പമ്മൻ ആൻഡ്‌ ദി കോക്കനട്ട് ട്രീ

” ഡാ മോനെ പമ്മാ, ഇറങ്ങി വാടാ… ”

” വരൂല്ല…വരൂല്ല ഞാൻ ! ”

” മോനെ ഡാ, നിന്റെ അമ്മായിയാടാ പറയുന്നേ, ഇറങ്ങി വാടാ… ”

” ഞാൻ വരൂല്ലാന്നു പറഞ്ഞില്ലേ…അഞ്ചു മണിക്കൂറെന്നു പറഞ്ഞു കേറ്റി വിട്ടിട്ടു, രണ്ടര മണിക്കൂറല്ലെ ആയുള്ളൂ… ”

” പക്ഷെ ഇടയ്ക്ക് വെച്ച് രാജുമോൻ നിന്റെ ഉടുതുണി ഉരിഞ്ഞോണ്ട് പോകൂന്നു ആരേലും കരുതിയോ ? ”

” എന്റെ ‘കള്ള് ചെത്തണ കത്തി’ പിടിക്കാൻ കൂടെ കൂട്ടിയ ചെക്കനാ, അവൻ എന്നോടീ ചതി ചെയ്യൂന്നു ഞാൻ കരുതീല്ല, അമ്മായീ… ”

” കഴിഞ്ഞ വർഷം മറ്റേ പെങ്കൊച്ചു നിന്റെ മേൽമുണ്ട്‌ ഊരിയെടുത്തു കൊണ്ടു പോയ പോലെയല്ലായിത്. ഉടുമുണ്ടാ പോയിരിക്കുന്നത്. നീയിങ്ങിറങ്ങി പോരെ ”

” മുണ്ടല്ല, കൗപീനം പോയാലും പമ്മനു പഴവാ. ഇത് കൊണ്ടൊന്നും പമ്മൻ ഇവിടുന്നു ഇറങ്ങുകേല ”

” പുത്തൻപള്ളിക്കാരുടെ മുത്തല്ലേടാ നീ, ഇറങ്ങി വാടാ മോനെ…ഇറങ്ങി വന്ന്, മുണ്ട് ഉടുത്തെച്ചു നീ വീണ്ടും കയറിക്കോ… ”

” അത് വേണ്ട. ഞാൻ ഇറങ്ങുമ്പോൾ ആ രതീശനെ കേറ്റി വിടാനല്ലേ. വേല കയ്യിലിരിക്കട്ടെ ! ”

” പൊന്നു മോനല്ലേടാ…ദാ, അയലോക്കത്തെ പെങ്കുട്ട്യോള്, ‘ശാരിം’, ‘സാലിം’ ഒക്കെ നിന്നെ കുറിച്ച് ഓരോന്ന് പറഞ്ഞു ചിരിക്കാ… ”

” അവളുമാര് വല്ലാണ്ട ചിരിക്കുവാണേൽ ‘അടൂരത്തെ ക്ലിപ്പ് ‘, ‘ആലപ്പുഴയിലെ ക്ലിപ്പ് ‘ എന്ന് പറഞ്ഞാ മതി. ചിരി നിർത്തിക്കോളും…”

” ക്ലിപ്പോ ? പെണ്ണുങ്ങൾ തലയിൽ ഇടുന്ന ക്ലിപ്പ് ആണോ ?”

” ഇത് ‘തലയിലിടുന്ന ക്ലിപ്പല്ല’ , ‘തലയിലാവുന്ന’ ക്ലിപ്പാണ് ! ഞാൻ പറഞ്ഞ പോലെ തന്നെ അമ്മായീ അവളുമാരോട് പറയ്‌ ”
” പറഞ്ഞോ ? ഇപ്പൊ അവളുമാര് ചിരിക്കുന്നുണ്ടോ ? ”

” ശരിയാണല്ലോ ! അവളുമാര് ചിരി നിർത്തി ! ”

” ഈ പമ്മനെ അവളുമ്മാർക്കു ശരിക്കറിയത്തില്ല ! ”

” ഡാ പമ്മാ, അവളുമാര് നിർത്തിയപ്പോ തൊടീടെ ഇടതു വശത്ത് താമസിക്കുന്ന ‘വിച്ചുമോനും’, ‘അച്ചൂട്ടീം’ കൂക്കി വിളി തുടങ്ങി. ”

” ‘നൂൽബന്ധം’ ഇല്ലാതെ നില്ക്കുന്ന വിച്ചുമോന്റെ കൂക്കിവിളി കേട്ടില്ലാന്നു വെച്ചാ മതി. കഴിഞ്ഞതിന്റെ മുൻപത്തെ ഓണത്തിനല്ലേ ശേക്കൂട്ടിയുടെ പിള്ളേർ, വിച്ചുമോന്റെ ഒറ്റമുണ്ട് അഴിച്ചെടുത്തോണ്ട് പോയി ട്രൌസർ അടിച്ചത്. ആ ട്രൌസർ ഇട്ടോണ്ടാ, പിള്ളേര് ഡൽഹീലെ തോട്ടം ലേലത്തിനു വരുന്നതെന്ന് കേട്ടു. പിന്നെ അച്ചൂട്ടീടെ കാര്യം ! സൂക്ഷിച്ചു നോക്കിയാൽ അറിയാം, അച്ചൂട്ടി വിച്ചുമോനെ തന്നെയാ കൂവുന്നത്. ”

