ശ്രീശൈലം യാത്ര (വെജിറ്റെറിയൻ വേർഷൻ)

2011 ഡിസംബറിൽ ഭക്തി മൂത്ത് ഭ്രാന്ദായ ഏതോ ഒരു സായാഹ്ന്നത്തിൽ ഒരു ഉൾവിളി ഉണ്ടാകുന്നു. ശ്രീശൈലം കാണണം. കയ്യിൽ കിട്ടിയത് ഒക്കെ വാരി ബാഗിൽ ഇട്ട്, ജാങ്കോയുടെ ബ്രിഗേഡിയർ അമ്മാവന്റെ ബൈക്കിൽ  ഞങ്ങൾ യാത്ര തിരിച്ചു. ബെഗംപെട്ടിൽ നിന്നും 35 കിലോമീറ്ററോളം സഞ്ചരിച്ച് എവിടെയൊക്കെയോ എത്തി. ഇരുട്ടിനു കനം വെച്ച് തുടങ്ങി. മാരക തണുപ്പും. അടുത്ത് കണ്ട ചായക്കടയിൽ കയറി ഓരോ ചായ കുടിച്ചു ശരീരം ചൂടാക്കുന്നതിനിടയിൽ, അവിടെ കൂടിയിരുന്ന ആളുകളോട് ശ്രീശൈലത്തോട്ടുള്ള വഴി ചോദിച്ചു. അവർ പറഞ്ഞതനുസരിച്ച്, അവിടെ നിന്നു 180 കിലോമീറ്ററോളം യാത്ര ഉണ്ട്. കാട് കടന്നു മല കയറി വേണം ശ്രീശൈലം എത്താൻ. ആ മരം കോച്ചുന്ന തണുപ്പിൽ യാത്ര തുടർന്നാൽ ക്ഷേത്രം എത്തുന്നതിനു മുൻപ് തന്നെ മോക്ഷപ്രാപ്തി അടയും എന്ന് മനസിലാക്കി, ശ്രീശൈലം യാത്ര പിന്നീടോരിക്കലേക്ക് മാറ്റി വച്ച് ഞങ്ങൾ മടങ്ങി…

ഒന്നര കൊല്ലത്തിനു ശേഷം, 10/08/13, ശനിയാഴ്ച. സാധാരണ ഗതിയിൽ അമ്പലവും, ഭജനയും ഒക്കെ ആയി കഴിഞ്ഞു പോകേണ്ട ഒരു പകൽ. രാവിലെ മേട്ടുഗുഡ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ പോയി വന്ന എനിക്കും, ജാങ്കോയ്ക്കും വീണ്ടും പഴയ ഉൾവിളി ഉണ്ടാകുന്നു. ശ്രീശൈലം കാണണം…

