റണ്‍ ഷാഗി റണ്‍

@ കളർകോടൻസ്‌ ഇൻ  (കളർകോടൻ ആൻഡ്‌ പൊന്നപ്പൻ )

” ഡേയ് പൊന്നപ്പാ, നീ ചെങ്ങന്നൂർക്കാരനല്ലേ ? ”

” അതേല്ലോ. എന്തേ ? ”

” അപ്പൊ നിനക്ക് നമ്മുടെ ഷാഗിയുടെ വീട് അറിയണമല്ലോ ? ”

” ഷാഗിയൊ ? ഏതു ഷാഗി ? ”

” ഡാ മറ്റേ, സ്വർണ്ണകച്ചവടം, ഓട്ടം…മനസിലായില്ലേ ? ഷാഗി ചെങ്ങന്നൂർ ! ”

” ഓ, ഷാജിയോ… ജപ്ലി ഷാജി ! അങ്ങിനെ പറയണ്ടേ, എന്നാലല്ലേ എനിക്ക് ആളെ മനസിലാകു ? ”

” ആളെ നീ പേർസണൽ ആയിട്ടറിയൊ ? സംഗതി എളുപ്പായല്ലോ ? ”

” അറിയോന്ന് ? നമ്മടെ ക്ലാസ്സ്‌ മേറ്റല്ലാരുന്നോ പഹയൻ ! ”

” അതെന്തായാലും ഭാഗ്യായീ. നീ എനിക്ക് ആൾടെ ഒരു ഇന്റർവ്യൂ സംഘടിപ്പിച്ചു തരണം. എന്റെ ബ്ലോഗിൽ ഇടാനാ ”

” ഇന്റർവ്യുവോ ? ”

” അതെ, ഇന്റർവ്യൂ ”

” അതത്ര എളുപ്പല്ലാ ! ”

” നീയല്ലേ പറഞ്ഞത് ക്ലാസ്സ്‌മേറ്റ്‌ ആണ്, നിന്റെ ആളാണ്‌, എന്നൊക്കെ ? ”

” അതൊക്കെ ഉള്ളത് തന്നെ. പക്ഷെ, അതൊക്കെ പത്തു, മുപ്പതു വർഷങ്ങൾ മുൻപുള്ള കാര്യങ്ങളല്ലേ ? ”

” വർഷം എത്ര കഴിഞ്ഞാലും, കൂടെ പഠിച്ചവനെ ആരേലും മറക്കുവോ ? ”

” അത് മാത്രമല്ല. വേറെയും ഉണ്ട് പ്രശ്നം. അവനിപ്പോ ജനങ്ങളുടെ കണ്ണിലുണ്ണിയായ ഓട്ടക്കാരനും, ഞാൻ നാട്ടുക്കാർക്ക്‌ പോലും വേണ്ടാത്ത ഓട്ടോക്കാരനും ആണെന്നത് അണ്ണൻ മറക്കരുത് ”

” പൊന്നപ്പാ, നീ ഇത്രെയും ഓർത്താ മതി, ‘എ ഫ്രെണ്ട് ഇൻ നീഡ്‌ ഈസ്‌ എ…’ ”

” ‘ ഫ്രെണ്ട് ഇൻഡീഡ്… ‘ ”

” നീ ധൈര്യാട്ടങ്ങു ചെല്ലുന്നു, കാര്യമവതരിപ്പിക്കുന്നു, അയാള് സമ്മതിക്കുന്നു…സിമ്പിൾ ! ”

” എന്തായാലും അണ്ണൻ പറഞ്ഞതല്ലേ, ഞാനൊന്നു ശ്രെമിച്ചു നോക്കാം ”

@ ഷാഗി ചെങ്ങന്നൂർസ് ഇൻ  (ഷാജി ആൻഡ്‌ പൊന്നപ്പൻ )

” ഡാ, ഷാജീ…ജപ്ലി ഷാജീ…”

