽ ചെയ്യുന്ന പ്രവർത്തികൾ പലതും ചെയ്യാൻ ക്യാപ്പിറ്റെഷൻ പിള്ളേർ വല്ലാണ്ടെ പണിപ്പെടും. പലപ്പോഴും സാധിച്ചില്ല എന്ന് തന്നെ വരും. പക്ഷെ പലരും സ്പോർട്സ്മാൻ സ്പിരിറ്റോടെ ഫൈറ്റ് ചെയ്യും. പക്ഷെ ആദ്യ വർഷത്തെ എക്സാം റിസൾട്ട് വരുന്നതോടെ പലരുടെയും ‘വള്ളി പൊട്ടും’. പിന്നെ കരച്ചിലായി, പിഴിച്ചിലായി. ആണ്‍കുട്ടികൾ പലരും വെള്ളമടി തുടങ്ങുന്നത് ഈ കാലഘട്ടത്തിൽ ആണ്. ചിലർ കടുത്ത ശപഥങ്ങൾ എടുക്കും. ചിലർ ലൈബ്രറിയിൽ സ്ഥിര താമസമാക്കും. അടുത്ത പരീക്ഷയ്ക്ക് പ്രതികാരം ചെയ്യും എന്ന് തീരുമാനിക്കും. ചിലർക്ക് രണ്ടു, മൂന്നു ദിവസത്തെ ദുഖാചരണത്തിന് ശേഷം കാര്യങ്ങൾ പഴയ പടിയാകും. 6 മാസത്തിനു ശേഷം തേർഡ് സെമസ്റ്റർ എക്സാം നടക്കും. അടുത്ത ഒരു മാസത്തിനുള്ളിൽ റിസൾട്ടും വരും. ഭൂരിപക്ഷം വിദ്യാർത്ഥികളുടെ (ക്യാപ്പിറ്റെഷൻ പിള്ളേർ) ജീവിതത്തിലും ഇതൊരു ടെണിങ്ങ് പോയിന്റ്‌ ആണ്. പിന്നീടങ്ങോട്ട് ചിലർ ആഞ്ഞു പഠിച്ചു പരീക്ഷകൾ എങ്ങേനെയും കടന്നു കൂടും, മറ്റു ചിലർ സപ്ലികൾ വാരി കൂട്ടും, അപകടം മണക്കുന്ന ചിലർ പഠിത്തം നിർത്തി മറ്റു കോഴ്സുകൾക്ക് ചേരും, നിസ്സഹാരായ ചിലർ സ്വയം വെറുത്തു തുടങ്ങും. പക്ഷെ ഇപ്പോൾ കുറച്ചായി മാതാപിതാക്കൾക്ക് അത്തരം പേടി വേണ്ട എന്ന സ്ഥിതി ആയിട്ടുണ്ട്‌. കാരണം പണ്ടൊക്കെ ഒരു ക്ലാസ്സിൽ മൂന്നോ, നാലോ കുട്ടികളെ തോറ്റിരുന്നുള്ളൂ. ആ സ്ഥിതി മാറിയിപ്പോൾ, ഒരു ക്ലാസ്സിൽ മൂന്നോ, നാലോ കുട്ടികൾ മാത്രം ജയിക്കുന്ന സ്ഥിതി ആയിട്ടുണ്ട്‌ (സ്വാശ്രയ കോളേജുകളിലെ കാര്യമാണ് പറഞ്ഞത്). തോൽക്കുന്നവർ ഭൂരിപക്ഷമുള്ള ഒരു ക്ലാസ്സിൽ ജയിക്കുന്ന കുട്ടികൾക്കാവും ബോറടി.