രാവിലെ 11 മണി ആയപ്പോഴേക്കും ഞങ്ങൾ JBSഇൽ നിന്നും വണ്ടി കയറി. തെലുങ്കിലെ മഹാനടൻ N.T.R ന്റെ 2 പുണ്യപുരാണ ചിത്രങ്ങൾ. സിനിമകളുടെ ഇടവേളകളിൽ ഭക്തി ഗാനങ്ങൾ. ബസ് യാത്ര വളരെ ഭക്തിസാന്ദ്രമായിരുന്നു. 5 മണി ആയപ്പോഴേക്കും ‘മന്നനൂർ’ എത്തി. അവിടെ നിന്നാണ് ‘നല്ലമല’ കാടുകൾ തുടങ്ങുന്നത്. ആന്ദ്ര കണ്ടത്തിൽ വെച്ച് ഏറ്റവും ചങ്കൂറ്റം ഉള്ള മുഖ്യമന്ത്രി ആയ YSR ഹെലികൊപ്ട്ടെർ അപകടത്തിൽ കൊല്ലപെട്ടത് ഈ കാടുകളിൽ എവിടെയോ വെച്ച് ആണ്. വർഷങ്ങൾക്കു ശേഷം തികച്ചും ശുദ്ധമായ വായു ഞാൻ ശ്വസിക്കുന്നതും, ഇവിടെ വെച്ചാണെന്ന് തോന്നുന്നു. മന്നന്നൂര് നിന്നും കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചു ഞങ്ങൾ ‘ദോമ്മല്പണ്ട’ എത്തി. അവിടെ നിന്ന് മല ഇറങ്ങി തുടങ്ങുമ്പോൾ ശ്രിശൈലം ഡാം കാണാറായി. ഡാമിന് അരികത്തുള്ള മലയോര പാതയിലൂടെ മുന്പോട്ടും പുറകോട്ടും 6,7 പ്രാവശ്യം സഞ്ചരിച്ച്, അത്ര തന്നെ കൊടുംവളവുകളും താണ്ടി ആണ് മല ഇറങ്ങിയത്. അങ്ങിനെ മലയിറങ്ങി, ഡാമിന് കുറുകെ ഉള്ള പാലത്തിലൂടെ സഞ്ചരിച്ച് ഞങ്ങൾ ഡാമിന്റെ മറുവശത്ത് എത്തി. അവിടെ നിന്ന് ഞങ്ങൾ വീണ്ടും അടുത്ത മല കയറി തുടങ്ങി. 10 മിനിറ്റ് മുൻപ് ഉണ്ടായതിൽ നിന്നും തികച്ചും വിപരീതമായ അനുഭവം. നേരത്തെ മലയരികിലുടെ ഇറക്കം ഇറങ്ങി ഡാമിന്റെ അരികിലെക്കാണു ഞങ്ങൾ സഞ്ചരിച്ചതെങ്കിൽ, ഇപ്പോൾ കയറ്റം കയറി ഡാമിൽ നിന്ന് അകലെയ്ക്കാണു ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരുന്നത്. അങ്ങിനെ മല കയറി ‘സുണ്ടിപെട്ട’ എന്ന ടൌണും കടന്നു 6.30 യുടെ കൂടി ഞങ്ങൾ ബ്രെമ്മരംഭ മല്ലികാർജുന സ്വാമി ക്ഷേത്രതിനടുതെത്തി.