” ഏതു മറ്റേ മോനാടാ അത് ? ഇരട്ടപേര് വിളിച്ചു മാന്യന്മാരെ അപമാനിക്കുന്നോ ? ”

” അത്, ശരി. മാമോദീസ മുക്കിയപ്പോ ഇട്ട പേര് നിനക്കിപ്പോ ഇരട്ട പേരായി, അല്ലേ ? ”

” ഡാ, പൊന്നുമോനെ, പൊന്നാ ! പൊന്നപ്പാ…നീയാരുന്നോ ? അറിഞ്ഞില്ലടാ മുത്തേ…ആരും പറഞ്ഞതും ഇല്ലാ…എന്നാട ഉവ്വേ വിശേഷം ? ”

” വിശേഷമൊക്കെ നിനക്കല്ലേ ? വന്ന കാര്യം പറയാം. എന്റെ പുതിയ മുതലാളി ഒരുത്തനുണ്ട്. ആളൊരു ബ്ലോഗെറാണു. പേര് കളർകോടൻ ”

” കളർകോടൻ ! എവിടെയോ കേട്ട് മറന്ന പോലെ…”

” അങ്ങിനെ വരാൻ വഴിയില്ലലോ ? അതെന്തോ ആകട്ടെ. ആൾക്ക് നിന്നെ ഒന്ന് ഇന്റർവ്യൂ ചെയ്‌താൽ കൊള്ളാമെന്നുണ്ട്. ആൾടെ ബ്ലോഗിൽ ഇടാനാ. നിനക്കും ചിലവില്ലാത്ത ഒരു പബ്ലിസിറ്റി അല്ലേ ? ”

” സംഗതി കൊള്ളാം. പക്ഷെ ആളെങ്ങനെ ? പൈസ മുടക്കിയടത്ത്‌ പലേടത്തും നെഗറ്റീവ് ഇഫക്റ്റ് ആണ് ”

” കളർകോടൻ എന്ന പേര് കേട്ടാ തന്നെ അറിയില്ലേ ആള് കിടുവാന്നു ”

” ആണേൽ കൊള്ളാം, എന്തായാലും അകത്തോട്ടു പറഞ്ഞു വിട്…”

@ പൊന്നപ്പൻസ് കാർസ് ഇൻ  (പൊന്നപ്പൻ ആൻഡ്‌ കളർകോടൻ )

” ഡേയ് പൊന്നപ്പാ, എന്തായി ? വല്ലോം നടക്ക്വോ ? ”

” ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട് ”

” എനിക്കറിയാരുന്നു നീ പോയാൽ കാര്യം നടക്കൂന്ന്. വെറുതെയാണോ, ‘ഗർവാസീസാശാൻ’ നിന്നെ തങ്കപ്പനെന്നു വിളിക്കുന്നത്‌ ”

” പിന്നൊരു കാര്യം, ഞാൻ അണ്ണനെ കുറിച്ച് കൊറേ പൊക്കി അടിച്ചിട്ടുണ്ട്. അവിടെ ചെന്ന് തനി കൊണം കാണിച്ചെന്നെ നാറ്റിക്കരുത് ”

” നീയെന്തിനാ എന്നെ പറ്റി ഇല്ലാത്തതൊക്കെ പറയാൻ പോയത്. ആട്ടെ നീ എന്താ പറഞ്ഞത് ? ”

” അണ്ണൻ വലിയ ബ്ലോഗ്ഗർ ആണെന്നും, അണ്ണന്റെ പോസ്റ്റുകൾക്കെല്ലാം ഒത്തിരി ലൈക്കും കമന്റും കിട്ടാറുണ്ടെന്നും വെച്ച് കാച്ചി ”

” ഇതാണോ ഇല്ലാത്ത കാര്യം ? ഇതൊക്കെ ഉള്ളത് തന്നാ. ഞാൻ ഭയങ്കര ബ്ലോഗ്ഗർ തന്നെയാ ! ”