” പക്ഷെ മോനെ, നീ ‘കൊതുമ്പു വെട്ടിയിറക്കും’, ‘കരിക്ക് ചെത്തിയിറക്കൂം’, എന്ന് വിചാരിച്ചു നമുക്ക് തോട്ടം പാട്ടത്തിനു തന്ന നാട്ടുകാർ ഇത് കണ്ടോണ്ടു നിക്കുവല്ലേ ? ”

” നാട്ടുകാര് തെണ്ടികളോട് പോയി പണി നോക്കാൻ പറ. അവന്മാർക്കു വേണ്ടി കരിക്കിടാനും, കൊതുമ്പു വെട്ടിയിറക്കാനുമല്ല, ‘നെഞ്ചൊരച്ചും’, ‘കയ്യേലെ തൊലി കളഞ്ഞും’ പമ്മൻ തെങ്ങേലോട്ടു പെടച്ചു കയറീത്‌. എന്റെ ആവശ്യത്തിനു ‘മാട്ടം ഊറ്റാനാ’. മാട്ടം ഊറ്റി മടുത്തു കഴിഞ്ഞ്, നേരം ഉണ്ടേൽ നാട്ടുകാര് പന്നന്മാർക്ക് വല്ലതും കൊടുക്കാം ”

” മോനെ ഡാ, അപ്പുറത്തെ ‘തോട്ടത്തിന്റെ ലേലം’ വിളി കഴിയുന്ന വരെയെങ്കിലും നിനക്കൊന്നു താഴെയിറങ്ങി നിന്നൂടെ ? തുണി ഇല്ലാതെ തെങ്ങിന്റെ അണ്ടയ്ക്കിരിക്കുന്ന നിന്നെ കണ്ടോണ്ട്, ഏതേലും ഒരുത്തൻ നമുക്ക് ലേലം ഒറപ്പിച്ചു തരുവോ ? ”

” നിങ്ങൾക്ക് പറഞ്ഞാ മനസിലാവില്ലേ ? കീഴോട്ടു ഇറങ്ങണ അത്ര എളുപ്പമല്ല, മേലോട്ട് കേറാൻ. നിങ്ങള് ധൈര്യമായിട്ടിരി, അപ്പുറത്തെ തോട്ടത്തിന്റെ ലേലം ഒറപ്പിക്കാൻ പോവുന്നത് ആന്റപ്പനാ ! പോരാത്തേന് നിങ്ങടെ സ്വന്തം പുള്ളേം കൂടെയില്ലേ ? അവന്മാര് ലേലം ഒറപ്പിച്ചോണ്ടേ വരത്തൊള്ളമ്മായീ… ”

” കുടുംബത്തിന്റെ മാനം കളഞ്ഞേ നീ അടങ്ങൂ അല്ലേ ? ഉളുപ്പില്ലാണ്ടേ, അവിടെ തന്നെ കെട്ടിപിടിച്ചിരുന്നോ. തോട്ടം പാട്ടത്തിനു തന്ന നാട്ടുകാര് കല്ലെടുത്ത്‌ വീക്കുമ്പോഴേ നീ പഠിക്കൂ ! ”

കളർകോടൻ ഉവാച :
ചുറ്റുമുള്ളവരുടെ ‘കൂക്കിവിളികളും’, ‘ശകാരങ്ങളുമെല്ലാം’, തനിക്കുള്ള ‘കയ്യടിയും’, ‘ആർപ്പുവിളിയും’ ആണെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട്, അടുത്ത രണ്ടര മണിക്കൂർ കൂടി പമ്മൻ തെങ്ങിന്റെ മുകളിലിരിക്കും. അങ്ങിനെ തെങ്ങിൽ കയറി അഞ്ചു മണിക്കൂർ തികയാൻ അഞ്ചു മിനിട്ടുള്ളപ്പോൾ, താൻ തെങ്ങിന്റെ മുകളിൽ കയറിയത് ‘എന്തിനാണെന്നും’, ‘കയറ്റിയതാരാണെന്നും’ പമ്മൻ ഓർക്കും. വീണ്ടും ഒരഞ്ചു മണിക്കൂർ കൂടി അവിടെ തന്നെ ഇരിക്കാനുള്ള ചില പൊടിക്കൈകൾ പമ്മനും കൂട്ടരും കാണിക്കുമെങ്കിലും അച്ചൂട്ടിയും, വിച്ചുമോനും അതിലും വലിയ മഹേന്ദ്രജാലം കാണിച്ചു പമ്മനെ പരാജയപെടുത്തും.

Advertisements