ബസ് ക്ഷേത്രത്തിനു അടുത്തെത്തിയപ്പോൾ മാത്രമാണ്, അവിടുത്തെ തിരക്കിനെ കുറിച്ച് ബോധ്യം വന്നത്. ഇറങ്ങിയ ഉടൻ തന്നെ ഞങ്ങൾ മടക്കയാത്രയ്ക്ക് ഉള്ള ടിക്കറ്റ് അന്വേഷിച്ച് APSRTC കൌണ്ടർ എത്തി. അടുത്ത ദിവസത്തെ എക്സ്പ്രെസ്സ് വണ്ടിക്കുള്ള ടിക്കറ്റുകൾ എല്ലാം തീർന്നിരിക്കുന്നു. ഇനി ടിക്കറ്റ് കിട്ടാനുള്ളത് ഉള്ളത് അടുത്ത ദിവസം വൈകുന്നേരം 5.30 നു ഉള്ള ഓർഡിനറി വണ്ടിയ്ക്കാണ്. ആലോചിച്ചു നിന്നാൽ അത് കൂടി ഇല്ലാണ്ടാകും എന്നത് കൊണ്ട് ഓർഡിനറി വണ്ടിയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തു. ഇനി വേണ്ടത് താമസ സൗകര്യം ആണ്. അടുത്ത് കണ്ട ഓട്ടോക്കാരന്റെ അടുത്തെത്തി. ഞങ്ങൾ അടുത്ത് ചെന്നതും അദ്ദേഹം സീറ്റിനടിയിലേക്ക് എന്തോ ഒളിപ്പിക്കുനത് കണ്ടു. ശിവാജി ഗണേശനും, ചെഗ്ഗുവേര റോയിയും ഉണക്കി വലിച്ചിരുന്ന, തീർത്ഥാടനങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ‘ദിവ്യ ഇല’ ആയിരുന്നു അദ്ദേഹത്തിന്റെ കയ്യിൽ. “ഹൈസ്റ്റോണ്ഡ് കലാകാരൻ !!!” ഓട്ടോക്കാരൻ ചേട്ടനോട് നല്ല ഹോട്ടൽ ഏതാണുള്ളത് എന്ന് അന്വേഷിച്ചു. അയാളുടെ അറിവിൽ മുറി ഒഴിവുള്ള ഒരു ഹോട്ടലും ആ പരിസത്തെങ്ങും ഇല്ല. നേരിട്ടന്വേഷിക്കാം എന്ന് കരുതി കുറച്ചകലെ കണ്ട ഹൊട്ടെലിലൊട്ടു നടന്നു. അടുത്തെത്തിയപ്പോഴേക്കും തന്നെ മുറി ഒഴിവില്ല എന്ന ബോർഡ് കണ്ടു. അവിടെ നിന്ന് വീണ്ടും അടുത്ത ഹൊട്ടെലിലെക്കു. അവിടെ 4,5 സ്ഥലത്തു അന്വേഷിച്ചെങ്കിലും, എവിടെയും മുറി ഒഴിവുണ്ടായിരുന്നില്ല. ഹോട്ടൽ ജീവനക്കാരുടെ അഭിപ്രായത്തിൽ 5 കിലോമീറ്റർ അകലെ ഉള്ള സുണ്ടിപെട്ടയിൽ എത്തിയാൽ മുറി കിട്ടാൻ സാധ്യത ഉണ്ട് . അവിടെ നിന്ന് കറങ്ങിയിട്ട് പ്രയോജനം ഇല്ല എന്ന് മനസിലായത് കൊണ്ട് ഞങ്ങൾ സുണ്ടിപെട്ടയ്ക്ക് പോകാൻ തീരുമാനിച്ചു. സുണ്ടിപെട്ടയ്ക്ക് ഉടനെ ബസ് ഇല്ല എന്നറിയാൻ കഴിഞ്ഞു. ഉള്ളത് പ്രൈവറ്റ് ജീപ്പുകൾ ആണ്. അങ്ങനെ അതു വഴി പോകുന്ന ഒരു ജീപ്പിനു കയ്യ് കാണിച്ച്, അതിൽ കയറിപറ്റി. ചെറു ക്ലാസ്സുകളിൽ കുട്ടികളെ ബെഞ്ചിൽ അടുക്കി ഇരുത്തിയ മാതിരി ആണ് മുൻ സീറ്റിൽ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നത്. മുൻപിൽ ഇരുന്നതിൽ ആരാണ് വണ്ടി ഓടിച്ചത് എന്നത് എനിക്കിപ്പോഴും സംശയം ആണ്. സ്റ്റീരിങ്ങ് പിടിച്ചു കൊണ്ട് വണ്ടിക്കു വെളിയിലേക്ക് ഒരാൾ തൂങ്ങി കിടപ്പുണ്ടായിരുന്നു. വണ്ടിയുടെ സാരഥി ചിലപ്പോൾ അയാൾ ആയിരുന്നിരിക്കാം…