” ഓ ശരി, ശരി…വേഗം അകത്തോട്ട് ചെല്ല്. അല്ലെങ്കിൽ, അങ്ങോര് പുതിയ എന്തേലും സർക്കസ്സും ആയി റോഡിലോട്ടു ഇറങ്ങും ”

@ ഷാഗി ചെങ്ങന്നൂർസ് ഇൻ (ഷാജി ആൻഡ്‌ കളർകോടൻ )

” നമസ്കാരം സർ ”

” നമഷ്കാർ…ഞാനൊരൽപ്പം മയങ്ങാൻ തുടങ്ങുവാരുന്നു ”

” ദൂരം കുറച്ചു വല്ലതും ആണോ ഓടിതള്ളിയത്  ? ക്ഷീണം കാണാതിരിക്കുവൊ ? ”

”  പണ്ട് നാട്ടുകാർ എന്നെ ഓടിച്ചിട്ടുള്ളത് വച്ച് നോക്കുമ്പോൾ, ഇതൊക്കെയെന്ത് ? ”

” എന്താ സാർ പറഞ്ഞത് ? ”

” അല്ല, പണ്ട് നാട്ടുകാരുടെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഓടിയിട്ടുള്ളത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ ഒന്നുമല്ലാന്നു പറയാരുന്നു ”

” അപ്പൊ സാറ് പണ്ടേ ഇങ്ങനാരുന്നോ ? ”

” പിന്നേ ! പരോപകാരം എന്നത് കുട്ടിക്കാലം മുതല്ക്കേ എന്റെ ഒരു ഹോബി ആയിരുന്നു ”

” ഉവ്വ, കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട് ”

” അല്ല, എന്റെ ഓട്ടത്തെ കുറിച്ച് എന്താ തന്റെ അഭിപ്രായം ? എനിക്ക് ഓരോ സ്ഥലത്തും കിട്ടിയ സ്വീകരണങ്ങളും, മീഡിയ കവറേജും കണ്ടിട്ട് എന്ത് തോന്നുന്നു ? ”

” മീഡിയ കവറേജ് കിട്ടിയതാണോ, അതോ വാങ്ങിയതാണോ എന്നത് ഞാൻ പറഞ്ഞിട്ട് വേണോ സാററിയാൻ ? പക്ഷെ സാറിന്റെ ഓട്ടത്തെ കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായം ആണുള്ളത്. ‘കുത്തക മുതലാളിമാർ’, ‘സിനിമാക്കാർ’, ‘രാഷ്ട്രീയക്കാർ’ തുടങ്ങിയവരെല്ലാം തന്നെ സാറിനെ പോലെ ഓടാൻ തയ്യാറായി മുൻപോട്ടു വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ ഓടുമ്പോൾ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ ഓടി നിർത്തരുത്, കുറഞ്ഞത്‌ ഡൽഹി വരെ എങ്കിലും ഓടണം ”

” അത് കൊള്ളാം. ഭാരത പര്യടനം എന്നൊക്കെ പറയുന്നത് പോലെ, അല്ലേ ? പക്ഷെ, ഒരഞ്ചാറു മാസമെങ്കിലും സമയമെടുക്കില്ലേ, അത്രെയും ദൂരം ഓടി തീർക്കാൻ ? ”

” ആറോ, ഏഴോ എടുത്തോട്ടെ. ആർക്കു ചേതം ? അത്രയും കാലം ഇവിടെ സ്വൈര്യം ഉണ്ടാവൂല്ലോ ! ”

”  കോടീശ്വരൻമാരെ തനിക്കൊട്ടും വിലയില്ല എന്ന് തോന്നുന്നു ? താൻ കമ്മ്യുണിസ്റ്റാണൊ ? ”

