ഫേസ്ബുക്ക് ലൈക്ക് മാഹാത്മ്യം

ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടു ബോറടിച്ച കാലത്തൊരിക്കൽ എനിക്ക് തോന്നി ഈ പോസ്റെല്ലാം കൊണ്ട് വിറ്റാൽ എന്താണെന്ന്. വളരെ സമയം ചെലവാക്കി എഴുതിയ, എന്റെ പോസ്റ്റുകൾ ഞാൻ എണ്ണി നോക്കി. എണ്ണത്തിൽ വളരെ കുറവ്. നന്നെന്നു പറയാൻ ഒന്നില്ല താനും. അപ്പോൾ എനിക്ക് തോന്നി പോസ്റ്റുകൾക്ക്‌ കിട്ടിയ ലൈക്കുകൾ വില്ക്കാം. പോസ്റ്റുകൾക്കും ഫൊട്ടൊസിനും കിട്ടിയ ലൈക്ക് എല്ലാം കൂടി ഞാൻ ഒരു ചാക്കിൽ കെട്ടി പൊതിഞ്ഞു, വിറ്റു കാശാക്കനായി നാടായ നാടൊക്കെ അലഞ്ഞു. ലൈക്ക് വിൽക്കാൻ ചെന്നു കയറിയ ഇടത്ത് നിന്നൊക്കെ എന്നെ ആളുകള് ആട്ടി ഓടിച്ചു. അങ്ങിനെ ആയപ്പോൾ ഞാൻ തീരുമാനിച്ചു , ഇതെല്ലാം കിട്ടിയ ഇടത്ത് തന്നെ കൊണ്ട് കൊടുക്കാം എന്ന്. അങ്ങിനെ ഞാൻ കാലിഫോർണിയയിലെ ‘മെൻലൊ പാർക്കിൽ’ എത്തി. ‘മാർക്ക് സക്കർബർഗുമായി’ ഒരു കൂടികാഴ്ച സംഘടിപ്പിച്ചു. തുടർന്ന്…

” മിസ്റ്റർ സക്കർബർഗ് , ഹായ് , ഹലോ ”

” ഹലോ, ആരാ? എന്ത് വേണം ? ”

” ഞാൻ.. എന്നെ അറിയില്ലേ? ഞാൻ കളർകോടൻ ”

” കളർകോടനോ ? അതാരാ ? ”

” എന്നെ അറിയില്ലാന്നോ ? ഫേസ്ബുക്കിൽ പോസ്റ്റൊക്കെ ഇടാറുണ്ട്. എന്റെ വീട്ടിലൊക്കെ ഞാൻ വലിയ ഫെയ്മസ് ആണ് ”

” എന്തോ ഞാൻ കേട്ടിട്ടില്ല, വന്ന കാര്യം പറഞ്ഞിട്ട് പോണം ഹേ ”

” എന്റെ കയ്യിൽ കുറെ ലൈക്കുകൾ ഉണ്ട്. അതൊക്കെ വിറ്റു കാശാക്കാൻ നോക്കിയിട്ട് ആർക്കും വേണ്ട. ഇനി ഇവിടെ എടുക്കുവോ എന്നറിയാൻ വന്നതാ. ദാ കണ്ടില്ലേ, ഒരു ചാക്കോളം ഉണ്ട് ”

” താൻ എവിടുത്തുക്കാരൻ ആണടോ ?