വളരെ സാഹസികമായി 5 കിലോമീറ്റർ പിന്നിട്ടു ഞങ്ങൾ സുണ്ടിപെട്ടയിൽ എത്തി. ബസ്സ്റ്റാൻഡിൽ കണ്ട ഒരു മാന്യദേഹം പറഞ്ഞതുനുസരിച്ചു ഞങ്ങൾ ഹോട്ടൽ അന്വേഷിച്ച്  വടക്കോട്ട് നടന്നു തുടങ്ങി. ഏകദേശം 2 കിലോമീറ്റർ നടന്നു നോക്കിയിട്ടും ലോഡ്ജോ ഹൊട്ടെലൊ ഒന്നും കാണാത്തത് കൊണ്ട് അവിടെ കണ്ട കടയിൽ കയറി അന്വേഷിച്ചു. അങ്ങനെ ഒരു ഹോട്ടെലിനെ കുറിച്ച് അവർ കേട്ടിട്ടേ ഇല്ല. വീണ്ടും തിരിച്ചു ബസ് സ്റ്റാണ്ടിലോട്ടു നടന്നു. ബസ്സ്റ്റാന്റ് എത്തിയപ്പോൾ ഒരു ഹൊട്ടെലിന്റെ പേര് കിട്ടി. അക്കമ്മ ദേവി ഹോട്ടൽ. ഇത്തവണ ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറേക്ക്‌ ആണു നടന്നത്. 1 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഹൊട്ടെലിന്റെ ബോർഡ് കണ്ടു. കയറി അന്വേഷിച്ചു. അവിടെയും മുറി ഒന്നും ഒഴിവില്ല. അവിടുത്തെ ജീവനക്കാർ പറഞ്ഞ വേറെ രണ്ടു ഹോട്ടെലിൽ കൂടി അന്വേഷിച്ചു. അവിടെയും മുറി ഒഴിവുണ്ടായിരുന്നില്ല. അതു വരെ എങ്ങേനെയും ഒരു മുറി ഒപ്പിക്കാം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അതു നഷ്ടപെട്ടിരിക്കുന്നു. വീണ്ടും ബസ് സ്റ്റാൻഡിലോട്ട് നടന്നു. അവിടെ കണ്ട ഒരു പോലീസുകാരനോട്, ഒരു രാത്രി തങ്ങാനൊരിടം കിട്ടാൻ ഉള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചു. സുണ്ടിപെട്ട കഴിഞ്ഞാൽ ഇനി ആൾപ്പാർപ്പുള്ള സ്ഥലം ദോമ്മല്പണ്ട ആണ്. അതാണെങ്കിൽ 5 കിലോമീറ്റർ അകലെയും. അവിടെ ചെന്നാലും മുറി കിട്ടുമെന്നതിനു യാതൊരു ഉറപ്പും ഇല്ല. അതു വരെ ഹോളിഡെ മൂഡിലായിരുന്ന ഞങ്ങൾ, എത്തിപെട്ടിരിക്കുന്ന അവസ്ഥയെ വെറുത്തു തുടങ്ങി. അങ്ങിനെ നിൽക്കുമ്പോൾ ഒരു ഹൈദരാബാദ് വണ്ടി ബസ് സ്റ്റാൻഡിൽ കൊണ്ട് നിർത്തി. തിരിച്ച് പോയാലോ? പക്ഷെ ഇവിടെ വരെ വന്നിട്ട് അമ്പലത്തിൽ കയറി തൊഴാതെ പോകുന്നതെങ്ങനെ ? പക്ഷെ അതിനു നേരം വെളുപ്പിക്കാൻ ഒരിടം വേണ്ടേ?

അങ്ങിനെ ഒരു തീരുമാനവും എടുക്കാൻ സാധിക്കാതെ ഞങ്ങൾ നിൽക്കുമ്പോൾ ആണ് ഒരു കാഷായ വേഷധാരി ബസ്സ്റ്റാന്ഡിലെ കടത്തിണ്ണയിൽ തുണി വിരിക്കുന്നത്‌ കണ്ടത്. ആ കാഴ്ച കണ്ട ഞങ്ങളുടെ മനസിലേയ്ക്ക് ‘രാജൻ കാക്കനാടനും’, അദ്ധേഹത്തിന്റെ ‘അമർനാഥ്‌ ഗുഹയിലേയ്ക്ക് ‘, ‘ഹിമവാന്റെ മുകൾത്തട്ടിൽ’ തുടങ്ങിയ കൃതികളും ഒക്കെ പോസിറ്റീവ് എനർജി നിറച്ചു കൊണ്ട് കടന്നു വന്നു. ഞങ്ങൾക്ക് തോന്നി തുടങ്ങി, നേരം വെളുപ്പിച്ചാൽ പോരെ ? അതു അമ്പലപ്പറമ്പിൽ ആയാലും കുഴപ്പമില്ല. പ്രധാന പ്രശ്നം പ്രാഥമികകൃത്യ നിർവ്വഹണം ആണ്. അതിനു അമ്പലത്തിനു അടുത്ത് സ്ഥലം കാണും. സ്വാമിമാരും, സന്ന്യാസിമാരും ഒക്കെ മുറി ബുക്ക് ചെയ്തു അല്ലല്ലോ അന്തിയുറങ്ങാറ്. നേരെ ശ്രീശൈലത്തോട്ടു തന്നെ പോകാം. പോസിറ്റീവ് ആയി ചിന്തിച്ചു തുടങ്ങിയതെ ഉള്ളു, ദാണ്ടേ ഞങ്ങളെ കാത്തു ശ്രീശൈലത്തെയ്ക്ക് ഉള്ള വണ്ടി നില്ക്കുന്നു. രണ്ടാമതെ ഒന്നാലോചിച്ചില്ല. നേരെ വണ്ടി കയറി ശ്രീശൈലത്തെയ്ക്ക്…

