വാട്സാപ്പ് : ഡിസ്ട്രോയിംഗ് റിലേഷൻഷിപ്സ് ആൻഡ്‌ മാര്യേജസ് സിൻസ് 2009 (Adults only)

Whatsapp എന്താണെന്നും, അതിന്റെ സാധ്യതകളെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സകലമാന പേർക്കും അറിവുള്ളതാണ്. അത് കൊണ്ട് തന്നെ Whatsapp നെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ ഇല്ലാതെ നേരിട്ട് കാര്യത്തിലേക്ക് കടക്കുകയാണ്. വാട്സാപ്പിൽ വീഡിയോസ് ഷെയർ ചെയ്യുന്നവരോടായി…പോണ്‍ വീഡിയോസ് ഷെയർ ചെയ്യുമ്പോൾ ദയവു ചെയ്തു ഇന്ത്യൻ സെക്സ് സ്കാൻഡൽ വീഡിയോസ്, പ്രത്യേകിച്ചു മലയാളികളുടെത് ഒഴിവാക്കാൻ ശ്രെമിക്കുക. പ്രൊഫഷനലി മെയ്ഡ് ഹാർഡ്കോർ സാധനങ്ങളുടെ കാര്യമല്ല പറയുന്നത്. അവയൊക്കെ തന്നെ ആളുകൾ കാണാനും ആസ്വദിക്കാനും വേണ്ടി ഉണ്ടാക്കപെടുന്നവയാണ്. ആ ഒരു സ്വഭാവമല്ല, സ്വദേശി നിർമിത പപ്പടങ്ങളുടെത്.

സ്വദേശി നിർമിത പപ്പടങ്ങൾ പലതും തന്നെ സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും പുറത്തു ഉണ്ടാകുന്നതാണ്. ചിലപ്പോൾ കാമുകി, കാമുകനെ സന്തോഷിപ്പിക്കാൻ അയച്ചു കൊടുക്കുന്നതായിരിക്കാം (സന്തോഷത്തിനു വേണ്ടി വല്ല ചക്ക വറുത്തതോ, അവലൂസുണ്ടയോ അയച്ചു കൊടുത്താൽ പോരെ എന്നു ദയവു ചെയ്തു എന്നോട് ചോദിക്കരുത്, എനിക്കറിയില്ല !), ചിലപ്പോൾ കാമുകിയുടെ സമ്മതത്തോടെ കാമുകൻ റിക്കോർഡ് ചെയുന്നതായിരിക്കാം, ചിലപ്പോൾ രണ്ടു പേരും ചേർന്ന് ഷൂട്ട് ചെയ്യുന്നതാവാം, ചില സന്ദർഭങ്ങളിൽ അത് പെണ്‍കുട്ടിയുടെയോ, സ്ത്രീയുടെയോ അറിവില്ലാതെ റിക്കോർഡ് ചെയ്യപ്പെടുന്നതുമായിരിക്കാം. ഇത്തരം വീഡിയോസ് പല രീതികളിൽ പുറത്തു വരാറുണ്ട്. പലപ്പോഴും നിസ്സാര ഇഗോയുടെ പേരിൽ, അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ചു പോകുന്ന കാമുകിയോടുള്ള പ്രതികാരമെന്ന മട്ടിൽ കാമുകൻ തന്നെ ഇത് അപ്‌ലോഡ്‌ ചെയ്യാറുണ്ട്. മറ്റു ചിലപ്പോൾ കാമുകന്റെ ഫോണ്‍ കൈകാര്യം ചെയ്യാനിട വരുന്ന സുഹൃത്തുക്കൾ ആകാം ഇത് ചെയ്യുന്നത്. ചിലപ്പോൾ ഫോണ്‍ റിപ്പയറിനു കൊടുക്കുന്ന സർവീസ് സെന്ററിലെ മര്യാദക്കാരാകാം ഇത് ചെയ്യുന്നത്.

സാഹചര്യം എന്ത് തന്നെ ആയാലും മിക്കവയിലും കാമുകന്റെ അല്ലെങ്കിൽ പുരുഷന്റെ മുഖം ഉണ്ടാവാറില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അവനെ ആരും ശ്രെദ്ധിക്കില്ല. അത് കൊണ്ട് തന്നെ ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ട ശേഷമുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് പ്രസ്തുത വീഡിയോകളിലെ സ്ത്രീ അല്ലെങ്കിൽ പെണ്‍ക്കുട്ടി ആവും. പ്രത്യേകിച്ചു വിലയൊന്നുമില്ലാത്ത നാലോ അഞ്ചോ അലവലാതികൾ വിചാരിച്ചാൽ തന്നെ ഒരു സ്ത്രീയെയോ, പെണ്‍ക്കുട്ടിയെയോ പറഞ്ഞു നാറ്റിക്കാൻ സാധിക്കുന്ന നാട്ടിൽ സ്വന്തം സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വെളിയിൽ വരുന്ന സാഹചര്യത്തിൽ ഒരു പെണ്‍കുട്ടി എന്താകും ചെയ്യുക ? ജീവിതം അവസാനിപ്പിക്കുക എന്നതായിരിക്കും അവളുടെ മുൻപിൽ തെളിയുന്ന ആദ്യ വഴി.