” കമ്മ്യൂണിസ്റ്റുകാർക്ക് കോടീശ്വരൻമാരെ ഇഷ്ടമല്ല എന്നു സാറിനോടാര് പറഞ്ഞു ? അല്ലേ വേണ്ട, അതിനെ കുറിച്ച് നമ്മുക്ക് പിന്നീടു ചർച്ച ചെയ്യാം. സാറിനി ഗൾഫ് രാജ്യങ്ങളിലും, യൂറോപ്പിലുമൊക്കെ ഓടാൻ പോകയാണ് എന്ന് കേട്ടു ”

” ‘ ഇന്റർനാഷണൽ റണ്‍ ‘ എന്നൊക്കെ ഒരു വെയിറ്റിനായിട്ടു വെച്ച് കാച്ചിയതാണ്. പക്ഷെ, കേരളത്തിലെ ആളുകളുടെ ഈയൊരു പ്രതികരണം എന്നെ ആവേശഭരിതനാക്കിയിരിക്കുന്നു. അടുത്ത മാസമാദ്യം തന്നെ ഗൾഫിലോട്ടു പോകാനാണെന്റെ തീരുമാനം ”

” വളരെ നല്ല തീരുമാനം.എന്തായാലും നമ്മൾ തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് സാറിനു വേണേൽ ഞാൻ ഫ്രീ ആയിട്ടൊരു ഉപദേശം തരാം ”

” അടുപ്പമോ ? എന്ത് അടുപ്പം ? ഞാനൊരു സ്വർണ്ണകട മുതലാളിയും, താനൊരു ബ്ലോഗിങ്ങ് തൊഴിലാളിയും ആണെന്നത് മറക്കരുത്. അല്ലേ തന്നെ, എന്നെ ആരും ഉപദേശിക്കുന്നത് എനിക്കിഷ്ട്ടമല്ല ”

” സാറിനു സൌകര്യമുണ്ടെൽ കേട്ടാ മതി. സാറ് ഓടാനായി തിരഞ്ഞെടുത്ത കേരളത്തിലെ റോഡുകളുടെ പ്രത്യേകത ശ്രെദ്ധിച്ചിട്ടുണ്ടോ ? NH47 ആയാലും NH17 ആയാലും ഇരുവശവും നല്ല ജനസാന്ദ്രത ആണുള്ളത്. അതായത് സാറിനെ പോലെയുള്ള ഓട്ടക്കാർക്ക് നോട്ടം കിട്ടുന്ന റോഡുകൾ ആണ് കേരളത്തിലേത്. ഗൾഫിൽ അതല്ല സ്ഥിതി. ഓരോ 5 അല്ലെങ്കിൽ 6 കിലോമീറ്റർ ‘അർബൻ ഏരിയ’ കഴിഞ്ഞാൽ പിന്നെ മരുഭൂമിയിൽ കൂടി ആകും റോഡു കടന്നു പോകുക. മരുഭൂമിയിൽ കൂടെ സാറ് ഓടിയാൽ ആരും കാണാൻ ഉണ്ടാകില്ലെന്ന് മാത്രല്ല, സാറിന്റെ കൂമ്പ് പോലും കരിഞ്ഞു പോയെന്നു വരാം. പിന്നെ അമേരിക്കയിലെ കാര്യം. ഈ ജാതി നമ്പറും ആയി അവിടുത്തെ റോട്ടിലോട്ടു ഇറങ്ങിയാൽ LAPD യുടെ അല്ലെങ്കിൽ  NYPD യുടെ പിള്ളേർ സാറിനെ തൂക്കിയെടുത്തു അകത്തിടും. അമേരിക്കയിലെ ഏതേലും ഉൾനാടൻ ഗ്രാമത്തിൽ ഓടാമെന്നു വെച്ചാൽ കാണാനും, കയ്യടിക്കാനും ആള് വേണ്ടേ ? ആൾക്കൊന്നിനു 250 രൂപയും ബിരിയാണിയും കൊടുത്താൽ അമേരിക്കകാരനെ വാടകയ്ക്ക് കിട്ടില്ല. ഓരോ 15 കിലോമീറ്ററിനും, സ്വീകരണവും, നോട്ടു മാലയിടീലും ഇല്ലെങ്കിൽ, പിന്നെ എന്തോന്ന് ഓട്ടം ? ”