ശ്രിശൈലം എത്തി. വണ്ടി ഇറങ്ങി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഒരുപാട് സത്രങ്ങളുടെയും മടങ്ങളുടെയും ബോർഡുകൾ കാണുന്നു. ഞങ്ങൾ നേരെ അടുത്ത സത്രത്തിലേക്ക് നടന്നു. അധികം ചെന്നില്ല, ഒരു കൂറ്റൻ കെട്ടിടത്തിനു വെളിയിൽ പ്രായം ചെന്ന ഒരാൾ നില്ക്കുന്നത് കണ്ടു. ഒരു സന്യാസിയുടെത് പോലെയുള്ള താടിയും, തലേകെട്ടും. പക്ഷെ സന്ന്യാസി ആണെന്ന് തോന്നുന്നില്ല. മുണ്ട് മടക്കി കുത്തിയിരിക്കുന്നു. കയ്യിൽ കത്തിച്ചു പിടിച്ച ബീഡിയും. കാര്യം അവതരിപ്പിച്ചു. ആള് പറഞ്ഞു “അകത്തു സ്ഥലം ഉണ്ട്. തുണി വിരിച്ചു കിടക്കാം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ എതിർ വശത്തുള്ള കെട്ടിടത്തിൽ സൌകര്യം ഉണ്ട്”. ആനന്ദലബ്ധിക്കിനി എന്ത്  വേണം ?
” സമയം 11.30 ആയിരിക്കുന്നു. ഇപ്പോഴെങ്കിലും കിടന്നാലേ അടുത്ത ദിവസം നേരത്തിനു എഴുന്നേല്ക്കാൻ കഴിയു “. അകത്തു കയറി തുണി വിരിക്കാൻ സ്ഥലം നോക്കിയപ്പോൾ നമ്മുടെ സ്വാമിയാർ അടുത്തേയ്ക്ക് വന്നു പറഞ്ഞു, ” മുകളിൽ വരാന്ദയിൽ സ്ഥലം ഉണ്ട്. അവിടെ കിടക്കാം. കുളിയും മറ്റു കാര്യങ്ങളും നടത്താൻ രാവിലെ 3 മണിക്ക് എണീക്കണം. 4 മണി ആകുമ്പോൾ തിരക്ക് തുടങ്ങും.” അദ്ദേഹം കൂടെ വന്നു സ്ഥലം കാണിച്ചു തന്നു, ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു, ഞാൻ രാവിലെ 3 മണിക്ക് വിളിക്കാം”.

