കല്യാണക്കുറിമാനം

മാന്യമിത്രമേ,

വീട്ടുകാരുടെ ആശങ്കകൾക്കും, സുഹൃത്തുക്കളുടെ സംശയങ്ങൾക്കും, നാട്ടുകാരുടെ ഗോസിപ്പുകൾക്കും വിരാമിട്ടു കൊണ്ട് ‘ഞാൻ’, വിവാഹിതനാകാൻ തീരുമാനിച്ച വിവരം താങ്കളെ സസന്തോഷം അറിയിച്ചു കൊള്ളുന്നു. നാട്ടിലെ ഒരുപാട് തരുണീമണികളെ നൊമ്പരപെടുത്തുന്ന ഒരു തീരുമാനം ആണിതെന്നു അറിയാഞ്ഞിട്ടല്ല. പക്ഷെ, കാലഘട്ടത്തിൻറെ ആവശ്യങ്ങൾക്ക് വഴങ്ങി കൊടുക്കാതെ തരമില്ലല്ലോ. ഈ വരുന്ന തുലാ, വൃശ്ചിക, മകര മാസങ്ങളിൽ ഏതേലും ഒന്നിൽ, ഏതേലും ഒരു ദിവസം ആണ് വിവാഹം നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.

കല്യാണനിശ്ചയം, മെയ്ക്കപ്പ്, കല്യാണബസ്, കല്യാണസദ്യ, കല്യാണ ആൽബത്തിന് വേണ്ടിയുള്ള അഭിനയം, റിസപ്ഷൻ തുടങ്ങി പല ചടങ്ങുകളും, ആർഭാടങ്ങളും ഒഴിവാക്കി ഒരു ചായസത്ക്കാരം മാത്രമാണ് പൊതുജനങ്ങൾക്കും ബന്ധുമിത്രാദികൾക്കും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളത്. ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ, മുകളിൽ പറഞ്ഞ പരിപാടികൾക്കൊന്നും തന്നെ ഞാൻ എതിരല്ല. പണവും, സമയവും, താത്പര്യവും ആവശ്യത്തിലേറെ ഉള്ളവർ കൂടുതൽ ചടങ്ങുകൾ ഉൾപെടുത്തി കല്യാണങ്ങൾ ഗംഭീരമാക്കണം എന്ന് തന്നെ ആണെന്റെ അഭിപ്രായം. എന്നിട്ടും ഞാൻ ഈ ചടങ്ങുകളൊക്കെ ഒഴിവാക്കാനുള്ള കാരണം ഇവയിൽ പലതിന്റേയും ഉദ്ദേശശുദ്ധി ഈ പ്രായത്തിലും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.

ഉദാഹരണത്തിന് ‘വിവാഹനിശ്ചയം’ എന്ന ചടങ്ങ് തന്നെയെടുക്കാം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ രണ്ടാളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ വിവാഹനിശ്ചയം എന്ന പേരിൽ ആണിന്റെയും, പെണ്ണിന്റെയും വീട്ടിൽ വച്ച് വെവ്വേറെ നിശ്ചയങ്ങൾ നടത്തേണ്ട കാര്യമുണ്ടോ ? ഭൂരിഭാഗം സ്ഥലങ്ങളിലും വിവാഹതീയതി നിശ്ചയിച്ച ശേഷമാണ് വിവാഹനിശ്ചയത്തിനു തീയതി തീരുമാനിക്കുന്നത്. സത്യത്തിൽ, പേരിനോട് അല്പം പോലും നീതി പുലർത്താത്ത, ഒരു അനാവശ്യ ആർഭാടം അല്ലേ വിവാഹനിശ്ചയം ? ഇനി നാട്ടുകാരെയൊക്കെ വിളിച്ചു കൂട്ടി വിവാഹനിശ്ചയം ആർഭാടമായി നടത്തിയ ശേഷം വിവാഹം മുടങ്ങി പോയാലുള്ള അവസ്ഥയോ ? വിവാഹനിശ്ചയം നടത്തിയ ശേഷം മൂന്ന് പ്രാവശ്യം വിവാഹം മുടങ്ങിപ്പോയ ഒരു ഹതഭാഗ്യനെ എനിക്ക് നേരിട്ടറിയാം !