” മരുഭൂമിയും, NYPD യും ഒന്നും എനിക്കൊരു പ്രശനമല്ല. പക്ഷെ കാണാനാളില്ലെങ്കിൽ പിന്നെ എന്ത് ത്രില്ല് ? പബ്ലിസിറ്റി മസ്റ്റ്‌ ആണ് ”

” അതാ പറഞ്ഞത്. സാറ് ഇന്റർനാഷണൽ പരിപാടികൾ തത്ക്കാലം മാറ്റി വെയ്യ്. നമുക്ക് ഇവിടെ തന്നെ എന്തേലും പയറ്റാം. ഇപ്പൊ നാട് മുഴുവൻ ഓടിയില്ലേ. ഇനി ചാക്കിൽ കയറി ചാട്ടം, സ്പൂണ്‍നാരങ്ങ, സൈക്കിളഭ്യാസം, അങ്ങിനെ എന്തേലും ഐറ്റംസ് നോക്കാന്നെ. കാശ് കൊടുത്താൽ ഏതു കൂറ പരിപാടിക്കും കയ്യടിക്കാൻ ഇവിടെ ആളെ കിട്ടുമെന്ന് സാറിനു നന്നായി അറിയാവുന്നതല്ലേ ? ”

” എന്നാൽ ഞാനൊരു രഹസ്യം പറയാം. ഞാൻ ഓടിയെത്തിയ മിക്ക ഇടത്തും ഞാൻ തന്നെ കാശ് മുടക്കി ആണ് എനിക്ക് സ്വീകരണം ഒരുക്കിയതും, ആളുകളെ കൊണ്ട് കയ്യടിപ്പിച്ചതും ”

” ഇതാണോ ഇത്ര വലിയ രഹസ്യം. ഇതൊക്കെ ഇന്നാട്ടിലെ ഏതു കൊച്ചു കുഞ്ഞിനാണ് അറിയാത്തത് ? തൊള്ള നിറയെ വലിയ സോഷ്യലിസ്റ്റ്‌ വർത്താനമൊക്കെ അടിക്കുമെങ്കിലും, നടുറോട്ടിൽ ഒരാൾ വയ്യാണ്ടെ കിടന്നാൽ, തിരിഞ്ഞു നോക്കാതെ വിട്ടു പോകുന്ന ടൈപ്പാണ് ഞാനുൾപ്പെടുന്ന മലയാളികളിൽ ഭൂരിഭാഗവും. അപ്പോഴാണ്‌ ഒരു സ്വർണ്ണക്കടമുതലാളി പത്മശ്രീക്ക് വേണ്ടി ഓടുമ്പോൾ കൂടെ ഓടുന്നതും, നോട്ട് മാലയിടുന്നതും ”

” പത്മശ്രീയോ ? പത്മശ്രീയുടെ കാര്യം തന്നോടാര് പറഞ്ഞു ? ”

” ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലുമറിയാവുന്ന മറ്റൊരു കാര്യം ഇതാണ്. പത്മശ്രീ പോലെയുള്ള ചില അവാർഡുകളിൽ സാറിനു നോട്ടം ഉണ്ടെന്നു ഉള്ളത് ”

” അല്ല, എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടെന്നു തന്നെ വയ്ക്കുക. അതിലെന്താ ഒരു തെറ്റ് ? തമിഴ് നടൻ ‘ അവിവേകിനു ‘ പത്മശ്രീ കൊടുത്ത നാടല്ലെ ഇത് ? ”