ഞങ്ങൾ രണ്ടു പേരും ബാഗ് തലക്ക് വെച്ച് കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങിപോയന്നു തോന്നുന്നു. സ്വാമിയാരുടെ വിളി കേട്ടാണ് ഞാൻ എണീക്കുന്നത്. വാച്ച് നോക്കി സമയം കൃത്യം 3. ഞാൻ ജാങ്കൊയെ വിളിച്ച് എണീപ്പിച്ചു, ഒരുമിച്ചു താഴോട്ടിറങ്ങി. സ്വാമിയാർ കൂടെ വന്നു ടോയിലെറ്റ് കാണിച്ചു തന്നു. ആള് കൂടി തുടങ്ങിയിട്ടില്ല. ജാങ്കോ ആദ്യം കണ്ട റ്റൊയിലെട്ടിലൊട്ടു കയറി, 5 മിനുട്ടിൽ കാര്യം സാധിച്ചു മടങ്ങി വന്നു. ഇനി എന്റെ ഊഴം. ഞാൻ റ്റൊയിലെട്ടിൽ പോയി വന്നതും വെള്ളം തീർന്നു. ഇതിനിടയിൽ ജാങ്കോ കുളിയും പല്ല് തേപ്പും കഴിച്ചിരുന്നു. എന്റെ കുളിയും പല്ല് തേപ്പും ബാക്കി. അതിനു വേറെ എവിടേലും സ്ഥലം കണ്ടെത്താം എന്ന് കരുതി അവിടെ നിന്ന് ഇറങ്ങി. ഈ സമയം ജാങ്കോ സത്രത്തിൽ എത്തി സ്വാമിയാർക്ക് നന്ദി പറഞ്ഞു ഒരു തുക കൊടുത്തു മടങ്ങി വന്നു . അത്രയും സഹായം ഞങ്ങൾക്കു ചെയ്തു തന്ന അദ്ദേഹം, ഞങ്ങളോട് ഒന്നും ആവശ്യപെട്ടിരുന്നില്ല.”പ്രതീക്ഷയ്ക്ക് വക ഉണ്ട്, പ്രതിഫലേച്ച ഇല്ലാതെ കർമ്മം ചെയ്യുന്ന മനുഷ്യർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ല… ”

കുളിയും പല്ല് തേപ്പും എങ്ങനെ കഴിക്കും എന്നാലോചിച്ചു ക്ഷേത്രത്തിലേക്ക് നടക്കമ്പോൾ വഴിയരികിൽ ഒരാൾ ഒരു പൈപ്പിൻ ചോട്ടിൽ നിന്ന് വിദഗ്ദമായി കുളിക്കുന്നത് കണ്ടു. തീരെ പൊക്കം കുറഞ്ഞു, മതിലിനോട് ചേർന്ന് നില്ക്കുന്ന ഒരു പൈപ്പ്. പക്ഷെ അയാൾ അതിനടിയിൽ നിന്ന് വിസ്തരിച്ചു കുളിക്കുന്നു. ഞങ്ങൾ നേരെ പൈപ്പിൻ ചോട്ടിലേക്ക് നടന്നു. അവിടെ കുളിച്ചു കൊണ്ടിരുന്ന ആൾ മാറിയതും ഞാൻ ആ പൈപ്പിന്റെ കീഴോട്ടിരുന്നു കുളി തുടങ്ങി. സാധാരണ ഗതിയിൽ വഴിയരികിൽ നിന്ന് പെടുക്കാൻ മടിയുള്ള ആളാണ് ഞാൻ. ആ എനിക്ക് അവിടെ നടുറോഡിൽ നിന്ന് കുളിക്കാൻ യാതൊരു മടിയും തോന്നിയില്ല എന്ന് മാത്രമല്ല സാധാരണ 5 മിനിറ്റിൽ കുളിച്ചു തീരുന്ന ഞാൻ 20 മിനിട്ടോളം അവിടെ നിന്ന് ആസ്വദിച്ചു കുളിച്ചു…

പല്ല് തേച്ചു കുളിച്ചു തോർത്തി. അവിടെ നിന്ന് നേരെ ക്ഷേത്രത്തിലേക്ക്.
ക്ലോക്ക് റൂമിൽ ബാഗും ചെരുപ്പും ഏല്പ്പിച്ചു. ദർശനത്തിനായി ക്ഷേത്ര കവാടത്തിലെത്തി. 4 മണിക്ക് തന്നെ ക്യു തുടങ്ങിയിരിക്കുന്നു. പക്ഷെ ഒരു സംശയം. രണ്ടു ക്യു കാണുന്നു. ഒന്നിൽ അധികം ആളില്ല. അപ്പോഴാണറിയുന്നത് ദർശനം തന്നെ 3 വിധം ഉണ്ട്.