പരിഷ്കാരങ്ങൾ കൂടിക്കൂടി ഹയർ സെക്കണ്ടറി പരീക്ഷയിൽ കണക്കിന് 45 % ശതമാനം മാത്രം മാർക്ക് മേടിച്ചവർക്ക് പോലും സ്വാശ്രയ മാനേജ്മെന്റ്റ് കോളേജുകളിൽ സീറ്റ് കിട്ടുന്ന അവസ്ഥ വന്നിരിക്കുന്നു. ഏതായാലും വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ നിർമ്മിക്കപെടുന്നതെന്ന് തോന്നുന്നില്ല. ഒന്നാം വർഷം തുടങ്ങി, മൂന്നാം വർഷം പകുതി വരെ കണക്കിന്റെ നാല് കടുകട്ടി പേപ്പറുകളാണ് ഒരു എൻജിനിയറിങ് വിദ്യാർഥി പഠിച്ചു പാസാകേണ്ടത്. ഹയർ സെക്കണ്ടറി പരീക്ഷയിൽ കണക്കിന് 50 % ശതമാനം മാർക്ക് മേടിക്കാൻ സാധിക്കാത്ത ഒരു കുട്ടിക്ക് ഈ പേപ്പറുകൾ പാസാകാൻ ചില്ലറ അധ്വാനം മതിയാകുമോ ? പാസാകില്ല എന്ന് പറയുന്നില്ല. പക്ഷെ പാസായി വരുമ്പോൾ അവന്റെ വള്ളി പൊട്ടുമെന്ന് മാത്രം. പഠിച്ച് പാസായുടൻ എ.സി മുറിയിൽ, കറങ്ങുന്ന കസേരയിലിരുന്ന്, ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന ജോലി എന്ന മിഥ്യാധാരണ മൂലമാണ് ഇല്ലാത്ത പണവും അധ്വാനവും ചിലവാക്കി കുട്ടികളെ പ്രൊഫഷനൽ കോഴ്സുകൾക്ക് അയക്കാൻ മാതാപിതാക്കൾ വെമ്പൽ കൊള്ളുന്നത്‌. അത്തരം ആളുകളുടെ ശ്രെദ്ധയ്ക്ക്, “എൻജിനിയറിങ് കോഴ്സുകൾക്ക് ചേരുന്നതിൽ 40% കുട്ടികൾ മാത്രമേ പരീക്ഷ പാസായി ഡിഗ്രി സ്വന്തമാക്കാറുള്ളു. ഇനി എങ്ങനെയെങ്കിലും പഠിച്ചു പാസായാലോ ? ഇക്കണ്ട എൻജിനീയറന്മാർക്കുള്ള ജോലി സാധ്യത കേരളത്തിൽ ഉണ്ടോ ? ഇല്ല. അടുത്ത ഓപ്ഷനിൽ ഒന്ന് പ്രവാസം ആണ്. ബാംഗ്ലൂർ, ദൽഹി, ഹൈദരാബാദ്, ചെന്നൈ. അവിടെയെങ്ങും ജോലി കിട്ടിയില്ലേൽ, ഗൾഫ്‌ ! ഇനി ജോലി കിട്ടിയാൽ തന്നെ പഠിച്ച കാര്യവുമായി ബന്ധപെട്ടതാവണമെന്ന് ഒരു നിർബന്ധവുമില്ല. പിന്നെ ഗൾഫിൽ ജോലി ചെയ്യുന്ന എൻജിനീയറന്മാർക്കുള്ള ഒരു പ്രധാന ഗുണം എന്നത് തിരിച്ചു കേരളത്തിൽ വന്നാൽ ജോലി ലഭിക്കാനുള്ള സാധ്യത നൂറിൽ പത്തായി ചുരുങ്ങും എന്നതാണ്. കേരളത്തിലെയും വിദേശത്തെയും സാങ്കേതിക വിദ്യകൾ തമ്മിലുള്ള അന്തരമാണ് ഇതിനു കാരണം. പിന്നെ ഒരു ഓപ്ഷൻ ബാങ്കിലെ ക്ലാർക്ക് ജോലി ആണ്. കഴിഞ്ഞ 7,8 വർഷങ്ങളായി കൊല്ലത്തും, കൊച്ചിയിലുമൊക്കെയുള്ള ബാങ്ക് എക്സാം കോച്ചിംഗ് സെന്ററുകളിലെ സീറ്റുകൾ ഭൂരിഭാഗവും കയ്യടിക്കിയിരിക്കുന്നത് എൻജിനിയറിങ് ബിരുദധാരികൾ ആണ്. പക്ഷെ, വലിയ ചിലവൊന്നും കൂടാതെ ഒരു ആർട്സ് കോളേജിൽ പഠിച്ച ശേഷം ബാങ്കിൽ ജോലി ലഭിക്കുമെന്നിരിക്കെ എൻജിനിയറിങ് കോളേജിൽ പോയി പണവും, സമയവും പാഴാക്കേണ്ട കാര്യമുണ്ടോ ? ഈ കാരണങ്ങൾ കൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം മുടക്കുമ്പോൾ സ്വന്തം താത്പര്യങ്ങളെക്കാൾ അവരുടെ കഴിവിനും, അഭിരുചിക്കും പ്രാധാന്യം കൊടുക്കുക. സ്വാശ്രയ കോളേജുകളിൽ ഭൂരിഭാഗവും പണമടിക്കാൻ വേണ്ടി നടത്തുന്ന കച്ചവട സ്ഥാപങ്ങങ്ങൾ ആണെന്നോർക്കുക ! ”