കല്യാണമേയ്ക്കപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ പങ്കെടുത്തിട്ടുള്ള ഏതാണ്ട് 90% കല്യാണങ്ങളിലെ കല്യാണപ്പെണ്ണുങ്ങളും അവരുടെ കല്യാണദിവസമാണ് ഏറ്റവും വിരൂപരയായി കാണപ്പെട്ടിട്ടുള്ളത്. കല്യാണത്തിന് പെണ്ണ് അണിഞ്ഞൊരുങ്ങി എന്നാണു പറയാറ്. പക്ഷെ, പലേടത്തും നമ്മൾ കാണുക, മുഖമാകെ ചായം തേച്ചു വികൃതമാക്കി, മുടിയ്ക്കിടെ തിരുപ്പൻ കയറ്റി, അതിലൊരു ലോഡ് മുല്ലപ്പൂവും ചൂടി, ഇണങ്ങാത്ത വസ്ത്രങ്ങളും അണിഞ്ഞ്, 18 ആം നൂറ്റാണ്ടിലെ ഫാഷനിലുള്ള ആഭരണങ്ങൾ ചാർത്തി നില്ക്കുന്ന കണ്ണേറു കോലങ്ങളെയാണ്. ആളെ തിരിച്ചറിയാൻ ആകാത്ത വിധമാവും പലപ്പോഴും പെണ്ണിനെ സ്വർണ്ണമണിയിച്ചിട്ടുണ്ടാവുക. പെണ്ണിന്റെ സൌന്ദര്യം കൂട്ടാൻ ചെയ്യുന്നതാണെങ്കിലും മിക്കയിടത്തും വിപരീത ഫലമാണ് ഈ മെയ്ക്കപ്പ് കൊണ്ടുണ്ടാവാറുള്ളത്.

താലികെട്ടിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്ന പൂണുനൂൽധാരികൾ കാട്ടിക്കൂട്ടുന്ന കൈക്ക്രിയകളിൽ പലതും എന്ത് കുന്തത്തിനാണെന്ന് നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചിട്ടില്ലേ ? ആർക്കും മനസിലാകാത്ത വിധം ചില മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് ഈപ്പറഞ്ഞ വിദ്വാന്മാർ നൽകുന്ന നിർദേശങ്ങൾ, വധൂവരന്മാർ അക്ഷരംപ്രതി അനുസരിച്ച് കാണാറുണ്ട്. പക്ഷെ അത്തരം മന്ത്രങ്ങൾക്കും, ചടങ്ങുകൾക്കും വിവാഹജീവിതത്തിൽ എന്തേലും പ്രസക്തി ഉണ്ടോ ? എല്ലാ ചടങ്ങളും അനുവർത്തിച്ച് അഗ്നിസാക്ഷി ആയി നടത്തിയ എത്രെയോ വിവാഹങ്ങൾ താറുമാറായി പോയിരിക്കുന്നു. യാതൊരു ആർഭാടവും കൂടാതെ രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരായ എത്രെയോ ദമ്പതികൾ സുഖമായി ജീവിക്കുന്നു. സന്തുഷ്ടകരമായ വിവാഹജീവിതം എന്നത് വിവാഹചടങ്ങുകളെക്കാൾ, ‘പെണ്ണിന്റെയും’, ‘ചെക്കന്റെയും’ കയ്യിലിരിപ്പിനെ ആശ്രയിച്ചിരിക്കും എന്നതല്ലേ സത്യം ?