1. സൗജന്യ ദർശനം. നീണ്ട ക്യുവാണ്. സമയം ഒരുപാടെടുക്കും. ദൂരെ നിന്നെ വിഗ്രഹം കാണാൻ സാധിക്കൂ.
2. അതിശീഘ്രദർശനം. 100 രൂപ ആണ് ചാർജ്. ക്യു ഒരു പരിധി വരെ ബൈപാസ് ചെയ്യാം. അവിടെയും ദൂരെ നിന്നെ വിഗ്രഹം കാണാൻ സാധിക്കൂ.
3. സർവദർശനം. 500 രൂപ ആണ് ചാർജ് . ക്യു ഇല്ല. നേരിട്ട് ഭഗവൽ സന്നിധിയിലേക്ക്. 100 രൂപ കൂടുതൽ കൊടുത്താൽ വിഗ്രഹത്തിൽ കെട്ടിപ്പിടിച്ചു കിടക്കാം, മുത്തം കൊടുക്കാം, അഭിഷേകം ചെയ്യാം.

വലിയ ധ്രിതി ഇല്ലാത്തതു കൊണ്ട്, ഞങ്ങൾ സൗജന്യ ദർശനം നടത്താൻ തീരുമാനിച്ചു. നേരെ ക്യുവിൽ കയറി നില്പ്പ് തുടങ്ങി. പക്ഷെ അധികം സമയം കഴിയുന്നതിനു മുൻപ് തന്നെ ആളുകൾ മറ്റേ സ്വഭാവം കാണിച്ചു തുടങ്ങി. നല്ല ഉന്ദും തളളും. ഞങ്ങൾ വിചാരിച്ചത് നട തുറന്നു, ക്യു നീങ്ങി തുടങ്ങി എന്നാണ്. പക്ഷെ അടുത്ത് നിന്ന ആൾ പറഞ്ഞു, “നട തുറക്കാൻ ഇനിയും 1 മണിക്കൂർ സമയം ഉണ്ട്. ഇപ്പോഴുള്ള ഉന്ദും തളളും വെറും സാമ്പിൾ ആണ്.” അവിടെ നിന്ന് ഇടി കൊണ്ട് ചമ്മന്തി ആകുന്നതിലും ഭേദം അതിശീഘ്രദർശനം തന്നെ എന്ന് വിചാരിച്ചു ഞങ്ങൾ സൗജന്യ ദർശനത്തിന്റെ ക്യുവിൽ നിന്നിറങ്ങി.

അതിശീഘ്രദർശത്തിനും ക്യു ഉണ്ട്. എന്നാലും കുറച്ചു മാന്യമായ ക്യു ആയിട്ടാണ് തോന്നിയത്. നേരെ ടിക്കറ്റ് എടുത്തു പുതിയ ക്യുവിൽ കയറി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നട തുറന്നു. ആളുകൾ നീങ്ങി തുടങ്ങി. വലിയ താമസം ഇല്ലാതെ ഉള്ളിൽ എത്തി. മല്ലികാർജുന സ്വാമിയുടെ വിഗ്രഹം കണ്ടു തൊഴുതിറങ്ങി. വെളിയിൽ ഒരുപാട് ഉപദേവതകളുടെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ മിക്കവാറും എല്ലാത്തിലും തന്നെ കയറാൻ ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. ഒരു കേരളീയൻ ആയതിൽ, എനിക്ക് ഉള്ളിൽ അഭിമാനനം തോന്നുന്നുണ്ടായിരുന്നു. ഞാൻ ജനിച്ച നാട്ടിൽ ഒരു അമ്പലത്തിലും ടിക്കറ്റ് വെച്ച് ദർശനം ഉള്ളതായി എനിക്കറിവില്ല.