” ഞാൻ പറഞ്ഞില്ലേ കളർകോടൻ ”

” ഏതു കോടൻ ആണേലും കൊള്ളാം. തനിക്ക് തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ? ഇതിലും വലിയ 10,15 ചാക്ക് കെട്ടുകളുമായി ഒരുപാട് കുട്ടികൾ ഇവിടെ വന്നിരുന്നു. അവരെല്ലാം വിചാരിച്ചിരുന്നത് ഇതെന്തോ വില്പന ചരക്കാണെന്നു ആണ്. ഭാവിയിൽ പ്രയോജനം ചെയ്യുമെന്നു കരുതി ആണ് അവർ ഇതിനായി FB യിൽ മണിക്കൂറുകൾ ചിലവഴിച്ചതത്രേ. അതിൽ തന്നെ ‘പെണ്‍ക്കുട്ടികൾ’ കൊടുത്ത ലൈക്കുകൾ തലയിലും, താഴത്തും വയ്ക്കാതെ ആണവർ കൊണ്ടു വന്നത്. പുവർ ഗയ്സ് ! എല്ലാത്തിനേം അടിച്ചോടിച്ചു ഞാൻ !”

” അപ്പൊ സാർ പറഞ്ഞു വരുന്നത്, ഈ ലൈക്കുകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ലാന്നാണോ? ഞാനും ആ കുട്ടികളും കഷ്ടപ്പെട്ട് നേടിയ ലൈക്കുകൾ ഒക്കെ ? ”

” കഷ്ട്ടപെട്ടോ? ആര് ? നീയൊക്കെ എന്ത് കഷ്ടപ്പെട്ടു ? ജീവിതത്തിൽ ഇതു വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ ഒക്കെ പിടിച്ചു ഫ്രെണ്ട്സ് ആക്കും. അവർ ഇടുന്ന നല്ലതിനും ചീത്തയ്ക്കും ഒക്കെ ‘ലൈക്കും’, ‘കമെന്റ്റ്റും’ അടിക്കും. ഒരു മ്യുച്ചൽ അണ്ടർസ്റ്റാന്ദിങ്ങിൽ അവർ തിരിച്ചും ‘ലൈക്കും’, ‘കമെന്റ്റ്റും’ തരും. അതല്ലാതെ വേറെ വല്ലതും കയ്യിൽ ഉണ്ടോ ? ”

“അപ്പൊ പഠിപ്പും പരീക്ഷയും ഒക്കെ മാറ്റി വെച്ച് ആ കുട്ടികൾ, ചെലവഴിച്ച സമയം ? കിട്ടിയ ലൈക്കുകൾ ? എല്ലാം വെറുതെ ആണെന്നാണോ സാർ പറയുന്നത്?”

” അങ്ങിനെ ഞാൻ പറഞ്ഞില്ലാലോ. ഓരോ ലൈക്കും കിട്ടിയപ്പോ കുളിരു കോരിയിട്ട കണക്കു തോന്നിയില്ലേ? അതാണ്‌ അതിന്റെ ഒരു’ഇത്’ ”

” എന്നാലും ഇത് വലിയ ചെയ്ത്ത് ആയി പോയി. ഇല്ലാത്ത സമയം ഉണ്ടാക്കി ആണ് ഞങ്ങളുടെ പിള്ളേര് ഇതിനു സമയം കണ്ടെത്തിയത്. ”

” ചെയ്ത്തോ? ചെയ്യാൻ പോണതെ ഉള്ളു. ലൈക്കിനും, കമെന്റിനും വേണ്ടി എന്ത് തലവഴിയും കാണിക്കുന്ന ഒരുപാട് പിള്ളേര് അവിടെ ഉണ്ട്. ലൈക്ക് ഒന്നിന്, ഞാൻ ഓരോ ഡോളർ വച്ച് ഈടാക്കാൻ പോകുവാ. അപ്പോഴോ ? ”

ആത്മഗതം
പൊറോട്ടയും ബീഫും ആരോഗ്യത്തിനു നല്ലതല്ല എന്ന് മറ്റുള്ളവരെ ഉപദേശിക്കുകയും, തരം കിട്ടിയാൽ ദിവസത്തിൽ മൂന്ന് നേരം അകത്താക്കുകയും ചെയ്യുന്നവർ ആണു മലയാളികൾ. അതേ മലയാളി മനസുള്ള ഒരു പാവം ബൈപോളാർ ഉന്മാദിയാണു കളർകോടനും…

Advertisements