അവനവന്റെ ജീവിതപങ്കാളിയെ സുഹൃത്തുക്കൾക്കും, ബന്ധുകൾക്കും പരിചയപെടുത്തി കൊടുക്കുക എന്നത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ, അതിനെന്തിനാണ് ലക്ഷങ്ങൾ പൊടിച്ചു കൊണ്ടുള്ള സദ്യയും, പിന്നീടു റിസപ്പ്ഷൻ എന്ന പേരിൽ മറ്റൊരു ചടങ്ങും ? 250 അല്ലെങ്കിൽ 500 ആളെ വീട്ടിൽ വിളിച്ച് വരുത്തി നല്ലൊരു ചായസത്കാരം നടത്താൻ എത്ര ചിലവ് വരും ? അത്യാവശ്യം നല്ല കേറ്ററിംഗ് സർവീസുകാരെ ഏർപ്പെടുത്തിയാൽ, ആൾക്കൊന്നിനു 100 ക. എന്ന കണക്കിൽ ഏറിപ്പോയാൽ ‘50,000 ക.’. വേണ്ടപ്പെട്ട ആളുകളെ ക്ഷണിക്കാനും, വരുന്ന ആളുകൾക്ക് ബുദ്ധിമുട്ട് കൂടാതെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യം ഒരുക്കാനും, മറ്റു അല്ലറ ചില്ലറ ചിലവുകളിലേക്കുമായി ‘25,000 ക.’ കൂടി കണക്കാക്കുക. അതായത് മാന്യമായ രീതിയിൽ ഒരു വിവാഹം നടത്താൻ ഉള്ള ചിലവ് ‘75,000 + X ക.’ ആണ്. (X എന്നത് വരന്റെ മദ്യപാനികളായ സുഹൃത്തുകളുടെ എണ്ണത്തെ 200 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുകയാണ്).

‘കടം മേടിച്ചാണ് കല്യാണം കഴിച്ചത്’, ‘കല്യാണം നടത്തി പൊളിഞ്ഞ് അട്ടം കീറി’ എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കടം മേടിച്ച് ചികിത്സ നടത്തുക, ലോണ് എടുത്ത് വിദ്യാഭ്യാസം നേടുക എന്നതൊക്കെ മനസിലാക്കാം. പക്ഷെ ഇല്ലാത്ത പൈസ ചിലവഴിച്ചു ഒരു കല്യാണം ! അതും വിവാഹ മോചനങ്ങളുടെ എണ്ണം ഏറി വരുന്ന ഈയൊരു കാലഘട്ടത്തിൽ ?

അപ്പൊ പറഞ്ഞു വന്നത് നുമ്മടെ കല്യാണക്കാര്യം. ഒഴിവാക്കാനാവാത്ത ആളുകളെ മാത്രമേ വിളിക്കുന്നുള്ളൂ എന്നത് കൊണ്ട് തന്നെ, ഈ ക്ഷണം കിട്ടിയ താങ്കൾ എനിക്ക് എത്രെയും വേണ്ടപ്പെട്ടവൻ എന്നറിയുക. ഉദ്ദേശിച്ച തീയതിയിൽ തന്നെ വിവാഹം നടത്താൻ ആകെയുള്ള തടസം മേൽപ്പറഞ്ഞ ചടങ്ങുകൾ ഒഴിവാക്കി സിമ്പിൾ ആയ ഒരു വിവാഹത്തിന് സമ്മതമുള്ള ഒരു പെണ്കുട്ടിയാണ്. താങ്കളുടെ അറിവിൽ എനിക്കനുയോജ്യയായ തരുണീമണികൾ ആരേലും ഉണ്ടെങ്കിൽ എത്രെയും പെട്ടെന്ന് എന്നെ വിവരം അറിയിക്കുക. നമ്മളെല്ലാവരും കൂടി ഉത്സാഹിച്ചാൽ എത്രെയും പെട്ടെന്ന് തന്നെ എന്നെ കെട്ടിച്ചയക്കാവുന്നതാണ്…

കുറിപ്പ്
ഏതൊക്കെ ചടങ്ങുകൾ ഒഴിവാക്കിയാലും, ഇനിയിപ്പോ കല്യാണം തന്നെ നടന്നില്ലേലും ‘ബാച്ചിലേർസ് പാർട്ടി’ എന്ന ഓമനപ്പേരിൽ അറിയപെടുന്ന കള്ളടിപ്പാർട്ടി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി നടത്തപ്പെടുന്നതായിരിക്കും. ക്ഷണം കിട്ടിയതും, ‘കിട്ടാത്തതുമായ’ ഒട്ടേറെ കള്ളടി മേളകളിൽ പങ്കെടുക്കുകയും, കുടിച്ചു കുന്തം മറിയുകയും ചെയ്തിട്ടുള്ളതിലേയ്ക്കായി ഉപകാരസ്മരണ !

Advertisements