ഇത്രയും വായിച്ച ശേഷം, മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളെ ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ള പോസ്റ്റ്‌ ആണിതെന്നു തോന്നുന്നവരോട് ഒരു ചെറിയ ഉദാഹരണം പറയാം. ലോകോത്തര ക്രിക്കറ്റ് കളിക്കാരനായ സച്ചിനെ നിങ്ങൾക്കറിയാമായിരിക്കും. സച്ചിനെ, അദ്ധേഹത്തിന്റെ മാതാപിതാക്കൾ ഒരു ഗായകൻ ആക്കാൻ ആഗ്രഹിചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ? സച്ചിന്റെ ബാറ്റും തല്ലിയൊടിച്ച്, അദ്ദേഹത്തെ ഏതേലും പഴയ സിംഹത്തിന്റെ മടയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ കൊണ്ട് ചെന്ന് ആക്കിയിരുന്നെങ്കിൽ ? പാടിപ്പാടി സച്ചിന് തൊണ്ട വേദന വന്നേനെ. അത്ര തന്നെ ! ഒരു ഗായകൻ എന്ന നിലയിൽ സച്ചിന് എത്ര ശ്രെമിച്ചാലും ആവറേജ് നിലവാരത്തിനു അപ്പുറം ഉയരാൻ ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല. ഗാനാലാപനം സച്ചിന്റെ മേഖലയല്ല എന്നത് തന്നെയാണ് അതിനു കാരണം. കഠിനപ്രയത്നം കൊണ്ട് മാത്രമല്ല, അദ്ധേഹത്തിന്റെ കഴിവുകൾ ചെറുതിലെ തന്നെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കന്മാർക്കും, സഹോദരനും കഴിഞ്ഞത് കൊണ്ട് കൂടിയാണ് സച്ചിൻ ഇന്ന് നമ്മൾ അറിയുന്ന സച്ചിൻ ആയതു…

കളർകോടൻ ഉവാച : സ്വപ്‌നങ്ങൾ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷെ ആ സ്വപ്‌നങ്ങൾ സ്വന്തം കുട്ടികളിലൂടെ സാക്ഷാത്കരിക്കാൻ ശ്രെമിക്കാതിരിക്കുക. കുട്ടികളെ അവരുടെ സ്വപ്‌നങ്ങൾ കാണാൻ വിടുക…

Advertisements

2 thoughts on “തേങ്ങയെക്കാൾ കൂടുതൽ എഞ്ചിനിയറൻമാരുള്ള കാലം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s