ദർശനം കഴിഞ്ഞു ഞങൾ ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങി. ക്ലോക്ക് റൂമിൽ നിന്നും ബാഗും ചെരുപ്പും തിരികെ വാങ്ങി. അടുത്ത് കണ്ട കാന്റീനിൽ കയറി വയറു നിറയെ ഇഡ്ഡല്ലിയും വടയും കഴിച്ചു. സമയം 7.30. വൈകുന്നേരം 5.30 വരെ സമയം ഉണ്ട്. അത്രയും നേരം തള്ളി നീക്കണം. എന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോൾ ആണ്, ഒരു ഹൈദരാബാദ് ബസ് ഞങ്ങളുടെ മുന്പിലൂടെ കാലിയടിച്ച് പോയത്. ഏതായാലും ബസ് സ്റ്റാൻഡിൽ അന്വേഷിക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ 8 മണിക്കുള്ള വണ്ടിയിൽ ടിക്കറ്റ് കിട്ടാനുണ്ട്. രണ്ടാമതെ ഒന്നാലോചിക്കാതെ ടിക്കറ്റ് എടുത്തു. വണ്ടിയിൽ കയറി. നേരെ ഹൈദരബാദിന്. വണ്ടി കാട്ടിലൂടെ കടന്നു പോകുമ്പോൾ നേരത്തെ കാണാതെ പോയ ഒരുപാട് ബോർഡുകൾ കണ്ടു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ‘ടൈഗർ റിസർവ്’ ഫൊറെസ്റ്റുകളിലോന്നിലൂടെ ആണ് ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് എന്ന് അപ്പോൾ മനസിലായി. ഉറക്കം വന്നു തുടങ്ങി. ഒന്ന് മയങ്ങി എനീട്ടപോഴെക്കും സെക്കാന്ധരബാദ്‌ എത്തിയിരുന്നു. അങ്ങ് അകലെ ആയി മധുശാലയുടെ കെട്ടിടം തല ഉയർത്തി നില്ക്കുന്നു. ഇന്നത്തെ ബാക്കി കളികൾ അവിടെ ആകാം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട്, ഉറക്കത്തിനിടയിൽ എപ്പോഴോ കാലിൽ നിന്ന് ഊരിമാറിയ ചെരുപ്പ് ഞാൻ അന്വേഷിചിച്ചു തുടങ്ങി…

കുറിപ്പ്  1
ശ്രീശൈലത്തെ, ക്ഷേത്രമതിൽക്കെട്ടിനകത്ത് മല്ലികാർജുന സ്വാമിയുടെതല്ലാതെ വേറെയും ശിവലിംഗ്ഗങ്ങൾ ഉണ്ടായിരുന്നു. ‘പറക്കും ലിന്ഗ്ഗമെന്നും’, ‘യജമാന ലിന്ഗ്ഗമെന്നും’ പേരോട് കൂടിയവ. പക്ഷെ അവിടെ ഒന്നും ആളുകൾ തൊഴാൻ താത്പര്യം കാണിച്ചു കണ്ടില്ല. പക്ഷെ, ഒന്നുറപ്പാണ് , ഏതെങ്കിലും ഒരു ‘സ്വാമി’, കാവിയുടുത്ത്‌ അവിടെ നിന്ന് പൂവും ചന്ദനവും കൊടുക്കാൻ തുടങ്ങിയിരുന്നെങ്കിൽ ഞാൻ ഉൾപ്പടെയുള്ള ആളുകൾ  അവിടെയും കയറി ക്യു നിന്നേനെ…

കുറിപ്പ്  2
ഈ പോസ്റ്റ്‌  ഞാനും ജാങ്കോയും നടത്തിയ യാത്രയുടെ ‘
വെജിറ്റെറിയൻ വേർഷൻ’ മാത്രമാണ്. സത്യത്തോട് അടുത്തുള്ള ‘ആൽക്കഹോളിക് വേർഷൻ’ വായിക്കാൻ താല്പര്യം ഉള്ളവർ താഴെ ഉള്ള ലിങ്ക്  പരിശോദിക്കുക.
https://www.facebook.com/ajay.anand.1485/posts/10201599358284024

Advertisements