ഇവിടെയാണ്‌ നമുക്ക് സരിത.എസ്.നായരോട് ബഹുമാനം തോന്നേണ്ടത്. സ്വന്തം വീഡിയോസ് കേരളം മൊത്തം ആഘോഷിച്ച സാഹചര്യത്തെ അവർ വളരെ ബോൾഡ് ആയി ആണ് നേരിട്ടത്. ആ ഒരു കാരണത്തിന്റെ പേരിൽ അത്മഹത്യ ചെയ്യാനോ ഒളിച്ചോടാനോ ഞാൻ തയ്യാറല്ല എന്നാണ് അവർ പ്രതികരിച്ചത്. ആ സ്ത്രീയുടെ സ്വഭാവശുദ്ധിയെ കുറിച്ചും വീഡിയോസ് പുറത്തു വന്നതാണോ, പുറത്തു വിട്ടതാണോ എന്നതിന്റെ സത്യാവസ്ഥയെ കുറിച്ചും പറയാൻ ഞാനാളല്ല. പക്ഷെ ആ ധൈര്യമല്ലേ ശരിക്കും വഞ്ചിതരാകുന്ന ഓരോ പെണ്‍ക്കുട്ടിയും കാണിക്കേണ്ടത് ? ഏതോ നാറികൾ വിശ്വാസവഞ്ചന കാണിച്ചതിന്റെ പേരിൽ അവരെന്തിനു ജീവനൊടുക്കണം ? വളരെ ലോജിക്കൽ ആണ് ചോദ്യമെങ്കിലും സരിത നായരുടെ ധൈര്യമൊന്നും സാദാ മലയാളി പെണ്‍ക്കുട്ടിക്കളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കേണ്ട. നമ്മൾ ജീവിക്കുന്നത് താരതമ്യേന മാനസിക ആരോഗ്യം കുറവുള്ള, റിവേർസ് ഗിയറിൽ ചിന്തിക്കുന്ന ഒരു സമൂഹത്തിൽ ആണ്. പണിയെടുത്തു ജീവിക്കുന്ന വേശ്യകളെക്കാൾ, മര്യാദയും, അന്തസും നികുതിപ്പണം കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാർക്കുണ്ടെന്ന തരത്തിൽ ആണ് ഇന്ത്യക്കാരുടെ സദാചാര ബോധം.

അൽപ നേരത്തെ രസത്തിനു വേണ്ടി ഒരു പെണ്‍ക്കുട്ടിയുടെയോ, സ്ത്രീയുടെയോ സ്വകാര്യ നിമിഷങ്ങൾ അടങ്ങുന്ന വീഡിയോ ഷെയർ ചെയ്യുമ്പോൾ ഓരോരുത്തരും സൗകര്യപൂർവ്വം മറക്കുന്ന ഒരു കാര്യമുണ്ട്. പത്തു പേർക്ക് വേണ്ടി ഒരാൾ ഒരു വീഡിയോ ഷെയർ ചെയ്യുമ്പോൾ ആ പത്തു പേർ വഴി അടുത്ത നൂറു പേരിലേക്ക്, നൂറിൽ നിന്ന് ആയിരത്തിലേക്ക്, ആയിരത്തിൽ നിന്നും പതിനായിരത്തിലെക്കെന്ന, അല്ലെങ്കിൽ അതിലും വേഗതയേറിയ ‘ജ്യോമെട്രിക് പ്രോഗ്രെഷനിൽ’ ആണ് ഷെയറിംഗ് നടക്കുക. അതായത് കേരളം മൊത്തം ഒരു വീഡിയോ എത്തിച്ചേരാൻ ഏതാനം മണിക്കൂറുകൾ മാത്രം മതി. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നമ്മൾ ഈ പ്രതിഭാസം കണ്ടറിഞ്ഞതുമാണ്. അങ്ങിനെ മലയാളികൾ ഉള്ളിടത്ത് മൊത്തം ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുമ്പോൾ ഈ വീഡിയോ സ്വീകരിക്കുന്നവരിൽ ചിലപ്പോൾ ഈ പെണ്‍ക്കുട്ടിയുടെ ബന്ധുക്കളോ, പരിചയക്കാരോ ഉണ്ടാകാം. ആ വീഡിയോ സ്വീകരിക്കുന്നവരിൽ ഒരാൾ ചിലപ്പോൾ ആ പെണ്‍ക്കുട്ടി തന്നെ ആയി എന്നും വരാം.