” മലയാളസിനിമയിലെ മഹാപ്രതിഭകൾക്ക് പലർക്കും ഇത് വരെ പത്മാ അവാർഡ്‌ കിട്ടിയിട്ടില്ല എന്നത് സാറോർക്കണം ”

” ‘ക്ലീൻ പിക്ച്ചറിൽ’ അഭിനയിച്ച ഒറ്റ കാരണം കൊണ്ട് ‘ ദിവ്യ മുതുക്കന് ‘കിട്ടിയില്ലേ പത്മാ അവാർഡ്‌ ? ”

” അത് ശരി ആണല്ലോ. അങ്ങിനെ വരുമ്പോൾ സാറിനു ഒന്നല്ല കുറഞ്ഞത്‌ രണ്ടു പത്മാ അവാർഡെങ്കിലും കിട്ടണം ”

” നമ്മളെത്ര പരസ്യം പിടിച്ചാലും, കൊടുത്താലും, ഗവർമെന്റു തരുന്ന ഒരവാർഡ് ! അത് തരുന്ന പബ്ലിസിറ്റി ഒന്ന് വേറെ തന്നെയാ ”

” എന്റെ പൊന്നു സാറേ, സാറിന്റെ പരസ്യങ്ങളെ കുറിച്ച് മാത്രം പറയരുത്. കാര്യം, സാറ് വലിയ മൊതലാളി ഒക്കെ ആയിരിക്കും. പക്ഷെ പരസ്യങ്ങളുടെ കാര്യത്തിൽ സാറിപ്പോഴും വളരെ ലോ ലെവലിൽ ആണ് നില്ക്കുന്നത് ”

” മനസിലായില്ല ? ”

” പച്ച മലയാളത്തിൽ പറഞ്ഞാൽ, സാറിന്റെ പരസ്യങ്ങൾ ഒക്കെ വളരെ തറയാണെന്ന് ”

” ഡോ…”

” സാറ് ചൂടായിട്ടു കാര്യമില്ല. എത്ര ബുദ്ധിമുട്ടിയാണ് ആ തലപന്ത് കളിക്കാരനെ ഇവിടെ കൊണ്ട് വന്നത്. വെറുതെ വിളിക്കുമ്പോ ഓടി വരാൻ അങ്ങേരു സാറിന്റെ അമ്മായീടെ മോനൊന്നും അല്ലലോ ? കാശ് മുടക്കി ആളെ കൊണ്ട് വന്ന്, കുഞ്ഞിലെ കൂടെ പഠിച്ച കൂട്ടുകാരനാണ് എന്ന രീതിയിൽ നാട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിച്ചു. അത് വരെ എല്ലാം കറക്റ്റ് ആയിരുന്നു. പക്ഷെ, എന്നാ പിണ്ണാക്കിനാ സാറ് അങ്ങേരുടെ കൂടെ തലപന്ത് കളിക്കുന്ന പരസ്യം ചെയ്തത് ? ”

” ആ പരസ്യത്തിനു എന്താ കുഴപ്പം ? മറ്റേതേലും സ്വർണ്ണകട മുതലാളിക്ക്, ഞാൻ ആ പരസ്യത്തിൽ ചെയ്ത പോലെ ചെയ്യാൻ പറ്റുമോ ? എന്റെ സിസ്സർ കട്ട്‌ പോട്ടെ, കുറഞ്ഞത്‌ ഒരു ഡൈവെങ്കിലും ? ”

” സിസ്സർ കട്ടിന്റെ കഥയൊന്നും ആരോടും പറയാൻ നിക്കണ്ട. അത് മോർഫിംഗ് ആണോ, അതോ കയറു കെട്ടി തൂങ്ങി ആടിയതാണോ എന്നതിലെ ജനങ്ങൾക്ക്‌ സംശയം ഉള്ളു ”