പ്രസ്തുത പെണ്‍കുട്ടിയുടെ ആ സമയത്തെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കുക. വിശ്വസിച്ച കാമുകനാൽ വഞ്ചിക്കപ്പെട്ടതിന്റെ വേദന ഒരു ഭാഗത്ത്‌, ഇനി മേൽ സമൂഹത്തിന്റെ അശ്ലീല ചുവയുള്ള നോട്ടങ്ങളും, വർത്ത‍മാനങ്ങളും നേരിടേണ്ടി വരുമെന്ന ഭയം മറു ഭാഗത്ത്‌. കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ആണെങ്കിൽ അവരുടെ വിവാഹബന്ധം, അവിടെ അവസാനിക്കുമെന്നതിൽ ഒരു തർക്കവുമില്ല. കല്യാണം കഴിയാത്ത ഒരു കുട്ടിയാണെങ്കിൽ, അവളുടെ കല്യാണം ഒരിക്കലും നടന്നില്ല എന്ന് വരാം. ഒരു മാതിരി പെട്ട പെണ്‍ക്കുട്ടികൾക്കൊന്നും തന്നെ അങ്ങിനെ ഒരു അവസ്ഥ സമചിത്തതയോടെ കൈകാര്യം ചെയ്യുവാൻ കഴിയുമെന്നു തോന്നുന്നില്ല. അവളുടെ മാനസികനില തെറ്റാം, അവൾ ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിച്ചു എന്ന് വരാം. എന്തിന്, നമ്മൾ ഒരു വീഡിയോ ഷെയർ ചെയ്തു രസിക്കുന്ന സമയത്ത് അവളുടെ ആത്മഹത്യ പോലും സംഭവിച്ചു കഴിഞ്ഞിരിക്കാം.

അങ്ങിനെ വരുമ്പോൾ ആ പെണ്‍ക്കുട്ടിയുടെ ജീവിതം തകരുന്നതിൽ ഈ വീഡിയോ ഷെയർ ചെയ്യുന്ന ഓരോരുത്തർക്കും, ചെറിയതെങ്കിലും ഒരു പങ്കില്ലേ ? തീർച്ചയായും ഉണ്ട് എന്നതാണ് എന്റെ അഭിപ്രായം. അത് കൊണ്ട് തന്നെ, ദയവു ചെയ്തു പ്രൊഫഷനൽ പോണ്‍ വീഡിയോ ഷെയർ ചെയ്യുന്ന ലാഘവത്തിൽ നമുക്കിടയിൽ ജീവിക്കുന്നവരുടെ സ്വകാര്യ നിമിഷങ്ങൾ ഷെയർ ചെയ്തു രസിക്കാൻ ശ്രെമിക്കാതിരിക്കുക. ‘എനിക്ക് എഴുതാൻ മാത്രല്ലേ അറിയൂ, വായിക്കാൻ അറിയില്ലാലോ’, എന്ന ലോജിക്കൽ, ‘ഞാൻ ഡൌണ്‍ലോഡ് ചെയ്തു കണ്ടതെ ഉള്ളു, ഷെയർ ചെയ്തില്ല’, എന്ന് കരുതുന്ന മുടുക്കൻമാരോട്…ആ വീഡിയോസ് നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഷെയർ ചെയ്യപ്പെടുന്നത്. ഷെയർ ചെയ്യുന്നവർക്കുള്ള അത്ര തന്നെ ഉത്തരവാദിത്ത്വം നിങ്ങൾക്കുമുണ്ട്. ‘ചെയ്യുന്നത് തെറ്റാണെന്ന് ഓരോരുത്തർക്കും തോന്നി തുടങ്ങിയാൽ’, ‘കാണാൻ ആളില്ലെങ്കിൽ’ ഷെയറിങ്ങും തനിയെ നിന്ന് കൊള്ളും.

കുറിപ്പ് :
ഒരു സദാചാരവാദിയോ, നന്മയിൽ ഗോപാലനോ, ഒന്നുമല്ല കളർകോടൻ. ഒരു ആവറേജ് മലയാളിക്കുള്ള എല്ലാവിധ സ്വഭാവദോഷങ്ങളും അത്ര തന്നെ, അല്ലെങ്കിൽ ഒരൽപം കൂടിയ അളവിൽ എന്നിലുമുണ്ട്‌. അവനവൻ ആത്മസുഖത്തിനാചരിക്കുന്നത്‌ അപരന് സുഖത്തിനായി വന്നിലെങ്കിലും, ദുഖത്തിനിടയാക്കാതിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് മാത്രം …

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s