” അങ്ങിനെ വരാൻ വഴിയില്ലലോ. ലേറ്റസ്റ്റ് vfx ടെക്ക്നോളജി ഉപയോഗിച്ചാണ് അത് ചെയ്തത് ”

” സാറിന്റെ പരസ്യ വിഭാഗത്തിന്റെ ഡിവിഷൻ ആരാ കൈകാര്യം ചെയ്യുന്നത് ? അവിടെയാണ് പ്രശ്നം ”

” എല്ലാം നല്ല കിടിലൻ പിള്ളേരാ. നല്ല, നല്ല ഇൻസ്റ്റിറ്റുട്ടുകളിൽ നിന്നും പൊക്കിയതാ ”

” അപ്പൊ പിന്നെ ഏതേലും അലവലാതി അവരുടെ ക്രിയേറ്റിവിറ്റിയിൽ കൈ കടത്തുന്നുണ്ടാവണം ”

” അങ്ങിനെ വരാൻ വഴിയില്ലലോ ? ഞാൻ ചില ബുദ്ധിപരമായ നിർദേശങ്ങൾ കൊടുക്കുന്നതൊഴിച്ചാൽ, വേറെയാരും അവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല ”

” ഞാൻ പറഞ്ഞില്ലേ, അത് തന്നെ കാര്യം ! ”

” എന്ത് ? ഞാൻ അലവലാതി ആണെന്നോ ? ”

” ഏയ്‌. ഞാൻ അങ്ങിനെ പറയുവോ ? പരസ്യഡിപ്പാർട്ട്മെന്റിനെ സാറ് കുറച്ചു കൂടി ഫ്രീ ആക്കി വിടണം എന്നാണു ഞാൻ ഉദ്ദേശിച്ചത് ”

” വലിയ ഉപദേശമൊന്നും വേണ്ട. ഇന്റർവ്യൂ ചെയ്യാൻ വന്നവൻ അത് മാത്രം ചെയ്താ മതി. പിന്നൊരു കാര്യം, ഇന്റർവ്യൂ , ബ്ലോഗിന്റെ ഫ്രെണ്ട് പേജിൽ തന്നെ വരില്ലേ ? ”

” ബ്ലോഗിന്റെ ഫ്രെണ്ട് പേജെന്നു പറഞ്ഞാൽ…”

” എന്താ ? പറ്റില്ലേ പറയ്‌. നമ്മുടെ കയ്യിൽ വേറെ ആളുണ്ട് ! ”

” അതിനെന്താ ? വരുത്താം സാർ. ഫ്രെണ്ട് പേജിൽ തന്നെ വരുത്താം. പക്ഷെ, ഒരൽപം ചിലവാകും…”

” സിലവാ ! എന്ന തമ്പി, അപ്പടി പേസറെ ? ഇവളവും പണ്ണിയില്ലയാ, ഇത് പണ്ണമാട്ടേനാ ? ശീഘ്രമാ ഇന്റർവ്യൂ സ്റ്റാർട്ട് പണ്ണുങ്കോ…”

ഷാഗിയും കളർകോടനും തമ്മിൽ നടന്ന ഇന്റർവ്യുവിനെ കുറിച്ച്:
ഷാഗിയുടെ കുട്ടിക്കാലം വിവരിച്ചു കൊണ്ടാണ് ഇന്റർവ്യൂ ആരംഭിച്ചത്.  കൂട്ടുകാരുമൊത്തു കളിക്കുമ്പോൾ മരപൊത്തിൽ വീണ പന്ത് വെള്ളമൊഴിച്ച് പുറത്തെടുത്തതായിരുന്നു ആദ്യത്തെ കഥ. പിന്നീടങ്ങോട്ട്‌ കേട്ട കഥകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാൻ കഴിയുമെന്നു തോന്നുന്നു…ഇൻ ഷോർട്ട് , ചരിത്രം പലപ്പോഴും നിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത്…

Advertisements